
കൊച്ചി: എറണാകുളം ജില്ലയിലെ കോതമംഗലത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. വൈപ്പിൻ ഞാറയ്ക്കൽ എടവനക്കാട് അഴിവേലിയ്ക്കത്ത് അമാനുദ്ദീൻ (28), കുഴിപ്പിള്ളി സ്വദേശി മുഹമ്മദ് സാജിദ് (23) എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞ് സമീപത്തെ കാനയിൽ തെറിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു ഇരുവരും. കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയിലാണ് അപകടം നടന്നത്. രണ്ട് ദിവസം മുൻപാണ് യുവാക്കൾ വീട്ടിൽ നിന്ന് വിനോദയാത്രക്കായി ഇറങ്ങിയത്. ബൈക്കിന് കാര്യമായ കേടുപാടുണ്ടായിരുന്നില്ല. കാനയിൽ വീണ് കിടന്ന യുവാക്കളെ ആരും കണ്ടില്ലെന്നാണ് കരുതുന്നത്. ഇവരെ കാനയിൽ തന്നെ മരിച്ച നിലയിലാണ് കണ്ടെത്തിയത്.
നേരത്തെ പത്തനംതിട്ടയിൽ മറ്റൊരു വാഹനാപകടത്തിൽ ഒരാൾ മരിച്ചിരുന്നു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. എംസി റോഡിൽ കൂരമ്പാല അമ്യത വിദ്യാലയത്തിന് സമീപത്താണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും അടൂർ ഭാഗത്ത് നിന്നും വന്ന കാറും തമ്മിലിടിച്ചാണ് അപകടം നടന്നതെന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിരുന്നു.