
മാന്നാർ: മാന്നാർ എണ്ണക്കാട് ഭാഗത്ത് അടച്ചിട്ടിരുന്ന വീട്ടിൽ മോഷണ ശ്രമം. പ്രതിയായ യുവതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) യെ ആണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ ശ്രീ വാണി ഭവനത്തിൽ വിജയൻ നായരുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു മോഷണ ശ്രമം.
ഈ സമയം വഴിയാത്രക്കാർ വരുന്നത് കണ്ട മോഷ്ടാക്കൾ ഓടി രക്ഷപെട്ടിരുന്നു. ഉടൻ തന്നെ വഴിയാത്രക്കാരും പ്രദേശ വാസികളും ചേർന്ന് പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസും നാട്ടുകാരും പ്രദേശത്ത് നടത്തിയ തിരച്ചിലിൽ മോഷ്ടാക്കൾ വന്ന ഇരു ചക്ര വാഹനവും വീടിന്റെ വാതിലുകൾ പൊളിക്കാൻ ഉപയോഗിക്കുന്ന കമ്പി, പാര തുടങ്ങിയ സാധനങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പടി കൂടിയത്.
സംഭവം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. വീട്ടുടമയും കുടുംബവും കുറച്ച് ദിവസങ്ങളായി മകനോടൊപ്പം മുംബൈയിൽ ആണ്. ഇത് നിരീക്ഷിച്ച ശേഷമാണ് മോഷണ ശ്രമം എന്നാണ് സംശയം. പ്രതിയായ മായാകുമാരിക്ക് സമാന സംഭവങ്ങളിൽ വീയപുരം, ഹരിപ്പാട് സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതായും ഇവരുടെ കൂടെ ഒരാൾ കൂടി ഉള്ളതായി സംശയിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണ്. മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐ ബിജുക്കുട്ടൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സ്വർണരേഖ സിവിൽ പൊലീസ് ഓഫീസർമാരായ സാജിദ്, നിസാം, ഹരിപ്രസാദ്, ശ്രീകുമാർ, ദിനീഷ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam