രാത്രിയെന്നോ പകലെന്നോ ഇല്ല, മലപ്പുറത്ത് കൃഷിയിടങ്ങളിൽ തമ്പടിച്ച് കാട്ടാനകൾ, കർഷക ദുരിതത്തിന് അറുതിയില്ല

Published : Nov 26, 2024, 11:16 AM IST
രാത്രിയെന്നോ പകലെന്നോ ഇല്ല, മലപ്പുറത്ത് കൃഷിയിടങ്ങളിൽ തമ്പടിച്ച് കാട്ടാനകൾ, കർഷക ദുരിതത്തിന് അറുതിയില്ല

Synopsis

രാപ്പകൽ വ്യത്യാസമില്ലാതെ കൃഷിയിടങ്ങളിലേക്ക് ഒറ്റയ്ക്കും കൂട്ടമായും എത്തി കാട്ടാനകൾ. റബർ, കമുക്, വാഴ, തെങ്ങ് കണ്ണിൽപ്പെടുന്ന കൃഷികളെല്ലാം നശിപ്പിച്ച് കാട്ടാനക്കൂട്ടം. വലഞ്ഞ് ജനം

മലപ്പുറം: രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മലപ്പുറം ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കർഷകർ. മൂത്തേടം പഞ്ചയത്തിലാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് കാട്ടാന നാശം വിതച്ചത്. ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.

കരുളായി വനത്തില്‍നിന്ന് രാവിലെ 11നും വൈകീട്ട് അഞ്ചിനും കല്ലേംതോട് കടന്നെത്തിയ കുട്ടി ഉള്‍പ്പെടെയുള്ള മൂന്ന് ആനകള്‍ നാരങ്ങമൂലയിലെ ജനവാസകേന്ദ്രത്തിലെത്തി നിരവധി കാര്‍ഷിക വിളകളാണ് നശിപ്പിച്ചത്. ചക്കിട്ടനിരപ്പേല്‍ സി.എ. മാത്യുവിന്റെ എണ്‍പതിലധികം കമുകുകളും നിരവധി റബര്‍ തൈകളും പുത്തന്‍വീട്ടില്‍ ശ്യാമളയുടെ നൂറിലധികം റബര്‍ തൈകള്‍, അഞ്ചാനിയില്‍ ജോണ്‍സന്റെ 60 കമുകുകള്‍ എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. 

രാത്രികളില്‍ മാത്രം ഇറങ്ങിയിരുന്ന കാട്ടാനകള്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ജനവാസകേന്ദ്രത്തില്‍ തുടരുന്നത് മലയോരവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി പടുക്ക വനത്തില്‍ നിന്നിറങ്ങിയ ഒറ്റയാനാണ് തീക്കടി നഗറിന് സമീപം മുണ്ടമ്പ്ര ബഷീറിന്റെ തോട്ടത്തില്‍ നാശം വിതച്ചത്. ഇയാളുടെ തോട്ടത്തിലെ അഞ്ച് തെങ്ങുകള്‍, നാല് കമുകുകള്‍ എന്നിവയാണ് ഒറ്റ രാത്രിയില്‍ നശിപ്പിച്ചത്. വന്യമൃഗശല്യം ചെറുക്കാന്‍ പൂളക്കപ്പാറ മുതല്‍ പടുക്ക വനം ക്വാർട്ടേഴ്‌സ് വരെ ട്രഞ്ച് നിര്‍മിച്ചിട്ടുണ്ടെങ്കിലും 700 മീറ്ററോളം ഭാഗം ഒരു പ്രവൃത്തിയും നടത്തിയിട്ടില്ല. 

തീക്കടി നഗര്‍ സ്ഥിതി ചെയ്യുന്ന ഈ ഭാഗത്തുകൂടിയാണ് കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നതെന്നും ഈ ഭാഗവും ട്രഞ്ച് നിര്‍മിച്ചാല്‍ മാത്രമേ കാട്ടാനശല്യം ചെറുക്കാന്‍ കഴിയൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. വളവും വെള്ളവും നല്‍കി പരിപാലിച്ചുപോരുന്ന കൃഷി പാകമാകുമ്പോഴേക്കും വന്യമൃഗങ്ങള്‍ നശിപ്പിക്കുകയാണ്. നാശം സംഭവിക്കുന്ന കൃഷിയിടം വന്നുനോക്കി നഷ്ടം കണക്കാക്കാന്‍ പോലും തയാറാകാത്ത വനപാലകരുടെ നിലപാടിലും കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു