
തിരുവനന്തപുരം: സംശയകരമായ സാഹചര്യത്തില്‍ അതിവേഗത്തില്‍ പാഞ്ഞ ഇന്നോവ കാറിനെ തടയാനുള്ള പൊലീസിന്റെ ശ്രമങ്ങള്‍ പരാജയപ്പെടുത്തി യുവാക്കള്‍ കാറുമായി കടന്നുകളഞ്ഞു. വാഹനത്തെ പിന്തുടരുകയും റോഡില്‍ ജീപ്പുകള്‍ കുറുകെയിട്ട് തടയാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തെങ്കിലും ഇവരെ പിടികൂടാനായില്ല. ഒടുവില്‍ ഇടുങ്ങിയ റോഡില്‍ വാഹനം ഉപേക്ഷിച്ച് അതിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം നഗരത്തിലായിരുന്നു സംഭവം. കൺട്രോള്‍ റൂമില്‍ നിന്ന് തിരുവല്ലം പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു സന്ദേശം അനുസരിച്ച് പരിശോധന നടത്തുന്നതിനിടെയാണ് പോലീസിനെ വട്ടം കറക്കി മൂന്നംഗ സംഘം കാറിൽ പറന്ന് നടന്നത്. തിരുവല്ലത്ത് വെച്ച് യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാറിന് പൊലീസ് കൈകാണിച്ചെങ്കിലും കാർ നിർത്താതെ പാഞ്ഞു.
സംഘത്തെ പിന്തുടർന്ന പൊലീസ് വണ്ടിത്തടം ഭാഗത്തെ റോഡിൽ ജീപ്പുകൾ നിരത്തി തടസം സൃഷ്ടിച്ചെങ്കിലും അമിത വേഗതയിൽ ഓടിച്ച് വന്ന ഇന്നോവ കാർ ജീപ്പ് തട്ടി മാറ്റി മുന്നോട്ട് കുതിച്ചു. ഇതിനിടയിലാണ് കാർ തടയാൻ ശ്രമിച്ച തിരുവല്ലം എസ്.ഐ തോമസിന് നിലത്ത് വീണ് നിസാര പരിക്കേറ്റത്. തുടർന്ന് തിരുവല്ലം പോലീസ് വിവരം വിഴിഞ്ഞം, കോവളം സ്റ്റേഷനുകൾക്ക് കൈമാറി. ബൈപ്പാസിലൂടെ പാഞ്ഞു വന്ന കാറിനെ വിഴിഞ്ഞം പോലീസ് തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അമിത വേഗത്തിൽ ഓടിയ കാറിനെ പോലീസ് ജീപ്പുകളും പിന്തുടർന്നു.
ഇതിനിടയിൽ ബൈപ്പാസിൽ നിന്ന് വിഴിഞ്ഞം മുക്കോല കരയടിവിളാകത്ത് എത്തിയ കാർ മറ്റൊരു ഇടുങ്ങിയ റോഡിലേക്ക് പ്രവേശിച്ചു. തുടർന്ന് മുന്നോട്ട് പോകാൻ കഴിയാതെ വന്നതോടെ കാർ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ പൊലീസിന് പിടി കൊടുക്കാതെ രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിൽ എടുത്ത പൊലീസ് കാറ് കാഞ്ഞിരംകുളം ചാണിയിൽ നിന്ന് വാടകക്കെടുത്തതാണന്ന് കണ്ടെത്തി. വാഹന ഉടമയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു. അടിമലത്തുറ സ്വദേശികളാണ് കാറിൽ സഞ്ചരിച്ചതെന്നാണ് വിവരം.
Read also: മൂന്നാം നിലയിൽ നിന്നും താഴെ വീണ് ഒന്നരവയസുകാരൻ, രക്ഷയ്‍ക്കെത്തി ബസ് ഡ്രൈവർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...