
കൊല്ലം: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് പട്ടാപ്പകൽ റബ്ബർ ഷീറ്റ് മോഷ്ടിക്കുന്ന സംഘത്തിലെ രണ്ടു പേർ പിടിയിൽ. പുനലൂർ ഇളമ്പൽ പറങ്കിമാം കുന്നിൽ വീട്ടിൽ ഉദയകുമാർ (43), മഞ്ഞമൺകാല ശ്രീകൃഷ്ണ വിലാസത്തിൽ ശിവപ്രസാദ് (39)എന്നിവരാണ് കടക്കൽ പൊലീസിന്റെ പിടിയിലായത്. കടക്കൽ കുറ്റിക്കാട് വടക്കേവയൽ സ്വദേശി ജയകുമാറിന്റെ വീടിന്റെ ടെറസിൽ ഉണക്കാൻ ഇട്ടിരുന്ന എഴുപതോളം റബ്ബർ ഷീറ്റുകൾ ആണ് ഈ കഴിഞ്ഞ ശനിയാഴ്ച മൂന്നു മണിയോടെ വീട്ടിലുള്ളവർ കാണാതെ വീടിനു മുകളിൽ കയറി സംഘം മോഷ്ടിച്ചെടുത്ത് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോയത്. അയൽവാസിയായ യുവാവ് ഇത് കാണുകയും ഓട്ടോറിക്ഷയുടെ ചിത്രം പകർത്തുകയും ചെയ്തു.
ചിത്രം സഹിതം വിട്ടുടമ കടക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കടക്കൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഓട്ടോറിക്ഷ ഉടമയെ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ ഉദയകുമാറിന് ഓട്ടോറിക്ഷ വാടകയ്ക്ക് നൽകിയതാണെന്നു ഉടമ പൊലീസിനോട് പറഞ്ഞു. തുടർന്ന് പ്രതികളെയും ഓട്ടോറിക്ഷയും പുനലൂർ ഭാഗത്തുനിന്നും കടക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. റബ്ബർ ഷീറ്റുകൾ വില്പന നടത്തിയ ആലഞ്ചേരിയിലെ കടയിൽ എത്തിച്ചു തെളിവെടുത്തു.
അഞ്ചൽ പൊലീസ് സ്റ്റേഷൻ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയ കേസിൽ പ്രതികളാണിരും എന്ന് പൊലീസ് കണ്ടെത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam