
പൂച്ചാക്കൽ: പൂച്ചാക്കൽ തോട്ടിൽ സാമൂഹിക വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. കഴിഞ്ഞ രാത്രിയിലാണ് സംഭവം. ഇതോടെ തോട്ടിലെ വെള്ളം പൂർണമായും കറുത്തിരുണ്ടു. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളുമുള്ള പൂച്ചാക്കൽ ടൗണിന്‍റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന തോട്ടിൽ മാലിന്യം നിറഞ്ഞത് ജനജീവിതം തീർത്തും ദുസ്സഹമാക്കിയിരിക്കുകയാണ്. കായലുമായി ബന്ധിപ്പിച്ചു കിടക്കുന്ന ഈ തോടിന്‍റെ ഇരുകരകളിലുമായി നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്.
മാലിന്യം തള്ളിയതിനെത്തുടർന്ന് പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. കാറ്റടിക്കുമ്പോൾ തോടിന്‍റെ ഇരുകരകളിലൂടെയും മൂക്കുപൊത്താതെ സഞ്ചരിക്കാനാകില്ല. രാവിലെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിയ പലർക്കും ശ്വാസംമുട്ടലും ഛർദിയും അനുഭവപ്പെട്ടു. മാലിന്യം കായലിലേക്കും പടർന്നതോടെ മത്സ്യത്തൊഴിലാളികൾക്ക് ജോലിക്കുപോകാനോ കക്ക വാരുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.
കായലോരത്ത് താമസിക്കുന്നവർക്ക് വെള്ളത്തിൽ ഇറങ്ങാനും സാധിക്കുന്നില്ല. തോട്ടിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർക്ക് ആക്ഷേപമുണ്ട്. രാത്രികാലങ്ങളിൽ പ്രദേശത്ത് വഴിവിളക്കുകളോ സിസിടിവി കാമറകളോ ഇല്ലാത്തതാണ് സാമൂഹിക വിരുദ്ധർക്ക് തണലാകുന്നത്. ഈ സാഹചര്യത്തിൽ അടിയന്തരമായി രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പുവരുത്തണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam