സിജോ കാത്തുനിന്നത് മണിക്കൂറുകൾ, ഹേമചന്ദ്രനോട് ഒരൊറ്റ ചോദ്യം മാത്രം; അതേ എന്ന ഉത്തരത്തിന് പിന്നാലെ കൊടും ക്രൂരത

Published : Jul 21, 2025, 11:14 PM IST
Thrissur bar murder

Synopsis

രാത്രി ഭക്ഷണം കഴിച്ച് അകത്തു കടന്ന് ഗേറ്റ് അടച്ച ഹേമചന്ദ്രന്റെ പിറകെയെത്തിയ പ്രതി സിജോ 'ബാറിലെ ജീവനക്കാരനാണോ' എന്നൊരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ'

തൃശൂര്‍: പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതി ബാറിനു സമീപം കത്തിയുമായി കാത്തിരുന്നത് മണിക്കൂറുകളോളം. രാത്രി ഭക്ഷണം കഴിച്ച് അകത്തു കടന്ന് ഗേറ്റ് അടച്ച ഹേമചന്ദ്രന്റെ പിറകെയെത്തിയ പ്രതി സിജോ 'ബാറിലെ ജീവനക്കാരനാണോ' എന്നൊരു ചോദ്യം മാത്രമേ ചോദിച്ചുള്ളൂ'. അതെയെന്ന് ഉത്തരം പറഞ്ഞയുടന്‍ കൈയില്‍ കരുതിയ കത്തിയെടുത്ത് ഹേമചന്ദ്രനെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ ഹേമചന്ദ്രന്‍ മരണ വെപ്രാളത്തില്‍ ബാറിനകത്തേക്കോടി സഹപ്രവര്‍ത്തകരെ വിവരമറിയിച്ചു.

നേരത്തേ മദ്യപിക്കാനെത്തിയ സിജോ എട്ട് തവണ ടച്ചിങ്‌സ് വാങ്ങിയിരുന്നു. മദ്യത്തോടൊപ്പം സൗജന്യമായി നല്‍കുന്ന ടച്ചിങ്‌സ് ഒമ്പതാം തവണയും ആവശ്യപ്പെട്ടപ്പാൾ ജീവനക്കാര്‍ നിരസിച്ചതാണ് പ്രകോപനത്തിനിടയാക്കിയത്. തര്‍ക്കവും വഴക്കും അടിപിടിയും കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് പോയത്. തുടര്‍ന്ന് തൃശൂരിലെത്തിയ സിജോ ബാറില്‍ മദ്യപിച്ച ശേഷം കത്തിയും വാങ്ങിയാണ് പുതുക്കാട്ടേക്ക് മടങ്ങിയത്. പിന്നെ മണിക്കൂറുകളോളം ബാറിന്റെ സമീപത്തും ദേശീയപാതയോരത്തുമായി ജീവനക്കാര്‍ ബാറിന് പുറത്തിറങ്ങുന്നത് നിരീക്ഷിച്ച് നിന്നു.

ഹേമചന്ദ്രനെ കുത്തിയ ശേഷം ഓടിരക്ഷപ്പെടുന്നതിനിടയില്‍ കത്തി സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് സിജോ വീട്ടിലെത്തി കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ സി സി ടി വി ക്യാമറ ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പുതുക്കാട് എസ് എച്ച് ഒ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം