Asianet News MalayalamAsianet News Malayalam

സ്കൂൾ ബസിൽ നിന്ന് ഇറങ്ങിയ അഞ്ചാം ക്ലാസുകാരനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു, തുടയിൽ ആഴത്തിൽ മുറിവ്

തുടയിൽ ആഴത്തിൽ മുറിവേറ്റ നാദിറിനെ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു

Stray dog bites fifth standard student at Trivandrum
Author
Thiruvananthapuram, First Published Jul 2, 2022, 12:45 PM IST

തിരുവനന്തപുരം: പള്ളിപ്പുറത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു. തിരുവനന്തപുരം ടെക്നോസിറ്റിക്കു സമീപം താമസിക്കുന്ന നജീബിന്‍റേയും സബീനാ ബീവിയുടെയും മകൻ 10 വയസുള്ള നാദിറിനെയാണ് തെരുവുനായ ആക്രമിച്ചത്. നാദിറിന്റെ കാലിനാണ് സാരമായി പരിക്കേറ്റത്. ഇന്നലെ വൈകീട്ട് നാലര മണിയോടെയാണ് സംഭവം.

നാദിർ സ്കൂൾ ബസിൽ നിന്ന് ഇറങ്ങി രക്ഷകർത്താവിനെ കാത്തു നിൽക്കുകയായിരുന്നു. ഈ സമയത്താണ് തെരുവുനായ ഓടിച്ചിട്ടു കടിച്ചത്. നായയുടെ കടിയേൽക്കാതിരിക്കാൻ ഓടുന്നതിനിടെ നാദിർ കല്ലിൽ തട്ടി വീണു. ഈ വീഴ്ചയെ തുടർന്നും നാദിറിന് പരിക്കേറ്റിട്ടുണ്ട്. രണ്ട് നായ്ക്കളാണ് കുട്ടിയെ ഒരുമിച്ച് ആക്രമിച്ചത്.

തുടയിലാണ് കുട്ടിക്ക് പരിക്കേറ്റത്. പരിക്ക് ആഴത്തിൽ ഉള്ളതാണ്. മുറിവേറ്റ നാദിറിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതായതിനാൽ കുട്ടിയെ ഉടൻ തന്നെ തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പ്രാഥമിക ശുശ്രീഷയ്ക്ക് ശേഷം പ്രതിരോധ കുത്തിവെപ്പും നൽകിയാണ് കുട്ടിയെ വീട്ടിലേക്ക് വിട്ടത്.

മംഗലപുരം കാരമൂട് - സിആർപിഎഫ് റോഡിൽ ടെക്നോസിറ്റിക്ക് പിന്നിലുള്ള സ്ഥലത്താണു സംഭവം. പോത്തൻകോട് സർക്കാർ യുപി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് നാദിർ. വീടിന് സമീപത്ത് കുട്ടിയെ ഇറക്കാതെ ടെക്നോ സിറ്റിക്ക് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് സ്കൂൾ ബസ് ഡ്രൈവർ കുട്ടിയെ ഇറക്കിവിട്ടതെന്ന് അമ്മ സബീനാ ബീവി പറയുന്നു.

ഈ പ്രദേശത്ത് അറവു മാലിന്യങ്ങൾ അടക്കം വലിച്ചെറിയുന്നുണ്ട്. തെരുവു നായ്ക്കളുടെയും കാട്ടുപന്നികളുടെയും താവളമായി ഇവിടം മാറിയെന്നാണ് നാട്ടുകാരുടെ പരാതി. ഇരുചക്ര വാഹനങ്ങൾ ഇവിടെ പലതവണ അപകടത്തിൽ പെട്ടിട്ടുണ്ട്. നിരവധി തവണ നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്.

Follow Us:
Download App:
  • android
  • ios