അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

I

शोला था जल-बुझा हूँ हवायें मुझे न दो
मैं कब का जा चुका हूँ सदायें मुझे न दो

ശോലാ ഥാ, ജൽ ബുഝാ ഹൂം
ഹവായേ മുഝേ ന ദോ
മേ കബ്‌ കാ, ജാ ചുകാ ഹൂം
സദായേ മുഝേ ന ദോ.

കനലായിരുന്നു ഒരിക്കൽ,
ഇന്ന് കത്തിയമർന്നുകഴിഞ്ഞു.
ഇനിയുമെന്നെ നീ ഊതിയാളിക്കരുത്.
എന്നേ ഞാനിവിടന്ന് പൊയ്ക്കഴിഞ്ഞു,
വെറുതേ നീയിനിയുമെന്നെ
ഇങ്ങനെ വിളിച്ചുകൊണ്ടിരിക്കരുത്.

എന്റെ ഉള്ളിലെ കനൽ കെട്ടുകഴിഞ്ഞു, ഇനി ഊതിയാളിക്കാൻ നോക്കിയിട്ട് കാര്യമില്ല. നിന്റെ വിളികൾ കേൾക്കാവുന്നതിലുമധികം ദൂരം ഞാൻ പോയിക്കഴിഞ്ഞു. ഇനി എന്നെ വിളിച്ചിട്ടും കാര്യമില്ല. പ്രണയത്തിന്റെ കനൽ ആണ് കവി ഉദ്ദേശിക്കുന്നത് എന്ന് തോന്നുന്നു, പ്രണയം കനലുപോലെ ഉള്ളിൽ ഉണ്ടായിരുന്ന സമയത്ത് അത് കണ്ടറിയാനോ, അതിനെ ഊതിയാളിച്ച് വെളിച്ചമാക്കാനോ ശ്രമിക്കാതിരുന്നവർ ഇപ്പോൾ കാലമേറെക്കഴിഞ്ഞ് മനസ്സ് മരവിച്ചുകിടക്കുന്ന ഈ പ്രായത്തിൽ വന്ന് അതിനു പരിശ്രമിക്കുന്നത് വിഫലമായ പ്രയത്നമാകും. ഇനിയും ഒരു തരിപോലും കനൽ ഉള്ളിൽ ശേഷിക്കുന്നില്ല. നീയിനി എത്രതന്നെ എന്നെ സ്നേഹിക്കാൻ ശ്രമിച്ചാലും, നിന്നോട് തരിമ്പും സ്നേഹം എന്റെയുള്ളിൽ നിന്ന് വരാൻ പോകുന്നുമില്ല.  നിന്റെ പിൻവിളികൾ കേൾക്കാൻ പറ്റാത്തത്ര ദൂരത്തേക്ക് പൊയ്ക്കഴിഞ്ഞ എന്നെ ഇനിയും നീ വെറുതേ വിളിക്കാൻ ശ്രമിക്കരുത്.

കഠിനപദങ്ങൾ
ശോലാ - കനൽ, സദാ - വിളി  

II

जो ज़हर पी चुका हूँ तुम्हीं ने मुझे दिया
अब तुम तो ज़िन्दगी की दुआयें मुझे न दो

ജോ സെഹർ പീ ചുകാ ഹും,
തുമീനെ മുഝേ ദിയാ.
അബ് തും തോ സിന്ദഗീ കി
ദുവായേ മുഝേ ന ദോ.

ഞാൻ കുടിച്ചിറക്കിയ ഈ വിഷം
എനിക്ക് പകർന്നത് നീ തന്നെയല്ലേ.
ഇനിയും നീയെനിക്ക് വെറുതേ,
ഇങ്ങനെ ദീർഘായുസ്സ് നേരരുത്.

പ്രണയത്തിലെ വാഗ്ദാനലംഘനങ്ങളെയാവാം കവി വിഷത്തോട് ഉപമിച്ചിരിക്കുന്നത്. പ്രണയിനിയില്ലാത്ത ജീവിതം മരണസമാനമാണ്. ആ തീരുമാനം എടുത്ത പ്രേയസി, സ്വന്തം കൈകൊണ്ട് തനിക്ക് വിഷം തന്നതിന് തുല്യമാണ് എന്നാണ് കവി പറയുന്നത്. അങ്ങനെ പിരിയാനുള്ള തീരുമാനമെടുത്ത് സ്വന്തം കാര്യം നോക്കി പോയശേഷം, പിന്നെയും എനിക്ക് നീ ജീവിതം ശുഭോദർക്കമാകട്ടെ എന്ന ആശംസകളൊന്നും തരരുതേ എന്നാണ് കവി പ്രണയിനിയോട് പറയുന്നത്. നീ നിന്റെ വഴിക്ക് സ്വൈര്യമായി പൊയ്ക്കൊള്ളൂ.

നീ തന്ന കാളകൂടം പുഞ്ചിരിയോടെ കുടിച്ചിറക്കിക്കൊണ്ട് ഞാൻ എന്റെ മരണതുല്യമായ ശിഷ്ടജീവിതത്തെ പുൽകട്ടെ. എനിക്ക് നീ ദീർഘായുസ്സ് നേരാതിരിക്കൂ..! എന്നതാണ് കവിയുടെ ലൈൻ.

കഠിനപദങ്ങൾ
സെഹർ - വിഷം

III

ऐसा कहीं न हो के पलटकर न आ सकूँ
हर बार दूर जा के सदायें मुझे न दो

ഐസാ കഭീ ന ഹോ കെ
പലട് കർ   ന ആ സകൂം..
ഹർ ബാർ ദൂർ ജാകെ,
സദായേ മുഝേ ന ദോ..

എനിക്ക് തിരിച്ച് വരാനാവാത്തൊരു അവസ്ഥ
ഒരിക്കലും വന്നുപെടാതിക്കട്ടെ,
എപ്പോഴും ഒരുപാടകലെയെത്തുമ്പോൾമാത്രം
എന്നെയിങ്ങനെ തിരിച്ചുവിളിക്കരുത്.

നമ്മൾ അകന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴും വിളിച്ചാൽ പരസ്പരം വിളികേൾക്കുന്ന ദൂരത്താണ്. പ്രണയത്തിന്റെ പേടകത്തിന് ചേതം വന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും പണിതീർത്ത് പ്രയാണം തുടരാവുന്നതേയുള്ളൂ. നിന്നിൽ നിന്ന് ഞാൻ ഏറെ ദൂരം പോയിക്കഴിഞ്ഞാൽ പിന്നെ എനിക്ക് വേണമെന്നുവെച്ചാലും തിരികെ വരാൻ സാധിച്ചുകൊള്ളണമെന്നില്ല. എന്നുമെന്നപോലെ, അത്രമേൽ അകലത്ത് ചെന്നശേഷം നീ എന്നെ ഇങ്ങനെ തിരിച്ച് വിളിക്കരുത്, വരാനാവില്ലെനിക്ക്.

കഠിനപദങ്ങൾ
പലട്കർ - തിരിഞ്ഞ്

IV

कब मुझ को ऐतेराफ़-ए-मुहब्बत न था "फ़राज़"
कब मैं ने ये कहा था सज़ायें मुझे न दो

കബ് മുഝ്കോ ഐതെരാഫ്-എ-
മൊഹബ്ബത് ന ഥാ 'ഫരാസ്'
കബ് മേ യെ കഹ രഹാ ഥാ
സസായേ മുഝേ ന ദോ..

പ്രണയിച്ചുവെന്ന കുറ്റം ഞാൻ
എന്നാണേൽക്കാതിരുന്നിട്ടുള്ളത്‌..?
‘അതിനെന്നെശിക്ഷിക്കരുതേ’യെന്ന്
ഞാനെപ്പോഴാണ്‌ പറഞ്ഞിട്ടുള്ളത്..?

നിന്നെ പ്രണയിച്ചു എന്ന കുറ്റം ഞാൻ എവിടെയാണ് ആരുടെ മുന്നിലാണ് തുറന്നു സമ്മതിച്ചിട്ടില്ലാത്തത്. എവിടെയും നിന്നെ എന്റെ പ്രണയമായിത്തന്നെയാണ് ഞാൻ അവതരിപ്പിച്ചു പോന്നിട്ടുള്ളത്. അക്കാര്യം ആരുടെ മുന്നിലും എനിക്ക് മറച്ചു പിടിക്കേണ്ടതില്ല. നിന്നെ പ്രണയിക്കുക എന്നത് കുറ്റമാണെങ്കിൽ, ആ കുറ്റം ഞാൻ ചെയ്തിട്ടുണ്ട്. ആ കുറ്റം ഞാൻ ആരുടെ മുന്നിലും ഏറ്റുപറയും. നിന്നെ പ്രണയിക്കുക എന്ന കുറ്റത്തിന് ലോകം എന്ത് ശിക്ഷ തന്നാലും അതെനിക്ക് സമ്മതമാണ്. അതിന്റെ പേരിൽ എന്നെ ശിക്ഷിക്കരുതേ എന്ന് ഞാൻ എപ്പോഴാണ് പറഞ്ഞിട്ടുള്ളത്..?  

