വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നില്ല

By Web TeamFirst Published Dec 1, 2021, 1:15 AM IST
Highlights

ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. പരിക്കേറ്റ ശരുണിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ പന്നിയിറങ്ങുന്നത് തടയാനാണ് നാലംഗസംഘം തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവസ്ഥലത്ത് എത്തിയതെന്ന് പറയുന്നു. 

കല്‍പ്പറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ രാത്രി കൃഷിയിടത്തിലെത്തുന്ന കാട്ടുപന്നികളെ ഓടിക്കാന്‍ പോയി യുവാവ് വെടിയേറ്റ് മരിച്ച (Young man Shot dead) സംഭവത്തിലെ ദുരൂഹത നീക്കാനായില്ല. കാട്ടുപന്നിയെ ഓടിക്കാന്‍ പോയ നാലംഗസംഘത്തിലെ രണ്ട് പേര്‍ക്ക് വെടിയേറ്റെന്നും ഒരാള്‍ മരണത്തിന് കീഴടങ്ങിയെന്നുമുള്ള വാര്‍ത്ത ഇപ്പോഴും പ്രദേശവാസികളില്‍ പലര്‍ക്കും വിശ്വാസിക്കാനായിട്ടില്ല. 

കോട്ടത്തറ പഞ്ചായത്തിലെ മെച്ചന ചുണ്ടറങ്ങോട് കുറിച്യ കോളനിയിലെ ജയന്‍ (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ (27)ന് പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരെ കൂടാതെ കോളനിയിലെ ചന്ദ്രപ്പന്‍, കുഞ്ഞിരാമന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പറയുന്നു. അപകടവിവരമറിഞ്ഞപ്പോള്‍ തന്നെ കല്‍പ്പറ്റ ഡി.വൈ.എസ്.പി എം.ഡി. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. 

ഫോറന്‍സിക് വിദഗ്ദ്ധരുടെ സഹായത്തോടെയായിരുന്നു തെളിവെടുപ്പ്. പരിക്കേറ്റ ശരുണിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ പന്നിയിറങ്ങുന്നത് തടയാനാണ് നാലംഗസംഘം തിങ്കളാഴ്ച രാത്രി എട്ടരയോടെ സംഭവസ്ഥലത്ത് എത്തിയതെന്ന് പറയുന്നു. തുടര്‍ന്ന് പത്തരയോടെ വെടിയൊച്ച കേട്ടതിന് പിന്നാലെ കൂട്ടത്തിലെ ജയന്‍ നിലത്തുവീഴുന്നതും കണ്ടുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പോലീസിന് നല്‍കിയ മൊഴി. ജയന്റെ കഴുത്തിലും ശരുണിന് കൈക്കും ചുണ്ടിലുമാണ് പരിക്കെന്നാണ് വിവരം. 

മറ്റാരെങ്കിലും വെടിവെച്ചതാണോ അതോ ജയന്റെയും സംഘത്തിന്റെയും കൈവശം തോക്കുണ്ടായിരുന്നോ എന്ന കാര്യങ്ങളിലൊന്നും ഇതുവരെ പോലീസിന് വ്യക്തത വരുത്താനായിട്ടില്ല. സംഭവത്തില്‍ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തോക്ക് കണ്ടെടുക്കാനായിട്ടില്ലെന്നും ഡി.വൈ.എസ്.പി സുനില്‍ പറഞ്ഞു. വെടിയേറ്റ് ഗുരുതര പരിക്കേറ്റ ജയനെയും ശരുണിനെയും ആദ്യം കല്‍പ്പറ്റയിലെ  സ്വകാര്യ ആശുപത്രിയിലായിരുന്നു എത്തിച്ചത്. ഇവിടെ വെച്ച് തന്നെ ജയന്റെ മരണം സ്ഥിരീകരിച്ചിരുന്നു. 

അതേ സമയം വണ്ടിയാമ്പറ്റ പ്രദേശത്ത് സ്ഥിരമായി തോക്കുപയോഗിക്കുന്നവര്‍ ആരുമില്ലെന്ന വിവരമാണ് നാട്ടുകാരില്‍ നിന്ന് ലഭിക്കുന്നത്. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം ആറരയോടെ ജയന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രിയയാണ് ജയന്റെ ഭാര്യ. നിയ (11), ദിയ (5) എന്നിവര്‍ മക്കളാണ്. സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി വരും ദിവസങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും. വനംവകുപ്പും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.

click me!