
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് സമീപത്തെ കടകളിൽ നിന്നാണ് മുഖം മറച്ചെത്തിയ മോഷ്ടാക്കൾ പണം കവർന്നത്. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. എസ് എസ് ട്രേഡേഴ്സ്, ഒരുമ ജനകീയ ഹോട്ടൽ, റിച്ചു ടെയ്ലേഴ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. എസ് എസ് ട്രേഡേഴ്സ് നിന്ന് നാൽപ്പതിനായിരത്തോളം രൂപ മോഷണം പോയി. മറ്റ് സ്ഥാപനങ്ങളിലെ പണവും സാധനങ്ങളും മോഷ്ടിച്ചാണ് കള്ളൻ കടന്നത്.
ഇന്നലെ രാവിലെ കട തുറക്കാനായി വ്യാപാരികൾ എത്തിയപ്പോഴാണ് പൂട്ടുപൊളിച്ച് മോഷണം നടന്നതായി അറിയുന്നത്. പൂട്ടറുത്ത് മാറ്റിയാണ് മോഷ്ടാവ് കടയ്ക്കുള്ളിൽ കടന്നത്. കടകൾക്കുള്ളിലെ മേശകളും കുത്തിപ്പൊളിച്ചിട്ടുണ്ട്. മേശകളിൽ സൂക്ഷിച്ചിരുന്ന പണമാണ് രണ്ട് സ്ഥാപനങ്ങളിൽ നിന്നും നഷ്ടമായത്. ബാങ്കിൽ അടയ്ക്കാൻ സൂക്ഷിച്ചിരുന്ന പണമായിരുന്നു മോഷണം പോയതെന്ന് വ്യാപാരികൾ വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത് കടയ്ക്കാവൂർ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മോഷണം നടന്ന കടകളിലെ സി സി ടി വി ദൃശ്യങ്ങൾ കടയുടമകൾ പൊലീസിന് കൈമാറിയിട്ടുണ്ട്. എന്നാൽ പ്രതികൾ തലയിൽ തുണിയിട്ട് മാസ്കും ഉപയോഗിച്ച് മോഷണം നടത്തിയതിനാൽ ദ്യശ്യങ്ങളിൽ മുഖം വ്യക്തമല്ല.