ഭരണനഷ്ടം! എൽഡിഎഫ് സീറ്റ് പിടിച്ചെടുത്ത് യുഡിഎഫ്, ബിജെപി സീറ്റ് പിടിച്ചെടുത്ത് സിപിഎം; എറണാകുളത്ത് ആവേശം

By Web TeamFirst Published Nov 10, 2022, 11:08 AM IST
Highlights

യു ഡി എഫ് സ്ഥാനാർത്ഥി സാന്റി ജോസാണ് വിജയിച്ചത്. എൽ ഡി എഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്

കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എറണാകുളത്ത് ആവേശം ഏറുകയാണ്. കീരംപാറ ഗ്രാമപഞ്ചായത്തിൽ എൽ ഡി എഫ് സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് യു ഡി എഫ് അധികാരത്തിലേറുമ്പോൾ പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷനിൽ ബി ജെ പി സീറ്റ് പിടിച്ചെടുത്തത് സി പി എമ്മിന് ആശ്വാസമായി. എറണാകുളം കീരംപാറ ഗ്രാമപഞ്ചായത്തിൽ ഉപ തെരഞ്ഞെടുപ്പ് നടന്ന ആറാം വാർഡിൽ യു ഡി എഫ് സ്ഥാനാർത്ഥി സാന്റി ജോസാണ് വിജയിച്ചത്. 41  വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽ ഡി എഫ് സീറ്റ് ഇവർ പിടിച്ചെടുത്തത്. എൽ ഡി എഫിലെ റാണി റോയിയെയാണ് സാന്റി പരാജയപ്പെടുത്തിയത്.

ഇതോടെ പഞ്ചായത്തിൽ എൽ ഡി എഫിന് ഭരണം നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. എൽ ഡി എഫ് ഭരിക്കുന്ന പഞ്ചായത്തിൽ പതിമൂന്നംഗ ഭരണസമിതിയിൽ ആറ് വീതം അംഗങ്ങളാണ് ഇരു മുന്നണികൾക്കും ഉണ്ടായിരുന്നത്. യു ഡി എഫ് വിജയിച്ചതോടെ ഏഴ് അംഗങ്ങളാകുകയും എൽ ഡി എഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകുകയും ചെയ്യും. ആറാം വാർഡിൽ നിന്ന് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച അംഗത്തിന്റെ പിന്തുണയോടെ എൽ ഡി എഫ് പഞ്ചായത്ത് ഭരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗത്തെ അയോഗ്യയാക്കി ഉത്തരവിറക്കിയത്. അതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

അതേസമയം എറണാകുളം പറവൂർ നഗരസഭയിൽ വാണിയക്കാട് ഡിവിഷൻ സി പി എം സ്ഥാനാർത്ഥി നിമിഷ ജിനേഷാണ് ബി ജെ പിയുടെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തത്. സി പി എം സ്ഥാനാർത്ഥി നിമിഷ ജിനേഷ് 160 വോട്ടുകൾക്കാണ് വിജയിച്ചത്.

ഹിമാചൽ ഇഞ്ചോടിഞ്ച്, ബിജെപിക്ക് നേരിയ മുൻതൂക്കം, കോൺഗ്രസ് കുതിക്കും, ആപ്പ് ചലനമുണ്ടാക്കില്ല, എബിപി-സീ സർവെ ഫലം

അതേസമയം എറണാകുളം വടവുകോട് ബ്ലോക്ക്  പഞ്ചായത്ത് പട്ടിമറ്റം ഡിവിഷൻ  യു ഡി .എഫ് സ്ഥാനാർത്ഥി ശ്രീജ അശോകൻ 78 വോട്ടുകൾക്ക് വിജയിച്ചു. യു ഡി എഫ് സിറ്റിംഗ് സീറ്റ് നിലനിർത്തുകയായിരുന്നു.

tags
click me!