മലപ്പുറം അരീക്കോട് പരിധിയിൽ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളിൽ നിന്ന് മോട്ടോറുകളും പമ്പ് സെറ്റുകളും വ്യാപകമായി മോഷണം പോകുന്നു. ഇരുപതോളം പരാതികൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനാകാത്ത സാഹചര്യത്തിൽ, നാട്ടുകാർ ഭീതിയിലാണ്

മലപ്പുറം: അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും കിണറുകളില്‍ നിന്ന് മോട്ടോറുകളും പമ്പ് സെറ്റുകളും മോഷ്ടിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മോട്ടോര്‍ മോഷണവുമായി ബന്ധപ്പെട്ട് ഇരുപതോളം പരാതികളാണ് അരീക്കോട് സ്റ്റേഷനില്‍ ലഭിച്ചത്. കിഴിശ്ശേരി, കാവനൂര്‍, കിഴുപറമ്പ് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി 15-ലധികം മോട്ടോറുകളാണ് ഇതുവരെ മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോയത്.

പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകളും സാഹചര്യങ്ങളും നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷം രാത്രികാലങ്ങളിലെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. രാവിലെ ഉറക്കമുണര്‍ന്ന് വെള്ളത്തിനായി മോട്ടോര്‍ സ്വിച്ച് ഓണ്‍ ചെയ്യുമ്പോഴാണ് കിണറിലെ മോട്ടോറും പൈപ്പുകളും നഷ്ടപ്പെട്ട വിവരം വീട്ടുകാര്‍ അറിയുന്നത്. കിഴിശ്ശേരി, പുളിയക്കോട്, ആക്കപറമ്പ്, എളയൂര്‍, ഇരുവേറ്റി, വടശ്ശേരി, കുനിയില്‍ എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുളിയക്കോട് ആക്കപറമ്പ് സ്വദേശി കോതേരി നാസറിന്‍റെ വീട്, സമീപത്തെ ഫുട്‌ബോള്‍ ടര്‍ഫ് എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നും മോട്ടോറുകള്‍ കവര്‍ന്നു. കൂടാതെ കിഴക്കേപറമ്പന്‍ സലാം, സൈദ്, പുതിയവളപ്പില്‍ അലി എന്നിവരുടെ വീടുകളില്‍ മോഷണ ശ്രമം നടന്നു.

പ്രദേശത്ത് രാത്രികാലങ്ങളില്‍ പുറത്തു നിന്നുള്ളവര്‍ എത്തുന്നുണ്ടെന്നും ലഹരിസംഘങ്ങളുടെ സാന്നിധ്യം ശക്തമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ലഹരി ഉപയോഗത്തിനായി നിര്‍മ്മിച്ച ഏറുമാടം നാട്ടുകാര്‍ പൊളിച്ചുനീക്കുകയും അവിടെനിന്ന് സിറിഞ്ചുകള്‍ ഉള്‍പ്പെടെ കണ്ടെത്തുകയും ചെയ്തിരുന്നു.

മോഷണം തുടര്‍ക്കഥയായതോടെ പ്രദേശവാസികൾ ഭീതിയിലാണ്. നിരന്തരം പരാതികള്‍ ലഭിക്കുന്നുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. പ്രദേശത്ത് അപരിചിതരായ ആളുകളുടെ സാന്നിധ്യം പൊലീസ് നിരീക്ഷിച്ചു വരികയാണ്. മോഷ്ടാക്കളെ വലയിലാക്കാന്‍ കൊണ്ടോട്ടി ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കാന്‍ പൊലീസ് ആലോചിക്കുന്നുണ്ട്. ഇതിനിടെ നാടിന്റെ ഉറക്കം കെടുത്തുന്ന കള്ളന്മാരെ പിടികൂടാന്‍ പ്രദേശവാസികളും രാത്രി കാലങ്ങളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് കാവല്‍ ഏര്‍പ്പെടുത്തി.