
ചാരുംമൂട്: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പന്മന വില്ലേജിൽ ചിറ്റൂർഭാഗം പള്ളത്ത് പടീറ്റതിൽ 'ചില്ലു ശ്രീകുമാർ' എന്നറിയപ്പെടുന്ന ശ്രീകുമാറിനെയാണ് (41) പിടികൂടിയത്. കൊലപാതകം, അടിപിടി, മോഷണം തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളിലായി നാൽപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ഒരു മാസം മുൻപ് നൂറനാടിനു സമീപം കൊട്ടയ്ക്കാട്ടശ്ശേരിയിൽ അടച്ചിട്ടിരുന്ന പ്രവാസിയുടെ വീട് കുത്തിത്തുറന്ന് ലാപ്ടോപ്, സ്വർണം - വെള്ളി ആഭരണങ്ങൾ എന്നിവ കവർന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തുദിവസം മുൻപ് താമരക്കുളം വേടരപ്ലാവിൽ താമസക്കാരില്ലാത്ത വീട് കുത്തിത്തുറന്ന് രണ്ടംഗ സംഘം മോഷണശ്രമം നടത്തിയിരുന്നു. ഈ കേസിലും ശ്രീകുമാർ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മോഷണത്തിൽ ശ്രീകുമാറിനൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് എസ്എച്ച്ഒ ശ്യാം മുരളി പറഞ്ഞു. എസ്ഐമാരായ മിഥുൻ, പ്രതാപൻ, എസ്സിപിഒ രജീഷ്, സിപിഒമാരായ മനു പ്രസന്നൻ, മനുകുമാർ, സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam