പിണറായി സര്‍ക്കാരിന് കൂട്ടിമുട്ടിക്കാനായില്ല, ഇനി സതീശൻ സർക്കാരിൽ പ്രതീക്ഷ; ഒച്ചിഴയും പോലെ പെരുമണ്‍ - പേഴുംതുരുത്ത് പാലം നിര്‍മ്മാണം

Published : Jun 29, 2026, 10:38 AM IST
Perumon Pezhumthuruthu Bridge

Synopsis

പെരുമണ്‍ - പേഴുംതുരുത്ത് പാലത്തിന്‍റെ നിർമാണം ഇഴയുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾക്ക് പാലം നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അഷ്ടമുടിക്കായലിന് മുകളിൽ കൂട്ടിമുട്ടാതെ കിടക്കുകയാണ് പാലം. 

കൊല്ലം: ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ കൊല്ലത്തെ പെരുമണ്‍ - പേഴുംതുരുത്ത് പാലത്തിന്‍റെ നിര്‍മ്മാണം ഇന്നും ഇഴയുകയാണ്. മണ്‍റോതുരുത്ത്, പനയം പഞ്ചായത്തുകളെ ബന്ധിപ്പിച്ച് യാഥാര്‍ത്ഥ്യമാകേണ്ട പാലമാണ് അഷ്ടമുടിക്കായലിന് മുകളില്‍ കൂട്ടിമുട്ടാതെ നില്‍ക്കുന്നത്. ഒന്നര വര്‍ഷംകൊണ്ട് പാലം ഗതാഗത യോഗ്യമാക്കുമെന്ന ഉദ്യോഗസ്ഥരുടെ പുതിയ വാഗ്ദാനത്തില്‍ പ്രതീക്ഷ അര്‍പ്പിക്കുകയാണ് യാത്രാദുരിതത്തില്‍ വലയുന്ന നാട്ടുകാര്‍.

അനന്തമായ വിനോദസഞ്ചാര സാധ്യതയുള്ള മണ്‍റോതുരുത്ത് പഞ്ചായത്തിനെയും പനയം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതാണ് പെരുമണ്‍ - പേഴുംതുരുത്ത് പാലം. 434 മീറ്റര്‍ നീളത്തിലുള്ള പാലം യാഥാര്‍ത്ഥ്യമായാല്‍ കൊല്ലത്തിന്‍റെ ഗതാഗത രംഗം വൻ പുരോഗതി കൈവരിക്കും. കാലങ്ങളായുള്ള പ്രദേശവാസികളുടെ ആവശ്യത്തിനൊടുവിലാണ് 2020ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പാലത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചത്. അതിവേഗം പണി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച ജനങ്ങള്‍ക്ക് പക്ഷേ തെറ്റി.

ഇരുകരകളില്‍നിന്ന് തുടങ്ങിയ നിര്‍മ്മാണം രണ്ടാം പിണറായി സര്‍ക്കാരിനും കൂട്ടിമുട്ടിക്കാനായില്ല. അഷ്ടമുടിക്കായലിന് മുകളില്‍ അതിങ്ങനെ മുഖത്തോട് മുഖം നോക്കിനില്‍ക്കുകയാണ്. ജങ്കാര്‍ സര്‍വീസിനെയും പെരുമണ്‍ റെയില്‍വേ പാലത്തിനെയും ആശ്രയിച്ചാണ് നാട്ടുകാരുടെ യാത്ര. അപകട സാധ്യയുള്ള റെയില്‍വേ പാലത്തിലെ നടത്തം ജീവന്‍ കയ്യില്‍ പിടിച്ചാണ്. ഇതിനേക്കാൾ മുൻപേ നിർമാണം ആരംഭിച്ച ആലപ്പുഴയിലെ പെരുമ്പളം പാലത്തിൻ്റെ ഉദ്ഘാടനം കഴിഞ്ഞുവെന്നും ഇവിടെ ഒച്ചിഴയുന്ന വേഗത്തിലാണ് പണി നടക്കുന്നതെന്ന് നാട്ടുകാരനായ പ്രസന്നകുമാർ പറഞ്ഞു.

രൂപരേഖ നീണ്ടതും എസ്റ്റിമേറ്റ് തുക നിര്‍ണയവുമാണ് പാലം പണി നീളാന്‍ കാരണമായത്. മധ്യഭാഗത്തെ സ്പാന്‍ ഇരുമ്പ് വടങ്ങളില്‍ തൂക്കിനിര്‍ത്തുന്ന രീതിയിലാണ് നിലവിലെ രൂപകല്‍പന. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മ്മാണത്തിന്‍റെ ചുമതല കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ്. ഉദ്യോഗസ്ഥ തലത്തിലെ അഭിപ്രായ വ്യത്യാസവും കരാര്‍ കമ്പനിയുടെ സമീപനവും നിര്‍മ്മാണത്തെ ബാധിച്ചെന്നും ആക്ഷേപമുണ്ട്. മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം ഈ മാസം സന്ദര്‍ശനം നടത്തി നിര്‍മ്മാണ പുരോഗതി വിലയിരുത്തിയിരുന്നു.

ഒന്നര വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ ഉറപ്പ്. എന്നാല്‍ ഉറപ്പുകള്‍ വെള്ളത്തില്‍ വരച്ച വര പോലെയാണെന്ന അനുഭവം ഉള്ള നാട്ടുകാര്‍ക്ക് പാലം കണ്‍മുന്നില്‍ കൂട്ടിമുട്ടുംവരെ ആശ്വസിക്കാനാകില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികൾക്ക് നേരെ കുരച്ച് തെരുവ് നായ, പ്രസവിച്ച് കിടക്കുന്നത് സ്കൂളിലെ വാഹന ഷെഡിൽ; അവധി പ്രഖ്യാപിച്ച് തൃശ്ശൂർ ചൂണ്ടൽ ഗവൺമെന്‍റ് യുപി സ്കൂൾ
ആദ്യ ജോലിക്കായി പോകവെ ദാരുണ അപകടം, മസ്തിഷ്‌കമരണം സംഭവിച്ച നവോമി മറ്റുള്ളവരിലൂടെ ജീവിക്കും; അവയവ ദാനത്തിന് സമ്മതപത്രം കൈമാറി