വാങ് തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ വരികയായിരുന്നു. ആ സമയത്താണ് കുട്ടി ബാൽക്കണിയിലൂടെ നടക്കുന്നതും വീഴാൻ പോകുന്നതും കണ്ടത്.
ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ നിന്നും താഴേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷിക്കാൻ അനേകം ആളുകൾ ഓടുന്നതും പരിക്കുകളൊന്നും കൂടാതെ ഒരാൾ കുഞ്ഞിനെ രക്ഷിക്കുന്നതുമാണ് വീഡിയോയിൽ.
ജൂലൈ 24 -ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഷാൻസി പ്രവിശ്യയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുട്ടി വീഴുന്നത് കണ്ട ഒരുപാട് ആളുകൾ അവനെ രക്ഷിക്കാനായി കൈകളും തുറന്ന് പിടിച്ച് ഓടുന്നുണ്ട്. മൂന്നാം നിലയിൽ നിന്നാണ് വീണത് എങ്കിലും അതിൽ ഒരാൾക്ക് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞു. കുട്ടിയുടെ കാലിന് ചെറിയൊരു പരിക്ക് മാത്രമേയുള്ളൂ എന്നും കുട്ടിയെ നിലത്ത് വീഴാതെ താങ്ങിപ്പിടിച്ചയാൾക്ക് കൈക്ക് ചെറിയ പരിക്കേയുള്ളൂ എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒന്നര വയസ് പ്രായമുള്ള കുട്ടിയാണ് മൂന്നാം നിലയിൽ നിന്നും വീണത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്നത് കുട്ടിയുടെ മുത്തശ്ശിയാണ്. കുട്ടി ഉറങ്ങുന്ന സമയത്ത് മുത്തശ്ശി മരുന്ന് വാങ്ങാൻ പോയതാണ്. ബാൽക്കണിയിലേക്കുള്ള വാതിലും അടച്ചിരുന്നില്ല. പിന്നാലെയാണ് കുട്ടി അവിടെ എത്തുന്നതും വീഴുന്നതും.
കുട്ടിയെ രക്ഷിച്ചത് വാങ് ജിങ് എന്ന ഒരു ബസ് ഡ്രൈവറാണ്. വാങ് തന്റെ ഇലക്ട്രിക് സ്കൂട്ടറിൽ വരികയായിരുന്നു. ആ സമയത്താണ് കുട്ടി ബാൽക്കണിയിലൂടെ നടക്കുന്നതും വീഴാൻ പോകുന്നതും കണ്ടത്. ആ സമയത്ത് തന്നെ അദ്ദേഹം സ്കൂട്ടറിൽ നിന്നും ഇറങ്ങുകയും ഓടിച്ചെന്ന് താഴോട്ട് വീണ കുഞ്ഞിനെ രണ്ട് കരങ്ങൾ കൊണ്ടും പിടിക്കുകയുമായിരുന്നു. കുഞ്ഞിനെ രക്ഷിച്ച് ചുറ്റും നോക്കിയപ്പോഴാണ് ഒരുപാട് പേർ കുഞ്ഞിനെ രക്ഷിക്കാനായി ഓടിയെത്തിയതായി കാണുന്നത് എന്നും വാങ് പറഞ്ഞു.
രണ്ട് കുട്ടികളുടെ അച്ഛനാണ് വാങ്. അതായിരിക്കാം ആ സമയത്ത് ഓടിച്ചെന്ന് കുഞ്ഞിനെ രക്ഷിക്കാൻ തന്നെക്കൊണ്ട് തോന്നിച്ചത് എന്നും വാങ് പ്രതികരിച്ചു. പിന്നീട്, കുട്ടിയുടെ മാതാപിതാക്കൾ കുട്ടിയുമായി വാങിനെ സന്ദർശിച്ച് തങ്ങളുടെ പൊന്നോമനയുടെ ജീവൻ രക്ഷിച്ചതിന് നന്ദിയും സ്നേഹവും അറിയിച്ചു.
