കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയപാത 66-ലെ കോഹിനൂറിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ആദ്യ എലിവേറ്റഡ് ഹൈവേയുടെ സാധ്യതാ പഠനം വേഗത്തിലാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി.
മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദേശീയപാത 66-ലെ കോഹിനൂറിനെയും ബന്ധിപ്പിച്ച് കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ഹൈവേ നിര്‍മിക്കുന്നതിനുള്ള സാധ്യതാ പഠനവും അനുബന്ധ നടപടികളും വേഗത്തിലാക്കാന്‍ തീരുമാനം. പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനമുണ്ടായത്.
പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ഗതാഗതം കൂടുതല്‍ സുഗമമാവുകയും കോഹിനൂര്‍ മുതല്‍ വിമാനത്താവളം വരെയുള്ള ഭാഗങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുകയും ചെയ്യും.സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ ഒരു കോടി രൂപ ഉപയോഗിച്ചുള്ള സാധ്യതാ പഠനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കി പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ ടി. വി. ഇബ്രാഹിം, ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.യോഗത്തില്‍ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥര്‍, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍, വിവിധ പഞ്ചായത്ത് പ്രതിനിധികള്‍, മറ്റ് വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
