
പെരിങ്ങമ്മല: വാഹനാപകടം കഴിഞ്ഞ് 8 മാസമായി വീട്ടിൽ കഴിയുന്ന ആൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. തുടയെല്ല് പൊട്ടി നടക്കാൻ കഴിയാതെ വീട്ടിൽ കഴിയുന്ന പ്രവാസിയ്ക്കാണ് ഹെൽമറ്റ് ധരിച്ചില്ലെന്ന കാരണത്തതിന് 500 രൂപ പിഴ ചുമത്തിയ വിവരം സന്ദേശം ലഭിച്ചത്. പാലോട് പെരിങ്ങമ്മല സ്വദേശി അനിൽ കുമാറിന് മൊബൈൽ ഫോണിൽ പിഴ ചുമത്തി സന്ദേശം വന്നിട്ട് 4 ദിവസമായി.
പത്തനം തിട്ട - എനാത്ത് ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ യാത ചെയ്തു എന്നാണ് ക്യാമറ കണ്ടെത്തിയത്. പിഴ സംബന്ധിച്ച സന്ദേശത്തിലെ പേര് , വാഹന നമ്പർ, മേൽവിലാസം എല്ലാം അനിൽ കുമാറിന്‍റേത് തന്നെയാണ്. എന്നാല്‍ ക്യാമറ എടുത്ത ഫോട്ടോയിൽ ആ വാഹനം അത് അനിൽ കുമാറിന്‍റേത് അല്ല. അനിൽ കുമാറിന്‍റെ ഹോണ്ട ബൈക്ക് ഏറെ നാളായി വീടിന്‍റെ മുറ്റത്ത് തന്നെയുണ്ടെന്ന് പരാതിക്കാരനും പറയുന്നു. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകാനിരിക്കുകയാണ് അനിൽ കുമാർ. സമാനമായ മറ്റൊരു സംഭവത്തില്‍ കുലശേഖരപുരം സ്വദേശിക്ക് തെറ്റായ നോട്ടീസ് അയച്ചിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. കുലശേഖരം സ്വദേശി ജിനീഷിന് മൂന്നു പേരെ വാഹനത്തിൽ കയറ്റിയതിനാണ് പിഴ ചുമത്തിയത്.
മറ്റൊരു വാഹനത്തിന്‍റെ ചിത്രം വച്ചാണ് ജിനീഷിന് നോട്ടീസ് കിട്ടിയത്. എഐ ക്യാമറ ഉപയോഗിച്ച് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ ആരംഭിച്ചതിന് പിന്നാലെ സമാന രീതിയിലുള്ള പരാതികള്‍ ഉയരുന്നത് ഇത് ആദ്യമായല്ല. നേരത്തെ ഹെൽമെറ്റ് വച്ചില്ലെന്ന പേരിൽ 62 കാരന് പൊലീസ് തെറ്റായി പിഴ ചുമത്തിയതായി പരാതി ഉയര്‍ന്നിരുന്നു. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് സിറ്റി ട്രാഫിക് പൊലീസ് അഞ്ഞൂറ് രൂപ പിഴയിട്ടത്.
സമാനമായ മറ്റൊരു സംഭവത്തില്‍ ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്തയാൾക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടിസ് ലഭിച്ചിരുന്നു. വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ് പിഴയടക്കാൻ നോട്ടീസ് ലഭിച്ചത്. ശിവദാസന്റെ ബൈക്കിന്റെ അതേ നമ്പറുള്ള സ്‌കൂട്ടറിൽ ആലപ്പുഴ ചേർത്തല കടക്കരപ്പള്ളിയിൽ ഹെൽമറ്റ് ധരിക്കാത്തിനാണ് പിഴ. ബൈക്കിൽ രണ്ടാളുകൾ യാത്രചെയ്യുന്ന ചിത്രമാണ് പിഴ വന്ന നോട്ടീസിലുള്ളത്. 500 രൂപ പിഴ അടക്കാൻ ആവശ്യപ്പെട്ടാണ് ശിവദാസന്റെ വിലാസത്തിലേക്ക് നോട്ടീസ് വന്നത്.
'അന്ന് വിവാഹ വാർഷികമായിരുന്നു, പുറത്ത് പോയിട്ടില്ല': ഹെൽമറ്റ് പിഴയിൽ പരാതിയുമായി 62കാരൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam