ആണ്‍കുട്ടികളെ വച്ച് 'ഹണിട്രാപ്പ്'; പ്രതികള്‍ ഉപയോഗിച്ചത് പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും

By Web TeamFirst Published Nov 11, 2021, 12:52 PM IST
Highlights

ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പരാതിയുമായി വരാൻ ഇരകൾ തയ്യാറാകാത്തതാണ് സംഘത്തിന് സഹായമാവുന്നത്.  

നിലമ്പൂർ: ആൺകുട്ടികളെ ഉപയോഗിച്ച് ഹണി ട്രാപ് (Honey Trap) നടത്തുന്ന രണ്ട് പേർ നിലമ്പൂർ പോലീസിന്റെ (Police)  പിടിയിൽ. നിലമ്പൂർ (nilambur ) സ്വദേശി തുപ്പിനിക്കാടൻ ജംഷീർ, മമ്പാട്  ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ  എന്നിവരെയാണ് നിലമ്പൂർ  സി ഐ ടി എസ്  ബിനു  അറസ്റ്റ് ചെയ്തത്. പ്രത്യേകം പരിശീലിപ്പിച്ച കൗമാരക്കാരെയും യുവാക്കളെയും സംഘത്തിൽ കൂട്ടുന്നത് ജംഷീറാണ്. 

തുടർന്ന് സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തി പ്രത്യേകം പരിശീലിപ്പിച്ച ആൺകുട്ടികളെ കൂടെ നിർത്തി വിഡിയോയും ഫോട്ടോയും എടുത്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് സംഘം പണം തട്ടുന്നത്. ഈ സംഘം കെണിയിൽപ്പെടുത്തി മർദിച്ച് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടി എടുത്ത സംഭവത്തിലെ ഇരയായ ഒരു മധ്യവയസ്‌കൻ  നിലമ്പൂർ പോലിസ് ഇൻസ്‌പെക്ടർ ടി എസ് ബിനുവിന്  നൽകിയ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ നിരവധി പേരെ   ഭീഷണിപ്പെടുത്തി സംഘം പണം തട്ടിയെടുത്തിട്ടുണ്ട്. 

ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പരാതിയുമായി വരാൻ ഇരകൾ തയ്യാറാകാത്തതാണ് സംഘത്തിന് സഹായമാവുന്നത്.  സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ: ഓരോ ഇരയെയും  വിളിച്ചുവരുത്തേണ്ട സൗകാര്യ പ്രദമായ സ്ഥലങ്ങളും നേരെത്തെ  കണ്ടെത്തുന്ന സംഘം ആൺകുട്ടികളെ  സ്ഥലത്ത് മുൻകൂട്ടി എത്തിച്ച് പരിശീലനം നൽകും. ബന്ധുക്കളാണെന്നും പറഞ്ഞു സംഘത്തിലെ ചില ആളുകൾ  ഓടിയെത്തി കുട്ടികളെ  മോചിപ്പിച്ച് ഇരയെ മർദിക്കും. 

അപ്പോൾ മറ്റൊരു സംഘം വന്നു ഇരയെ മർദനത്തിൽ നിന്നും രക്ഷപ്പെടുത്തി പ്രശ്‌നം ഒത്തുതീർപ്പാക്കാമെന്ന് പറഞ്ഞു വാഹനത്തിൽ കയറ്റി നിലമ്പൂർ ഒ സി കെ  ഓഡിറ്റോറിയത്തിന് സമീപമുള്ള ജംഷീറിന്റെ ആഡംബര ഓഫീസിലേക് കൂട്ടി കൊണ്ടുവരും. അവിടെ വെച്ച് ജംഷിർ വക്കീൽ ഗുമസ്ഥാനായി അഭിനയിച്ച് വക്കീൽമാരെയും പോലീസ് ഓഫിസിർമാരെയും വിളിക്കുന്ന പോലെ ഇരയെ സമ്മർദത്തിലാക്കി വലിയ തുകക്ക് ഒത്തു തീർപ്പാക്കും. 

തുച്ചമായ തുകയോ ഭക്ഷണം, വസ്ത്രം എന്നിവയൊ വാങ്ങികൊടുത്തു കുട്ടികളെ  പറഞ്ഞുവിടും. ഇത്തരത്തിൽ  പണം സമ്പാദിച്ചാണ്  ജംഷീർ ആഡംബര ജീവിതം നയിക്കുന്നത്. കാർ സർവീസ് ചെയ്യാൻ ജംഷീർ പേരിന്തൽമണ്ണയിലെ ഷോറൂമിലെത്തിയതായി  രഹസ്യ വിവരംലഭിച്ചതോടെ അവിടെ എത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.  ഷമീറിനെ മമ്പാടുനിന്നുമാണ് പിടികൂടിയത്.

click me!