മസ്കിന്‍റെ പ്രവചനാതീതമായ സ്വഭാവം പ്രസിഡന്‍റിനെ പോലും മറികടന്നിരിക്കുന്നു. ട്രംപിന് പോലും മസ്കിന്‍റെ നടപടികളെ നായീകരിക്കാന്‍ കഴിയാതെയായിരിക്കുന്നു. മസ്കിന് വഴി പുറത്തേക്ക് തന്നെയെന്ന് പറഞ്ഞത് മറ്റാരുമല്ല, ട്രംപ് തന്നെ. വായിക്കാം ലോകജാലകം. 


ലൺ മസ്ക് പുറത്ത് പോകും എന്നുറപ്പായി. കാബിനറ്റ് അംഗങ്ങളോടും ഏറ്റവും അടുത്ത വൃത്തങ്ങളോടും അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞു കഴിഞ്ഞു. ആശ്വാസത്തിന്‍റെ ദീർഘ നിശ്വാസമാണ് എല്ലായിടത്തും. 'We will miss you' എന്നാരും തമാശയ്ക്ക് പോലും മസ്കിനോട് പറഞ്ഞേക്കില്ല.മസ്ക് - ട്രംപ് ടീമിൽ അംഗമായത് പ്രത്യേക ദൗത്യവുമായാണ് (DOGE). അത്തരം ദൗത്യസംഘാംഗങ്ങൾക്ക് 130 ദിവസത്തെ കാലാവധിയുണ്ട്. അത് കഴിയാറായി. അതുകൊണ്ട് മസ്ക് പോകുന്നുവെന്ന് വേണമെങ്കിൽ പറയാം.

പക്ഷേ, അതല്ല കാരണമെന്ന് എല്ലാവർക്കും വ്യക്തമാണ്. ഇത്രയും നാൾ മസ്കിനെ ട്രംപ് പിന്തുണച്ചു. ട്രംപ് ആഗ്രഹിച്ച വെട്ടിച്ചുരുക്കൽ മസ്ക് നടപ്പാക്കി. പഴി മുഴുവൻ സ്വയം ഏറ്റുവാങ്ങി എന്നൊക്കെ മസ്ക് ആരാധകർ പറയുന്നുണ്ട്. പക്ഷേ, വളരെ പെട്ടെന്ന് മസ്ക് ഒരു ബാധ്യതയായി എന്നതാണ് സത്യം. പ്രവചനാതീതമായ സ്വഭാവം, സോഷ്യൽ മീഡിയയിലെ പ്രകോപനപരമായ പരാമർശങ്ങൾ, പ്രസിഡന്‍റിനെ മറികടന്നുള്ള പ്രവർത്തിയും പ്രസ്താവനയും. പ്രത്യേകിച്ച് ട്രംപിന്‍റെ എഐ പദ്ധതി മേധാവിയായ സാം ആൾട്ട്മാനുമായി (Sam Altman) ഏറ്റുമുട്ടിയത്. ആശയവിനിമയത്തിന് തയ്യാറാകാത്തത്. ഒന്നിനും വഴങ്ങാത്ത സ്വഭാവം.

Read More: എലോൺ മസ്ക്; ഉന്മാദിയെ തളയ്ക്കാന്‍ നിങ്ങളെന്ത് ചെയ്തെന്ന് ചോദിച്ച് ജനം തെരുവില്‍

Read More: വിപണിയിൽ ട്രംപ് ചുങ്കം; പുതിയ വ്യാപാര ശൃംഖലയ്ക്ക് ചൈന, ഇന്ത്യയുടെ സാധ്യതകൾ

തലവേദനകൾ പലതായിരുന്നു. ചൈനയെ സംബന്ധിച്ച അതീവ രഹസ്യ വിവരങ്ങൾ പെന്‍റഗൺ മസ്കിനോട് പറയാൻ പോകുന്നുവെന്ന ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോർട്ട് കണ്ട് പക്ഷേ, ട്രംപും വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായ സൂസി വൈൽസും (Susie Wiles) അമ്പരന്നുവെന്നാണ് റിപ്പോർട്ട്. അന്ന് പ്രസിഡന്‍റ് ഒരു കാര്യം വ്യക്തമാക്കി. ഇത്തരം അതീവ രഹസ്യങ്ങൾ ബിസിനസുകാരനോട് പറയില്ലെന്ന ട്രംപിന്‍റെ വാചകം മസ്കിന് പരിധികളുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു.

Read More: യുക്രൈയ്നിൽ ഒരു തീരുമാനം വേണമെന്ന് യുഎസ്; മൌനം തുടർന്ന് റഷ്യ

Read More: യുഎസിന്‍റെ യുദ്ധ തന്ത്രങ്ങളും ചോർന്നു തുടങ്ങി; അപ്പോഴും, 'അതൊരു തട്ടിപ്പ്, അസത്യം മാത്ര'മെന്ന് വാദിച്ച് ട്രംപ്

സോഷ്യൽ സെക്യൂരിറ്റി അടക്കമുള്ള ആനുകൂല്യങ്ങൾ റദ്ദാക്കില്ലെന്നാണ് ട്രംപിന്‍റെ നയം. പക്ഷേ, അതാണ് ഏറ്റവും വലിയ അഴിമതി എന്ന് മസ്ക് ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ പറഞ്ഞു. അങ്ങനെ പലതായപ്പോഴേക്ക് മസ്കിന് വഴി തുറന്നു, പുറത്തേക്ക്. ഏറ്റവും ഒടുവിലത്തേത് വിസ്കോൺസിനിലെ ജഡ്ജിയുടെ തെരഞ്ഞെടുപ്പാണ്. ലക്ഷങ്ങൾ ചെലവാക്കി മസ്ക് പിന്തുണച്ച ജഡ്ജി തോറ്റു. അതോടെ ജനത്തിന് മസ്കിനോട് താൽപര്യമില്ലെന്ന് ട്രംപ് ടീമിന് വ്യക്തമായി.

ഇനിയുമിത് തുടർന്നാൽ അടുത്ത ഇടക്കാല തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ റിപബ്ലിക്കൻ പാർട്ടി പരാജയപ്പെടുമെന്നും ഉള്ള ഭൂരിപക്ഷവും നഷ്ടമാകുമെന്നും പ്രസിഡന്‍റ് മനസിലാക്കിയെന്ന് വേണം കരുതണം. ഇതൊക്കെയാണെങ്കിലും ട്രംപിന് മസ്കിനോടുള്ള സ്നേഹം അവസാനിക്കില്ലെന്ന് പറയുന്നു മസ്കിന്‍റെ ആരാധകർ. സർക്കാർ ജീവനക്കാരടക്കം ആശ്വസിക്കുന്നു. സംഗതി എന്തായാലും വാർത്ത വന്നതോടെ ടെസ്‍ലയുടെ ഓഹരി വില കൂടി. അത് മസ്കിന് ആശ്വാസമായേക്കാം. 

Read More:ടെസ്‍ല വീണപ്പോൾ കൈ പിടിച്ച് ട്രംപ്; മസ്കിന് ഇത് മധുരപ്രതികാരം