
കൊച്ചി: വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. പുല്ലാനി ചാലാക്ക വിഷ്ണു (35) വിനെതിരെ ആണ് പൊലീസ് നടപടി. അടുത്തിടെ യുവാവിനെ കാർ തടഞ്ഞുനിർത്തി മർദിക്കുകയും വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തുകയും ചെയ്ത വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടർന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടറാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
കഴിഞ്ഞ ജൂലൈ 28നായിരുന്നു കേസിനാസ്പദമായ സംഭവം. പുല്ലാനി ഭാഗത്തെ ജാതിത്തോട്ടത്തിൽ വിഷ്ണുവും സംഘവും മദ്യപിച്ച് ചീട്ടുകളിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തത് സമീപവാസിയായ യുവാവ് ചോദ്യം ചെയ്തു. ഇതിന്റെ വിരോധത്തിൽ തുറവൂർ ഉതുപ്പ് കവലയിൽവെച്ച് യുവാവിന്റെ കാർ തടഞ്ഞുനിർത്തി മർദിച്ചതായാണ് പരാതി. തുടർന്ന് യുവാവ് അങ്കമാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായി അറിഞ്ഞ വിഷ്ണു, യുവാവിന്റെ വീട്ടിലെത്തി ഭാര്യയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ അങ്കമാലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വധശ്രമം, ദേഹോപദ്രവം, കവർച്ച, അതിക്രമിച്ച് കടക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി വിവിധ കേസുകളിൽ പ്രതിയായ വിഷ്ണുവിനെതിരെയാണ് തുടർന്ന് കാപ്പ നടപടി സ്വീകരിച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി കെഎസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി കാപ്പ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് വിഷ്ണുവിനെ വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നിർദ്ദേശപ്രകാരം അങ്കമാലി സബ് ഇൻസ്പെക്ടർമാരായ ടിഐ ബാബു, പിഎം റാസിക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam