
കോഴിക്കോട്: ഉള്ളിയേരി ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സുഹൃത്തുക്കൾ മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തില്‍ കൊയിലാണ്ടി മൊയ്യമ്പത്ത് വിന്‍രൂപ് (28) തല്‍ക്ഷണം മരിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്.
അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. നാട്ടുകാരും, അത്തോളി പൊലീസും കൊയിലാണ്ടിയിൽ നിന്ന് ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കടുത്തുരുത്തി പാലാ കരയിൽ സ്കൂട്ടറും ബുളളറ്റ് ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപകനും വിദ്യാർത്ഥിക്കും ദാരുണാന്ത്യം സംഭവിച്ചു എന്നതാണ്. സ്കൂട്ടർ യാത്രക്കാരനായ മുട്ടുചിറ ഐ എച്ച് ആർ ഡി കോളേജ് വിദ്യാർത്ഥി അമൽ ജോസഫ്, ബൈക്ക് യാത്രികനായ തലയോലപ്പറമ്പ് സ്വദേശിയും അധ്യാപകനുമായ അനന്തു ഗോപി എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന രഞ്ജിത്ത് രാജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗത്തിലെത്തിയ സ്കൂട്ടർ എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ നൽകിയ വിവരം. രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. മരിച്ച അനന്തു ഗോപി മുട്ടുചിറ കോളേജിലെ അധ്യാപകനാണ്. പരിക്കേറ്റവർ വിദ്യാർത്ഥികളാണ്.