ബാങ്കിലെ പണവും സമ്പാദ്യങ്ങളും ബന്ധുക്കളുടെ പേരിൽ, പക്ഷേ ഭാരതിയമ്മയെ ഒരു ദിവസം പോലും നോക്കില്ല; എല്ലാം വയോജന മന്ദിരത്തിന് കൈമാറി

Published : Jul 05, 2025, 07:04 PM IST
old age home

Synopsis

ജീവിത സായന്തനത്തില്‍ സംരക്ഷണം നല്‍കിയ സാന്ത്വനതീരം സര്‍ക്കാര്‍ വയോജന മന്ദിരത്തിന് തന്‍റെ സമ്പാദ്യത്തിന്‍റെ അവകാശം കൈമാറി ഭാരതിയമ്മ. 

ആലപ്പുഴ: ജീവിത സായന്തനത്തില്‍ സംരക്ഷണം നല്‍കിയ സാന്ത്വനതീരം സര്‍ക്കാര്‍ വയോജന മന്ദിരത്തിന് തന്‍റെ ബാങ്ക് നിക്ഷേപത്തിന്‍റെയും മറ്റ് സമ്പാദ്യങ്ങളുടെയും അവകാശം നിറഞ്ഞ സന്തോഷത്തോടെ കൈമാറി ഭാരതിയമ്മ. മാതാപിതാക്കളുടെ മരണവും ജീവിത പ്രാരാബ്ധങ്ങളും മൂലം അവിവാഹിതയായി തുടര്‍ന്ന ഭാരതിയമ്മയെ പ്രായമായപ്പോള്‍ സംരക്ഷിക്കുവാന്‍ ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. പ്രായാധിക്യവും അനാരോഗ്യവും ഒറ്റപ്പെടലിന്‍റെ വേദനയും പേറി ജീവിച്ച ഭാരതിയമ്മ 2019 ല്‍ ആണ് സാമൂഹ്യനീതി വകുപ്പിന്‍റെ ആലപ്പുഴയിലെ മായിത്തറ സര്‍ക്കാര്‍ വയോജന മന്ദിരത്തില്‍ എത്തിച്ചേര്‍ന്നത്.

സ്വന്തമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ കഴിയാതെ കിടപ്പിലായ ഭാരതിയമ്മയെ ഒരു വര്‍ഷം മുന്‍പാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേനെ ആറാട്ടുപുഴയിലെ സാന്ത്വന തീരം സര്‍ക്കാര്‍ വയോജന മന്ദിരത്തിലേക്ക് മാറ്റിയത്. സ്ഥാപനത്തിലെ മറ്റ് താമസക്കാരുമായും ജീവനക്കാരുമായും വളരെ വേഗം സൗഹൃദത്തിലായ ഭാരതിയമ്മ തന്‍റെ അടുത്ത ബന്ധുക്കളുടെ സംരക്ഷണയില്‍ ജീവിതാവസാന ഘട്ടത്തില്‍ കുറച്ച് നാള്‍ ജീവിക്കണമെന്ന ആഗ്രഹം ആറു മാസം മുന്‍പാണ് സ്ഥാപന സൂപ്രണ്ടിനെ അറിയിച്ചത്.

ഭാരതിയമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള തുകയുടെ അവകാശിയായ ബന്ധുക്കള്‍ക്കൊപ്പം കുറച്ച് നാള്‍ കഴിയുവാനുള്ള ആഗ്രഹം ബന്ധുക്കളെ പലതവണ അറിയിച്ചെങ്കിലും അവര്‍ അതിന് സന്നദ്ധരായിരുന്നില്ലെന്ന് മാത്രമല്ല, സ്ഥാപനത്തില്‍ വന്ന് ഭാരതിയമ്മയെ കാണാന്‍ പോലും കൂട്ടാക്കിയില്ല. ഭാരതിയമ്മയെ അത് വല്ലാതെ നിരാശയാക്കി. തന്നെ ഒരു ദിവസം പോലും സംരക്ഷിക്കുവാന്‍ തയ്യാറാകാത്ത ബന്ധുക്കള്‍ക്ക് തന്‍റെ ബാങ്ക് നിക്ഷേപ തുകയിലുള്ള അവകാശം ഒഴിവാക്കി തരണമെന്നും തന്നെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ വയോജന മന്ദിരത്തിന്‍റെ ദൈനംദിന ആവശ്യങ്ങള്‍ക്കായി നിക്ഷേപ തുക ഉപയോഗപ്പെടുത്തണമെന്നും ഭാരതിയമ്മ സ്ഥാപന സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

ഭാരതിയമ്മയുടെ തീരുമാനം സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസര്‍ മുഖേനെ ജില്ലാ കളക്ടറെ അറിയിക്കുകയും തുടര്‍ന്ന് ബന്ധുക്കളെയും സാമൂഹ്യനീതി വകുപ്പ് അധികാരികളെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് നേരിട്ട് കേള്‍ക്കുകയും ചെയ്തു. ഭാരതിയമ്മയെ സംരക്ഷിക്കുവാന്‍ കഴിയില്ലെന്ന് ഹിയറിംഗില്‍ ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ നിയമ സേവന അതോറിറ്റി, സബ് രജിസ്ട്രാര്‍ എന്നിവര്‍ മുഖേനെ ഭാരതിയമ്മയുടെ ആഗ്രഹപ്രകാരം ബാങ്ക് നിക്ഷേപ തുകയുടെ അവകാശം ആറാട്ടുപുഴ സാന്ത്വന തീരം സര്‍ക്കാര്‍ വയോജന മന്ദിരത്തിന്‍റെ മാനേജ്‌മെന്‍റ് കമ്മിറ്റിക്ക് കൈമാറുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കുകയായിരുന്നു.

ആറാട്ടുപുഴ സാന്ത്വനതീരത്തില്‍ വെച്ച് സാമൂഹ്യനീതി വകുപ്പ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ അബീന്‍ എ ഒ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഇന്‍ചാര്‍ജ് എം വി സ്മിത, കാര്‍ത്തികപ്പള്ളി താലൂക്ക് നിയമ സേവന അതോറിറ്റി സെക്രട്ടറി മനീഷ് മോഹന്‍ദാസ്, വാര്‍ഡ് അംഗം വി രജിമോന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഭാരതിയമ്മ ബാങ്ക് നിക്ഷേപ തുകയുടെയും മറ്റും അവകാശം സ്ഥാപനത്തിന് നല്‍കി കൊണ്ടുള്ള രേഖ സ്ഥാപന സൂപ്രണ്ട് വിജി ജോര്‍ജ്ജിന് കൈമാറി.

മുതിര്‍ന്ന പൗരന്‍മാരെ സംരക്ഷിക്കുവാന്‍ നിയമപരമായി ഉത്തരവാദിത്തമുള്ള ബന്ധുക്കള്‍ അത് നിര്‍വ്വഹിക്കാത്ത സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സമ്പാദ്യത്തിനും മറ്റ് സ്വത്ത് വകകള്‍ക്കും അവര്‍ അര്‍ഹരല്ലെന്നും അതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുമെന്നും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ അറിയിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