
കോഴിക്കോട്: തിരക്കേറിയ ദേശീയ പാതയിൽ അപകടക്കെണിയായി മാറിയ വലിയ കുഴി അവസാനം ട്രാഫിക് പൊലീസ് നികത്തി.
കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 ൽ താമരശ്ശേരി ടൗണിൽ ജില്ലാ റൂറൽ ട്രഷറിക്കും പി.ഡബ്യു ഡി റെസ്റ്റ് ഹൗസിനും മുൻപിലാണ് റോഡിൽ അപകടമായി വൻ ഗർത്തം രൂപപ്പെട്ടത്.
കലുങ്ക് നിർമ്മാണത്തിൻ്റെ ഭാഗമായി റോഡിനോട് ചേർന്ന് റീ ടാറിങ് ചെയ്തിരുന്നില്ല. ഇവിടെയാണ് മുൻപുണ്ടായിരുന്ന ചെറിയ കുഴി വാഹനങ്ങൾ തുടർച്ചയായി സഞ്ചരിച്ചതോടെ വലിയ കുഴിയായി മാറിയത്. ഇരുചക്രവാഹനങ്ങൾ പല തവണ കുഴിയിൽ വീണു. റോഡ് തകർന്നതോടെ വാഹനങ്ങൾ പതുക്കെ പോകാനും നിർബന്ധിതമായി. ഇതോടെ വലിയ ഗതാഗത കുരുക്കാണ് താമരശ്ശേരി ടൗണിൽ നേരിട്ടത്.
പല തവണ ദേശീയപാതാ അധികൃതരോടും റോഡ് നിർമ്മാണം നടത്തിയ കരാറുകാരോടും പരാതി പറഞ്ഞിട്ടും റോഡിലെ കുഴി നികത്താതെ അയതോടെയാണ് താമരശ്ശേരി ട്രാഫിക് യൂണിറ്റിലെ സേനാ അംഗങ്ങൾ തന്നെ മുന്നിട്ടിറങ്ങിയത്. ക്വാറി വേസ്റ്റ് ഇറക്കി, യൂണിഫോമിട്ട പൊലീസുകാർ തന്നെയാണ് റോഡിലെ കുഴി നികത്തി ഗതാഗതം സുഖമമമാക്കിയത്. താമരശ്ശേരി ട്രാഫിക് എസ്.ഐ. സലീമിൻ്റെ നേതൃത്വത്തിലുള്ള പൊലീസുകാരാണ് സേവന സന്നദ്ധരായത്.