
ആലപ്പുഴ: മാവേലിക്കരയിൽ അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചു. കോച്ചുകുട്ടിയടക്കമുള്ള ഓട്ടോറിക്ഷയിലെ യാത്രക്കാർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു. ശനിയാഴ്ച വൈകിട്ടാണ് മാങ്കാംകുഴി - ചാരുമ്മൂട് റോഡിൽ അപകടമുണ്ടായത്. അമിത വേഗത്തിലെത്തിയ അനിഴം എന്ന സ്വകാര്യ ബസ് റോഡരികിലൂടെ പോയ ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാധത്തിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ വെട്ടിയാർ സ്വദേശി സജിയുടെ കാലിന് സാരമായി പരിക്കേറ്റു. യാത്രക്കാരായ മൂന്ന് വയസുകാരനും മാതാപിതാക്കൾക്കും നിസാര പരിക്കേറ്റിട്ടുണ്ട്.
ഓട്ടോറിക്ഷ സഡൺ ബ്രേക്കിട്ടതാണ് അപകടകാരണമെന്നാണ് സ്വകാര്യ ബസ് ജീവനക്കാരുടെ വിശദീകരണം. ബസിൽ നിന്നുള്ള സി സി ടി വി ദൃശ്യങ്ങളും ജീവനക്കാർ പുറത്തു വിട്ടു. അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചു എന്നും ബസ് ജീവനക്കാർ വിശദീകരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ ക്കെതിരെ കേസെടുത്ത പൊലിസ് അനിഴം ബസ് കസ്റ്റഡിയിലെടുത്തു.