Asianet News MalayalamAsianet News Malayalam

ശ്രീലക്ഷ്മിയുടെ മരണം: വാക്സീനെടുത്തതിലോ ​ഗുണനിലവാരത്തിലോ കുഴപ്പമില്ലെന്ന് പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്

ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതൽ ചോരയും വന്നിരുന്നു

Mankara Sreelekshmi death SIT primary investigation report
Author
Palakkad, First Published Jul 2, 2022, 7:07 AM IST

പാലക്കാട്: റാബീസ് വാക്സീൻ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തിൽ വാക്സീൻ എടുത്തതിൽ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച് ചികിത്സിച്ച ആശുപത്രികൾ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛൻ സുഗുണൻ. ആഴക്കൂടതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന DMOയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.

ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയൽവാസിയുടെ വളർത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതൽ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയിൽ ഉൾപ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേൽക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.

എന്നാൽ ശ്രീലക്ഷ്മിക്ക് പേവിഷ ബാധയേറ്റതായാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോർട്ട്. വാക്സീൻ എടുത്തതിൽ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാക്സീൻ്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിൻ്റെ നിർദേശമനുസരിച്ചാവും തുടർ നടപടികൾ സ്വീകരിക്കുക.

അതേസമയം ഡിഎംഒയുടെ പ്രസ്താവനക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ അച്ഛൻ. മകൾ മരിച്ചതിന് ശേഷമാണോ മുറിവിന്‍റെ ആഴമളക്കേണ്ടത് എന്ന് ചോദിക്കുന്നു സുഗുണൻ. ചികിത്സ തേടിയപ്പോഴും, വാക്സീൻ എടുത്തപ്പോഴും ഇത്തരം വിവരങ്ങൾ എന്ത് കൊണ്ട് അറിയച്ചില്ല , വിദഗ്ധ നിർദേശങ്ങൾ തന്നില്ല അങ്ങനെ ചോദ്യങ്ങൾ പലത് ഉയർത്തുന്നു ശ്രീലക്ഷ്മിയുടെ അച്ഛൻ.

വാക്സീൻ സൂക്ഷിച്ചതിലോ, നൽകിയതിലോ, പാകപ്പിഴ ഇല്ലെന്ന് ആവർത്തിക്കുകയാണ് ആരോഗ്യവകുപ്പ്. ശ്രീലക്ഷ്മിയെ കടിച്ച നായ ചില തെരുവ് നായ്ക്കളെ കടിച്ചിട്ടുണ്ട്. ഇത് വെറ്റിനറി വിഭാഗം പരിശോധിക്കും. വാക്സീൻ എടുത്തിട്ടും പേവിഷബാധ പിടിച്ചതിൽ ജില്ലാ കളക്ടറോടും, മെഡിക്കൽ ഓഫീസറോടും മനുഷ്യാവകാശ കമ്മീഷൻ വിശദമായ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios