
തിരുവനന്തപുരം: വെങ്ങാനൂരിൽ കടവരാന്തയിൽ കടുത്ത ചൂടിൽ അവശരായ നിലയിൽ കണ്ട വയോധികരെ പൊലീസെത്തി വയോജന കേന്ദ്രത്തിൽ എത്തിച്ചു. കഴക്കൂട്ടം കിഴക്കുംഭാഗം അമ്പാടി ഹൗസിൽ പി.ഗോപാലകൃഷ്ണൻ (71) ഒപ്പമുണ്ടായിരുന്ന കൊല്ലം അരിപ്പ സ്വദേശിനി ഭാരതി (65) എന്നിവരെയാണ് വെങ്ങാനൂർ നെല്ലിവിള ക്ഷേത്രത്തിനു സമീപത്തെ കടവരാന്തയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ മുതൽ ഇരുവരും ഇവിടെ ഇരിക്കുന്നത് കണ്ട നാട്ടുകാരാണ് വെെകിട്ടോടെ വിഴിഞ്ഞം പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസ് രണ്ട് പേരെയും പുനർജനി അഭയ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഗോപാലകൃഷ്ണന് കാഴ്ച ശക്തിയില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇരുവരും. ഡിസ്ചാർജ് ആയിട്ടും ആരും കൂട്ടിക്കാെണ്ട് പാേകാൻ എത്താത്തതിനെ തുടർന്ന് ആശുപത്രിയിലെ മറ്റ് രോഗികൾ നൽകിയ പണവുമായി ബന്ധുക്കളെ തേടി ഓട്ടോറിക്ഷയിൽ വെങ്ങാനൂരിൽ എത്തുകയായിരുന്നു. ഇയാൾക്ക് വെങ്ങാനൂരിൽ ബന്ധുക്കൾ ഉണ്ടെന്ന് പറയുന്നെങ്കിലും ആരും ഏറ്റെടുക്കാൻ എത്തിയില്ല.
ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഗോപാലകൃഷ്ണന്റെ ഭാര്യ നേരെത്തെ മരിച്ചു. മൂന്ന് മക്കൾ ഉണ്ടെങ്കിലും ഇവർ തിരിഞ്ഞ് നോക്കാറില്ല എന്നാണ് പറയുന്നത്. ഭാരതിയുടെ ഭർത്താവും മരിച്ചു. ഇവർക്കും മൂന്ന് മക്കളുണ്ട്. ഭാരതിയുടെ ബന്ധുവാണ് ഗോപാലകൃഷ്ണൻ എന്നു പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ലെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.