
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ നിന്ന് 15 വയസുകാരായ മൂന്ന് ആൺകുട്ടികളെ കാണാനില്ലെന്ന് പരാതി. ഞായറാഴ്ച്ച മുതലാണ് മൂന്ന് പേരെയും കാണാതായത്. കുട്ടികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.
പൊന്നാനി സ്വദേശികളാണ് മൂന്ന് പേരും. മംഗളകത്ത് വീട്ടില്‍ സാദിഖിന്‍റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്‍റെ മകന്‍ കുഞ്ഞുമോൻ, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീൻ്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായത്. മൂന്ന് പേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് സ്കൂളുകളിലാണ് അവര്‍ പഠിക്കുന്നത്. കുട്ടികൾ ബെംഗളൂരുവിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് വീട്ടുകാർ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ബെംഗളൂരുവിലേക്ക് പോയി അടിച്ച് പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം. ഈ സാഹചര്യത്തിൽ, മൂന്നു പേരും ബംഗളുരുവിലേക്ക് പോയിട്ടുണ്ടാവുമെന്നാണ് പൊലീസ് നിഗമനം. അവധിക്കാലത്ത് ഒന്നിച്ച് കളിക്കുന്ന കൂട്ടുകാരാണ് മൂന്ന് പേരും. ഈ കുട്ടികളെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം