
വടകര: വിനോദയാത്രക്കിടെ ഗൂഡല്ലൂരിൽ വച്ച് കടന്നൽ കുത്തേറ്റ് മരിച്ച കോഴിക്കോട് വടകര സ്വദേശി പുതിയോട്ടിൽ സാബിറിന്റെ സംസ്കാരം ഇന്ന് നടക്കും. ഗൂഡല്ലൂരിലെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. വള്ള്യാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് സംസ്കാരം. കടന്നൽ ആക്രമണത്തിൽ പരിക്കേറ്റ ആസിഫ്, സിനാൻ എന്നിവർ ചികിത്സയിൽ തുടരുകയാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ ദിവസം ആണ് മൂന്ന് പേരും ഊട്ടിയിലേക്ക് യാത്ര തിരിച്ചത്.
ഒരു ദിവസം ഊട്ടിയിൽ തങ്ങിയ സംഘം ഇന്നലെ ഉച്ചയോടെയാണ് ഗൂഡല്ലൂരിലെത്തിയത്. സൂചി മലയിൽ നിന്ന് താഴോട്ടിറങ്ങിയ സാബിറിന് ആണ് ആദ്യം കടന്നൽ കുത്തേറ്റത്. ഇയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ട് പേർക്കും കുത്തേൽക്കുകയായിരുന്നു. അടുത്തടുത്ത വീടുകളിലായി ഒരുമിച്ചു കളിച്ചു പഠിച്ചു വളർന്നവരായിരുന്നു വിനോദയാത്രപോയ മൂന്ന് പേരും. കടന്നൽ ആക്രമണത്തിൽ മരിച്ച സാബിർ ആഴ്ചകൾക്ക് മുൻപാണ് വിദേശത്ത് നിന്നും നാട്ടിൽ എത്തിയത്. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഊട്ടിയിൽ പോയി മടങ്ങി വരുന്നതിനിടെയായിരുന്നു കടന്നൽ ആക്രമണം.
സാബിറിനെ കടന്നൽ കൂട്ടം പൊതിഞ്ഞപ്പോൾ രക്ഷിക്കാൻ ആസിഫും സിനാനും ഓടി എത്തിയിരുന്നു. പക്ഷെ രക്ഷിക്കാൻ ആയില്ല. ആർക്കും അടുക്കാൻ പറ്റാത്ത വിധത്തിൽ ആയിരുന്നു കടന്നൽ ആക്രമണം. അധികം വൈകാതെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ടാണ് ആസിഫിന്റെ ജീവൻ രക്ഷിക്കാൻ ആയതെന്നാണ് ചികിത്സിച്ച ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam