വിസിയുടെ പരീക്ഷ ഭവനിലെ മിന്നൽ പരിശോധനയ്ക്കെതിരെ കഴിഞ്ഞ ദിവസം സെനറ്റ് അംഗങ്ങൾ ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരുന്നു

കോട്ടയം: കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിൽ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ മുഖ്യമന്ത്രിയെ കണ്ട് വൈസ് ചാൻസിലർ. ഡോ.ഡി മാവൂദ് മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. വിസിയുടെ പരീക്ഷ ഭവനിലെ മിന്നൽ പരിശോധനയ്ക്കെതിരെ കഴിഞ്ഞ ദിവസം സെനറ്റ് അംഗങ്ങൾ ചാൻസിലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിരുന്നു. വിസിയുടെ മാധ്യമ നിയന്ത്രണ ഉത്തരവിൽ വിസിക്കെതിരെ സിൻഡിക്കേറ്റും പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച. സർവകലാശാലയിലെ അക്കാദമിക കാര്യങ്ങളാണ് ചർച്ചചെയ്തെന്നാണ് വിസിയുടെ വിശദീകരണം. വൈസ് ചാൻസിലർ ഡോക്ടർ ഡി മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.

കഴിഞ്ഞദിവസം പരീക്ഷ ഭവനിൽ വൈസ് ചാൻസിലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ എടുത്തു കൊണ്ടുപോകുകയും ചെയ്തു എന്നാണ് പരാതി. സാധാരണഗതിയിൽ കൗണ്ടർ ഫോയിലിന്റെ കോപ്പികളാണ് എടുക്കാറുള്ളതെങ്കിൽ വി.സി ഒറിജിനൽ കൊണ്ടുപോയെന്നാണ് ആരോപണം. സർവകലാശാല ആക്റ്റിനും, പരീക്ഷ മാനുവലിനും വിരുദ്ധമായ നടപടിയിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കഴിഞ്ഞദിവസം വിസിയുടെ മാധ്യമ നിയന്ത്രണ ഉത്തരവിനെതിരെ സിൻഡിക്കേറ്റ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി തുറന്ന പോരിലേക്ക് സിൻഡിക്കേറ്റ് കടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം