
പത്തനംതിട്ട: പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച പ്രതികൾ പിടിയിൽ. തുമ്പമൺ സ്വദേശി അജയനെ (49) യാണ് യുവാക്കൾ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പ്രതികളായ ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ് (25 ), പ്രക്കാനം സ്വദേശികളായ സജു (24), ജോമോൻ മാത്യു (30), അഭിജിത് (21) എന്നിവരെയാണ് പന്തളം പൊലീസ് സാഹസികമായി പിടികൂടിയത്. പ്രധാന പ്രതി ദീപക്ക് ജോയ് ഇടുക്കി ചെറുതോണിയിൽ നിന്നാണ് പിടിയിലായത്. ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെയും പിടികൂടിയത്.
കഴിഞ്ഞമാസം 26നായിരുന്നു സംഭവം. പ്രതിയായ ദീപക്കിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിന്റെ പ്രതികാരമായിരുന്നു ക്രൂര പീഡനം. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയുള്ള പീഡനമുറകളാണ് യുവാവ് അക്രമി സംഘത്തിൽ നിന്ന് നേരിട്ടത്. അജയന്റെ പരാതിയിൽ പത്തനംതിട്ട എസ്പി ആനന്ദിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.
പന്തളം സിഐ ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ പന്തളം എസ്എച്ച്ഒ എബിൻ പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
പിടിയിലായ പ്രതികളുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി നിരവധി ക്രിമനൽ കേസുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർമാരായ എസ് എൻ വർഷ, ആരുൺ ബാല, അഖിൽ ഒ, കൃഷ്ണ ലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam