
മലപ്പുറം: ഭ്രാന്തിളകിയ തെരുവുനായ നിലമ്പൂരിൽ കടിച്ചുപരിക്കേൽപ്പിച്ചത് 12 പേരെ. നിലമ്പൂർ ടൗണിന്റെ വിവിധ ഭാഗങ്ങളിലാണ് തിങ്കളാഴ്ച രാവിലെ മുതൽ തെരുവ് നായയുടെ പരാക്രമണമുണ്ടായത്. വൈകുന്നേരത്തോടെയാണ് ഇത് ശക്തമായി. നായയെ കണ്ടവർ പരിഭ്രാന്തരായി ചിതറിയോടുന്ന അവസ്ഥയായിരുന്നു. നിലമ്പൂർ ബസ് സ്റ്റാന്റ്, വീട്ടിക്കുത്ത് റോഡ് ജങ്ഷൻ, വീട്ടിക്കുത്ത് റോഡ്, എൽ ഐ സി റോഡ്, കല്ലേമ്പാടം, ചക്കാലക്കത്ത് ഭാഗങ്ങളിലാണ് നായയുടെ പരാക്രമണമുണ്ടായത്.
ചന്തക്കുന്ന് ചോവാലി കുഴിയിൽ മനു (32),വല്ലപ്പുഴ മൂരിക്കൽ നൂർജഹാൻ (38) വടക്കുംമ്പാടം കൊല്ലം വീട്ടിൽ അഖിൽ (19), പുൽവെട്ട പൂങ്ങോട് വർഷ (18), ഊർങ്ങാട്ടിരി കണ്ണംതൊടിക നൗഷാദ് (43), നിലമ്പൂർ കോവിലകത്തുമുറി യു ടി രാമചന്ദ്രൻ (63), വീട്ടിക്കുത്ത് മംഗള ഭവൻ കൃഷ്ണൻ (52)പെരിന്തൽമണ്ണ ജൂബിലി റോഡിലെ ക്കോട്ടുങ്ങൽ ഇസ്മായിൽ (64) ചന്തക്കുന്ന് വെള്ളിയംപാടം ശ്രീനിവാസൻ (52) കല്ലേമ്പാടം പടിക്കൽ പുത്തൻവീട് പ്രിൻസ് (10), പള്ളിക്കുന്നത്ത് സ്വദേശി ജെസി രാജു (49), ബംഗാൾ സ്വദേശി സൗരവ് വിശ്വാസ് (5) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച് വാക്‌സിൻ നൽകി.
പരാക്രമം നടത്തിയ നായയെ പിടികൂടാൻ എമർജൻസി റസ്‌ക്യു ഫോഴ്‌സിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചമുതൽ ശ്രമം നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളിൽ നായയെ കണ്ടെങ്കിലും അക്രമാസക്തമായതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.
സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ അഞ്ചാം ക്ലാസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു, തുടയിൽ ആഴത്തിൽ മുറിവ്
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം പള്ളിപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പള്ളിപ്പുറം ടെക്നോസിറ്റിക്കു സമീപത്തായിരുന്നു സംഭവം. നജീബിന്റെയും സബീനാബീവിയുടെയും മകൻ നാദിർ നജീബി ( 10 ) നാണ് കടിയേറ്റത്. കാലിനാണ് മുറിവേറ്റത്. വൈകുന്നേരം നാലര മണിയോടെ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് പോകാൻ രക്ഷിതാവിനെ കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം. തെരുവുനായ കുട്ടിയെ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട രക്ഷിതാക്കളാണ് നായ്ക്കളെ ഓടിച്ചു വിട്ടശേഷം കടിയേറ്റ കുട്ടിയെ രക്ഷിച്ചത്. തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam