ഏറ്റുമാനൂരിൽ അതിഥി തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പേർ അറസ്റ്റിലായി. പ്രായപൂർത്തിയാകാത്ത രണ്ടുപേർ ഉൾപ്പെടെയുള്ള പതിനഞ്ചംഗ സംഘം ശനിയാഴ്ച അർധരാത്രിയാണ് 33 തൊഴിലാളികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയത്.

കോട്ടയം : ഏറ്റുമാനൂരിൽ അതിഥി തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പടെ നാല് പ്രതികളാണ് അറസ്റ്റിലായത്. കേസിൽ ആകെ പതിനഞ്ച് പ്രതികളാണുള്ളത്.

പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് മലയാളികൾ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രിയിലാണ് ഏറ്റുമാനൂർ പേരൂരിനടത്ത് പൂവത്തുംമൂട്ടിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിലെ മോഷണം നടന്നത്. പതിനഞ്ച സംഘമാണ് മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയത്. ക്യാമ്പിലുണ്ടായിരുന്നത് 33 തൊഴിലാളികൾ. ഇവരെ ആയുധകാണിച്ച് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

ഒരു ലക്ഷത്തോളും രൂപയും എടിഎം കാർഡും 15 മൊബൈൽ ഫോണുകളും പ്രതികൾ കവർന്നു. ശനിയാഴ്ച തൊഴിലാളികൾക്ക് പണിക്കൂലി കിട്ടുന്നത് മനസിലാക്കിയാണ് കവർച്ച സംഘം അവിടെയെത്തിയത്. നാട്ടുകാരുടെ സഹായത്തോടുകൂടിയാണ് അസം സ്വദേശിളായ തൊഴിലാളികൾ പൊലീസിൽ പരാതി നൽകിയത്. പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ സംബന്ധിച്ച് പൊലീസിന് വിവരം കിട്ടിയത്. സമീപത്ത തന്നെ താമസിക്കുന്ന ഇതരസംസ്ഥാന തൊളിലാളികളും ഇവരുടെ സുഹൃത്തുക്കളായ മലയാളികളും ചേർന്നാണ് മോഷണം ആസൂത്രണം ചെയ്തത്. ലഹരിഇടപാടുകളിലൂടെ സുഹൃത്തുക്കളായവരാണ് മോഷണ സംഘത്തിലുള്ളത്. നിലവിൽ പിടിയിലായ നാല് പേരെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്.