
ആലത്തൂർ/പെരുമ്പാവൂർ: വിനോദസഞ്ചാര കേന്ദ്രമായ കൊല്ലങ്കോട് നിന്ന് മടങ്ങിവരുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പെരുമ്പാവൂർ സ്വദേശി മരിച്ചു. പെരുമ്പാവൂർ കാനാംപുറം വീട്ടിൽ ആഷിഖ് (18) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പെരുമ്പാവൂർ മുടിക്കൽ മറ്റത്തിൽ വീട്ടിൽ ഫാസിൽ (17) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ ആറരയോടെ ദേശീയപാതയിലെ കിണ്ടിമുക്ക് മേൽപ്പാലത്തിലായിരുന്നു അപകടം.
ലൂസേഴ്സ് ഫൈനൽ മത്സരം കണ്ടശേഷം കൊല്ലങ്കോട് കാണാനായി ഇരുവരും സ്കൂട്ടറിൽ യാത്ര തിരിക്കുകയായിരുന്നു. മറ്റ് നാല് സുഹൃത്തുക്കളും ഇവക്കൊപ്പമുണ്ടായിരുന്നു. ഗൂഗിൾ മാപ്പ് പിന്തുടർന്ന് യാത്ര ചെയ്ത ഇരുവരും വഴിതെറ്റി വാളയാറിലെത്തി. പിന്നീട് തിരികെ മടങ്ങുന്നതിനിടെ കിണ്ടിമുക്ക് മേൽപ്പാലത്തിൽ വെച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിന്നിലിരുന്ന ഫാസിൽ തെറിച്ച് വീണു. സ്കൂട്ടർ ഓടിച്ചിരുന്ന ആഷിഖിന്റെ മുകളിലൂടെ ബസ് കയറിയിറങ്ങിയതിനെ തുടർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഫാസിലിന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽനിന്ന് വിട്ടയച്ചു. ബസ് ഡ്രൈവർ തമിഴ്നാട് തഞ്ചാവൂർ പാപനാശം ഉമയാൾപുരം സ്വദേശി രാജ് കുമാറിനെ (36) കസ്റ്റഡിയിലെടുത്തതായി ആലത്തൂർ പൊലീസ് അറിയിച്ചു.
പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം തുടർവിദ്യാഭ്യാസത്തിന് അപേക്ഷ നൽകിയിരിക്കുകയായിരുന്നു ആഷിഖ്. ഫുട്ബോൾ മത്സരങ്ങളിൽ സജീവമായിരുന്ന ആഷിഖ് പളളിക്കവലയിലെ ഷൈൻ സ്റ്റാർ എന്ന ഫുട്ബോൾ ക്ലബ്ബിലെ കളിക്കാരനായിരുന്നു. ഫൈനൽ കാണാൻ തിരിച്ചെത്തുമെന്ന് പറഞ്ഞാണ് സംഘം യാത്ര തിരിച്ചതും. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു. തുടർന്ന് കബറടക്കം നടത്തി. മാതാവ്: ഷെറീന. സഹോദരങ്ങൾ: അബൂബക്കർ (അബൂട്ടി), ഹാഫിസ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam