ജിസ്ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും

തിരുവനന്തപുരം: പേവിഷ പ്രതിരോധത്തിനായി അടിയന്തര കര്‍മ പദ്ധതി പ്രഖ്യാപിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ആരോഗ്യ - തദ്ദേശ - മൃഗസംരക്ഷണ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുക. 

തെരുവ് നായ ശല്യം രൂക്ഷമായ ഹോട്ട്സ്പോട്ടുകളില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ നടത്തും. സ്കൂള്‍ പരിസരങ്ങളും കുട്ടികള്‍ കൂടുതലുള്ള സ്ഥലങ്ങള്‍ക്കും ആയിരിക്കും വാക്സീനേഷന് മുന്‍ഗണന. രജിസ്ട്രേഷന്‍ ചെയ്യുന്ന പട്ടികള്‍ക്ക് മെറ്റല്‍ ടോക്കണ്‍ അല്ലെങ്കില്‍ കോളര്‍ ഘടിപ്പിക്കും. ഹോട്സ്പോര്‍ട്ട് ഉള്ള എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും നായകള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കും. സ്ഥിരം സംവിധാനം ആകുന്നത് വരെ താല്‍ക്കാലിക ഷല്‍ട്ടറുകള്‍ കണ്ടെത്തും. 

തെരുവ് മാലിന്യം നീക്കാന്‍ അടിയന്തര നടപടി സ്വീകരിക്കും. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ കടുത്ത നടപടിയുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റികള്‍ നിലവില്‍ വരും. സംസ്ഥാന തലത്തില്‍ രണ്ടാഴ്ചയിലൊരിക്കലും ജില്ലകളില്‍ എല്ലാ ആഴ്ചയും അവലോകനം നടത്തും. തദ്ദേശ സ്ഥാപനങ്ങളില്‍ ദിവസവും അവലോകനം നടത്തും. ജനങ്ങള്‍ക്ക് പുരോഗതി അറിയാന്‍ ഡാഷ് ബോര്‍ഡ് സംവിധാനം നിലവില്‍ വരും. 

അതേസമയം സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായി തുടരുകയാണ്. തിരുവനന്തപുരത്ത് കിടപ്പുമുറിയില്‍ കയറിയ തെരുവ് നായ കോളേജ് വിദ്യാ‍ര്‍ത്ഥിനിയെ കടിച്ചു. കല്ലറ കുറ്റിമൂട് സ്വദേശി അഭയയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം. റോഡിനോട് ചേര്‍ന്നുള്ള അഭയയുടെ വീടിന്‍റെ കതക് അടച്ചിരുന്നില്ല. അച്ഛനും അമ്മയും വീടിന്‍റെ പിറക് വശത്തേക്ക് പോയ സമയത്ത് മുൻവാതിലിലൂടെ അകത്ത് പ്രവേശിച്ച തെരുവ് നായ മുറിയിൽ കയറി അഭയയെ കടിക്കുകയായിരുന്നു. പരിക്കേറ്റ അഭയ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി.