
അടൂർ: കൈക്കൂലി കേസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് വിജിലൻസ് കോടതി. പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പൊലീസ് ഓഫീസറും, നിലവിൽ തൃശ്ശൂർ മലക്കപ്പാറ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പത്തനംതിട്ട കോന്നി സ്വദേശിയുമായ എ താജുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരന്റെ പേരിൽ ഉണ്ടായിരുന്ന കേസിൽ പരാതിക്കാരന് അനുകൂലമായ രീതിയിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി 10,000 രൂപ കൈക്കൂലി വാങ്ങിയതിനാണ് താജുദ്ദീൻ കുടുങ്ങിയത്.
കേസിൽ വിവിധ വകുപ്പകളിലായി 7 വർഷം കഠിന തടവിനും 20,00 രൂപ പിഴ ഒടുക്കുന്നതിനും കൊല്ലം വിജിലൻസ് കോടതി വിധിച്ചു. 2014 ൽ ആണ് കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരൻ പ്രതിയായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലുണ്ടായിരുന്ന കേസിൽ അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് താജുദ്ദീൻ കൈക്കൂലിയായി 20,000 രൂപ ആവശ്യപ്പെട്ടു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റുമ്പോഴാണ് താജുദ്ദീനെ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയത്.
കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത് സി.എസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.ഡി രാധാകൃഷ്ണ പിള്ളയാണ് ഈ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam