വയനാട്ടില്‍ തെരുവുനായ ശല്യം രൂക്ഷം: കുത്തിവയ്പ്- വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനം

By Web TeamFirst Published Sep 16, 2022, 12:01 AM IST
Highlights

ജില്ലയില്‍ തെരുവുനായ ശല്യം ഭീഷണിയാകുന്ന സാഹചര്യത്തില്‍ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. ഈ മാസം 30 നകം എല്ലാ വളര്‍ത്തു നായ്ക്കളുടെയും വാക്നിഷേന്‍ പൂര്‍ത്തിയാക്കണമെന്നും ലൈസന്‍സ് ഉറപ്പാക്കണമെന്നുമാണ് നിര്‍ദ്ദേശം.

വയനാട്: വയനാട് ജില്ലയിൽ തെരുവു നായ ശല്യം പരിഹരിക്കുന്നതിന് പേവിഷ കുത്തിവയ്പ്, വന്ധ്യംകരണ നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ആസൂത്രണ സമിതി യോഗത്തിലും ഇത് സംബന്ധിച്ച് ചേര്‍ന്ന ജില്ലാതല മേല്‍നോട്ട സമിതി യോഗത്തിലും തീരുമാനം. നായ്ക്കളെ പിടികൂടി വന്ധ്യംകരണ ശസ്ത്രക്രിയ നടത്തുന്നതിന് സമയമെടുക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍ പേവിഷ കുത്തിവയ്പ് പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കും. ഇതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സന്നദ്ധ സേന രൂപീകരിക്കും. താത്പര്യമുള്ളവര്‍ക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും രജിസ്റ്റര്‍ ചെയ്യാം.

പരിശീലനം ലഭിച്ച ഏഴു പട്ടി പിടുത്തക്കാരാണ് നിലവില്‍ ജില്ലയിലുള്ളത്. ഇതു കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനമൈത്രി പൊലീസ്, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്കു കൂടി പരിശീലനം നല്‍കി വാക്സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പരിശീലനം നല്‍കുന്നതിനായി ഈ മാസം 21 ന് പ്രത്യേക ക്യാമ്പ് നടത്തും. ഇവിടെ വെച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് ആന്റി റാബിസ് വാക്സിനും നല്‍കും. ജില്ലയില്‍ തെരുവ്‌നായ ശല്യം ഭീഷണിയാകുന്ന സാഹചര്യത്തില്‍ മുഴുവന്‍ വളര്‍ത്തുനായകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കും. ഈ മാസം 30 നകം എല്ലാ വളര്‍ത്തു നായ്ക്കളുടെയും വാക്നിഷേന്‍ പൂര്‍ത്തിയാക്കണമെന്നും ലൈസന്‍സ് ഉറപ്പാക്കണമെന്നും ഇല്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു.

വാക്സിനേഷന്‍-വന്ധ്യംകരണ നടപടികള്‍ക്കായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും അടിയന്തര കര്‍മ്മപദ്ധതി തയ്യാറാക്കണം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്നതിന് രണ്ടു ബ്ലോക്കുകള്‍ക്ക് ഒന്ന് എന്ന ക്രമത്തില്‍ എ.ബി.സി സെന്ററുകളും ഷെല്‍ട്ടര്‍ ഹോമുകളും സജ്ജീകരിക്കും. സുല്‍ത്താന്‍ ബത്തേരിക്കു പുറമെ പടിഞ്ഞാറത്തറയിലാണ് എ.ബി.സി സെന്റര്‍ പ്രവര്‍ത്തന സജ്ജമാക്കുക. 

Read More : വഞ്ചിയൂരിൽ വളര്‍ത്തുനായ അടക്കം നാല് നായകൾ ചത്ത നിലയിൽ: വിഷം കൊടുത്ത് കൊന്നെന്ന് സംശയം

മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതിനെതിരെ ജാഗ്രത പാലിക്കണം. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹോട്ടലുകള്‍, തട്ടുകടകള്‍, കശാപ്പുശാലകള്‍ തുടങ്ങിയവ അതീവ ശ്രദ്ധ പുലര്‍ത്തണം. സ്‌കൂളുകളിലും സ്ഥാപനങ്ങളിലും മാലിന്യങ്ങള്‍ അലക്ഷ്യമായി തള്ളാതിരിക്കാന്‍ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ശ്രദ്ധചെലുത്തണം. തെരുവു നായ്ക്കളെ സമീപിക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ സ്‌കൂളുകളില്‍ പ്രത്യേക ബോധവത്ക്കരണം നടത്തും. പൂക്കോട് വെറ്ററിനറി സര്‍വകശാല വിദ്യാര്‍ഥികളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും.

തെരുവുനായ ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ നടത്തിപ്പ് ജില്ലയില്‍ ഏകോപിപ്പിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനുമായി രൂപീകരിച്ച ജില്ലാതല മേല്‍നോട്ട സമിതിയുടെ ആദ്യ യോഗമാണ് നടന്നത്. കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മേല്‍നോട്ട സമിതി ചെയര്‍പെഴ്‌സണായ ജില്ലാ കളക്ടര്‍ എ. ഗീത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പൊലീസ് മേധാവി ആര്‍. ആനന്ദ്, എ.ഡി.എം ഷാജു എന്‍.ഐ, സമിതി അംഗങ്ങളായ തദ്ദേശസ്വയംഭരണ വകുപ്പ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More : പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി: ഹോട്ട് സ്പോട്ടുകളിൽ സമ്പൂര്‍ണ വാക്സീനേഷൻ

click me!