ഏപ്രിൽ 9ന് കൊച്ചിൻ ഷിപ്‌യാർഡിന് സമീപം ഹെൽമെറ്റ് വക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് നോട്ടീസ്
കൊച്ചി: ഹെൽമെറ്റ് വച്ചില്ലെന്ന പേരിൽ 62 കാരന് പൊലീസ് തെറ്റായി പിഴ ചുമത്തിയതായി പരാതി. എറണാകുളം വള്ളുവള്ളി സ്വദേശി അരവിന്ദാക്ഷ പണിക്കർക്കാണ് സിറ്റി ട്രാഫിക് പൊലീസ് അഞ്ഞൂറ് രൂപ പിഴയിട്ടത്. എന്നാൽ നോട്ടീസിലുള്ളത് തന്റെ വാഹനമല്ലെന്നും അടുത്ത കാലത്തൊന്നും ആ പ്രദേശത്ത് പോയിട്ടില്ലെന്നുമാണ് അരവിന്ദാക്ഷൻ പറയുന്നത്.
ഏപ്രിൽ 9ന് കൊച്ചിൻ ഷിപ്‌യാർഡിന് സമീപം ഹെൽമെറ്റ് വക്കാതെ വണ്ടിയോടിച്ചെന്ന് കാണിച്ചാണ് എറണാകുളം സൗത്ത് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അരവിന്ദാക്ഷപ്പണിക്കർക്ക് നോട്ടീസ് അയച്ചത്. നോട്ടീസിലുള്ള ചിത്രത്തിൽ വണ്ടി മാത്രമേയുള്ളൂ. ഹെൽമെറ്റില്ലാത്ത ആളെപ്പറ്റി ഒരു സൂചനയുമില്ല. ചിത്രത്തിലുള്ള വാഹനം തന്റേതല്ലെന്നാണ് അരവിന്ദാക്ഷ പണിക്കർ പറയുന്നത്.
ഹെൽമെറ്റ് ധരിച്ചില്ലെന്ന് പറയുന്ന ദിവസം തന്റെ വിവാഹ വാർഷികമായിരുന്നു, അന്ന് താൻ പുറത്ത് പോയിരുന്നില്ലെന്നും വയോധികൻ വ്യക്തമാക്കി. ചെയ്യാത്ത തെറ്റിന് പിഴ അടക്കില്ലെന്ന ഉറച്ച നിലപാടിലാണ് മുൻ തപാൽ ജീവനക്കാരൻ കൂടിയായ അരവിന്ദാക്ഷ പണിക്കർ. പിഴയിട്ട നടപടി പൊലീസ് പിൻവലിക്കില്ലെന്നും കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. പരാതി പരിശോധിക്കുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസും വ്യക്തമാക്കി.

