സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂര്‍: സ്ത്രീധനത്തിന്‍റെ പേരില്‍ ഭാര്യയെ ക്രൂരമായി മര്‍ദിച്ച കേസില്‍ 14 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. വരന്തപ്പിള്ളി കോരനൊടി സ്വദേശി സുന്ദരന്‍ ആണ് അറസ്റ്റിലായത്. 2007 ലാണ് പ്രതി പരാതിക്കാരിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ലഭിച്ച 8 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും പ്രതി കൈവശപ്പെടുത്തുകയും പിന്നീട് കൂടുതല്‍ പണവും സ്വര്‍ണവും സ്ത്രീധനമായി വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം മര്‍ദിക്കുകയായിരുന്നു.

2009-ലാണ് വരന്തരപ്പിള്ളി പോലീസ് കേസെടുത്തത്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പോയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വരന്തരപ്പിള്ളി എസ്.എച്ച്.ഒ. സുരേഷ്, എസ്.ഐ പോള്‍സണ്‍, എ.എസ്.ഐ രജനീശന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.