
പത്തനംത്തിട്ട: ശനിയാഴ്ച പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രമേ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം വ്യക്തമാക്കി. എന്നാൽ ചില വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലും ഹർത്താലുണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണ്. പരിസ്ഥിതിലോല മേഖല വിജ്ഞാപനം ബാധകമാകുന്ന ചിറ്റാർ, പെരുനാട്, വടശ്ശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിലാണ് ഹർത്താൽ നടത്തുന്നത്.
എന്നാൽ റാന്നി താലൂക്കിലാകെയും ജില്ല മുഴുവനും ഹർത്താൽ എന്ന പ്രചാരണം വ്യാജമാണ്. ഒരു മാസത്തിലേറെയായി ഹർത്താലിന്‍റെ പ്രചാരണാർഥം വിവിധ പരിപാടികൾ മേഖലയിൽ നടന്നുവരികയാണ്. സിപിഎം നേതാക്കൾ പങ്കെടുത്ത പ്രചാരണ ജാഥകളും വില്ലേജുകളിൽ പര്യടനം നടത്തിയിരുന്നു. അതിലെല്ലാം പരിസ്ഥിതിലോല മേഖല ബാധകമാകുന്ന വില്ലേജുകളിലേ ഹർത്താൽ ഉള്ളൂ എന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. കൂടുതൽ ജനവിഭാഗങ്ങൾ പിന്തുണച്ചതോടെ ഹർത്താൽ സമ്പൂർണ്ണമാകും എന്ന് കണ്ട് ഹാലിളകിയ ചിലരാണ് ഇതിന് പിന്നിൽ.
പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നടപ്പായി കഴിഞ്ഞാൽ 10-15 വർഷത്തിനുള്ളിൽ വനം വകുപ്പിന്‍റെ നിയന്ത്രണങ്ങൾ മൂലം വന്യമൃഗങ്ങൾ വർധിക്കുകയും പ്രദേശങ്ങൾ കൊടുംകാടായി മാറുകയും ചെയ്യും. ആ സാഹചര്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ജനവാസമേഖലകളെ ഒഴിവാക്കണന്ന് സിപിഎം ആവശ്യപ്പെടുന്നത്. ജനങ്ങൾക്ക് വലിയ തരത്തിൽ ആശങ്കയുണ്ടാക്കാനിടയാക്കിയ പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം ഡോ. മൻമോഹൻ സിങ് മന്ത്രിസഭാംഗമായിരുന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കൊണ്ടുവന്നതെന്നും രാജു എബ്രഹാം പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam