
ആലുവ: സുഹൃത്തുക്കൾക്കൊപ്പം പെരിയാറിൽ കുളിക്കാനിറങ്ങിയ തമിഴ്നാട്ടുകാരനായ യുവാവ് മുങ്ങി മരിച്ചു. ചെന്നൈ അമ്പത്തൂർ പുതൂർ ഈസ്റ്റ് ബാനു നഗറിൽ സി ചെന്താമരൈ കണ്ണൻ (26) ആണ് മരിച്ചത്. ആലുവ പറവൂർ കവലയിൽ ഫെഡറൽ ബാങ്കിലെ ഓപ്പറേഷൻസ് വിഭാഗം ഓഫീസറായിരുന്നു ചെന്താമരൈ കണ്ണൻ. ഫെഡറൽ ബാങ്കിന്‍റെ കോഴിക്കോട് കറൻസി സെന്‍ററിൽ നിന്നും രണ്ടാഴ്ച മുമ്പാണ് ചെന്താമരൈ പറവൂർ കവലയിലേക്ക് സ്ഥലം മാറിയെത്തിയത്.
തോട്ടക്കാട്ടുകര ദേശം കടവിൽ ബുധനാഴ്ച വൈകുന്നേരം 6.30ഓടെയാണ് അപകടം നടന്നത്. തോട്ടക്കാട്ടുക മന ലൈൻ ഫസ്റ്റ് ബൈ ലൈനിൽ വാടകയ്ക്ക് താമസിക്കുന്ന ചെന്താമരൈയും രണ്ട് സുഹൃത്തുക്കളും വളർത്ത് നായയെയും കൂട്ടിയാണ് കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ ചെന്താമരൈ കണ്ണൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ രണ്ട് യുവാക്കൾ അൽപ്പ സമയത്തിനകം മുങ്ങിയെടുത്ത് ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്മോർട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. അവിവാഹിതനാണ് ചെന്താമരൈ കണ്ണൻ. പിതാവ്: ചെല്ലദുരൈ, മാതാവ്: ടി മനോൻമണി. സഹോദരങ്ങൾ ഇല്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam