വില്‍പ്പനക്ക് വെച്ച ബീഫില്‍ മണ്ണെണ്ണ ഒഴിച്ച് പഞ്ചായത്ത് അധികൃതര്‍; പ്രതിഷേധവുമായി നാട്ടുകാര്‍

By Web TeamFirst Published Sep 15, 2022, 11:10 PM IST
Highlights

അതേ സമയം കോഴിയിറച്ചിയും മത്സ്യവും കച്ചവടം ചെയ്യുന്നതിന് ഹൈക്കോടതി നിര്‍ദേശപ്രകാരം അനുവദിച്ച ലൈസന്‍സില്‍ ബീഫ് കച്ചവടം ചെയ്തതിനാണ് നടപടിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

സുല്‍ത്താന്‍ബത്തേരി: വയനാട് ജില്ലിയിലെ പുല്‍പ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ മാര്‍ക്കറ്റിലെ സ്റ്റാളിലെത്തി വില്‍പ്പനക്ക് വെച്ച ഇറച്ചിയില്‍ പഞ്ചായത്ത് അധികൃതര്‍ മണ്ണെണ്ണയൊഴിച്ചതായി പരാതി. രാവിലെ പത്ത് മണിയോടെ മുള്ളന്‍കൊല്ലി റോഡില്‍ ബ്ലൂമൂണ്‍ തിയേറ്ററിന് സമീപം പ്രവര്‍ത്തിക്കുന്ന ബീഫ് സ്റ്റാളിലാണ് പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരുടെ സംഘമെത്തി മണ്ണെണ്ണ ഒഴിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

മുള്ളന്‍കൊല്ലി പഞ്ചായത്തംഗം കൂടിയായ കുടകപറമ്പില്‍ ബിജുവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള സ്റ്റാളിലാണ് ഇറച്ചിക്കച്ചവടം നടത്തിയിരുന്നത്. സംഭവത്തില്‍ പുല്‍പ്പള്ളി പോലീസിന് ബിജു പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം കോഴിയിറച്ചിയും മത്സ്യവും കച്ചവടം ചെയ്യുന്നതിന് ഹൈക്കോടതി നിര്‍ദേശപ്രകാരം അനുവദിച്ച ലൈസന്‍സില്‍ ബീഫ് കച്ചവടം ചെയ്തതിനാണ് നടപടിയെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ പഞ്ചായത്തിന് കീഴില്‍ തന്നെ താഴെ അങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ബീഫ് സറ്റാളുകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന കാര്യം മറച്ചുവെച്ചാണ് തന്റെ സ്റ്റാളിനെതിരെ കിരാത നടപടിയുമായി പഞ്ചായത്ത് ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ബിജു പറഞ്ഞു. 

എല്ലാ ബീഫ് സറ്റാളുകള്‍ക്കും നിയമം ബാധകമായിരിക്കെ തന്റെ കടയില്‍ മാത്രം എത്തി മണ്ണെണ്ണ ഒഴിച്ച് ഇറച്ചി നശിപ്പിച്ചിരിക്കുകയാണെന്ന് ബിജു ആരോപിച്ചു. അമ്പത് കിലോ ബീഫും 20 കിലോ കോഴിയിറച്ചിയും ഉപയോഗശൂന്യമായതായും 70,000 രൂപയോളം നഷ്ടമുണ്ടായതും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. അധികൃതരുടെ പക്ഷപാതപരമായ നടപടിയില്‍ നാട്ടുകാര്‍ക്കിടയിലും പ്രതിഷേധമുണ്ട്. 

ബീഫ് വില്‍പ്പനക്ക് ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുമ്പോഴും മറ്റു സ്റ്റാളുകളില്‍ പരിശോധന നടത്താത്തതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. നിയമപരമായ അറവുശാലകള്‍ ഒരുക്കി ജനങ്ങളുടെ ജീവിത മാര്‍ഗം സംരക്ഷിക്കുന്നതിന് പകരം കിരാത നടപടിയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് സമീപത്തെ കച്ചവടക്കാരും ചൂണ്ടിക്കാട്ടി.

Read More : ബ്ലോക് പഞ്ചായത്ത് പ്രസിഡന്റിന്റെ യാത്ര ഇന്‍ഷൂറന്‍സ് ഇല്ലാത്ത വാഹനത്തിലെന്ന്; പിന്നാലെ വിവാദം, വിശദീകരണം

click me!