കഠിനപദങ്ങള്‍
ഐതെരാഫ് - കുറ്റസമ്മതം, സസാ - ശിക്ഷ

കവിപരിചയം

മെഹ്ദി ഹസ്സന്റെ ഏറ്റവും പ്രസിദ്ധമായ ഗസലുകളിൽ പലതും എഴുതിയിട്ടുള്ളത് അഹമ്മദ് ഫറാസ് എന്ന ഉറുദു കവിയാണ്. അത് രഞ്ജിഷ് ഹി സഹി ആയാലും, അബ് കെ ഹം ബിഛ്ഡേ ആയാലും, അല്ല ഫറാസിനെ പ്രശസ്തിയുടെ നിറുകയിലേക്ക് ഉയർത്തിയ ശോലാ ഥാ ജൽ ബുഝാ ഹൂം ആയാലും. യഥാർത്ഥ നാമം സയ്യിദ് അഹമ്മദ് ഷാ എന്നാണെങ്കിലും ആളുകൾ അഹമ്മദ് ഫറാസ് എന്ന തഖല്ലുസ് പറഞ്ഞാലേ അറിയൂ. 1935 ജനുവരി 12 -ന് പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺവാ പ്രവിശ്യയി നൗഷേറ  ജില്ലയിലെ ഒരു പത്താൻ കുടുംബത്തിൽ ജനനം. അവിടെ നിന്നും പെഷാവറിലേക്ക് കുടിയേറിയ അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം അവിടത്തെ എഡ്വേർഡ്‌സ് കോളേജിൽ നിന്നായിരുന്നു. പെഷവാർ സർവകലാശാലയിൽ നിന്ന് ഉർദുവിലും പേർഷ്യനിലും ബിരുദാനന്തര ബിരുദങ്ങൾ. പഠനം പൂർത്തിയാക്കിയ ശേഷം യൂണിവേഴ്‌സിറ്റിയിൽ തന്നെ അല്പകാലം റീഡറായി തുടർന്നു ഫറാസ്.

കോളേജ് പഠനകാലത്ത് ഫെയ്‌സ് അഹമ്മദ് ഫൈസിനെയും അലി സർദാർ ജാഫ്രിയെയും ആരാധനയോടെ കണ്ടിരുന്നു ഫറാസ്. ഫൈസിനോളം തന്നെ മതിക്കപ്പെട്ടിരുന്നു അക്കാലത്ത് പാകിസ്ഥാനിൽ ഫറാസും ഒരു കവി എന്ന നിലയിൽ.

പാകിസ്താനിലും ഇന്ത്യയിലും ഏറെ പ്രസിദ്ധനായിരുന്നു കവി. അദ്ദേഹത്തിന്റെ ജനപ്രിയതയുടെ ഒരു കുഞ്ഞുദാഹണം പറയാം. ഒരിക്കൽ അദ്ദേഹം ഒരു മുഷായിരയിൽ പങ്കുകൊള്ളാനായി അമേരിക്കയിൽ  പോയി. ആലാപനമൊക്കെ കഴിഞ്ഞപ്പോൾ ഓട്ടോഗ്രാഫിനായി ആരാധകരുടെ തിക്കും തിരക്കുമായി. കൂട്ടത്തിൽ അതി സുന്ദരിയായൊരു ചെറുപ്പക്കാരി. ഓട്ടോഗ്രാഫിലെഴുതാനായി അദ്ദേഹം കുട്ടിയോട് പേരുചോദിച്ചു. അവൾ പറഞ്ഞു, 'ഫറാസാ'. പേരുകേട്ടമ്പരന്ന ഫറാസ് ചോദിച്ചു, "ഇതെന്തൊരു പേരാണ്..?" അപ്പോഴാണ് അവൾ അതിനുപിന്നിൽ കഥ പറയുന്നത്. അച്ഛനുമമ്മയും അഹമ്മദ് ഫറാസിന്റെ ആരാധകരായിരുന്നു. ജനിക്കുന്ന കുട്ടി ആണാണെങ്കിൽ അവന് ഫറാസ് എന്നുതന്നെ പേരിടണം എന്നും അവർ കരുതിയിരുന്നു. എന്നാൽ, ജനിച്ചത് പെണ്ണായിപ്പോയി. അതുകൊണ്ട് അവർ പേര് ചെറുതായൊന്നു മാറ്റി, 'ഫറാസാ..'

അദ്ദേഹം അവൾക്ക് തത്സമയം ഒരു ഷേർ കുറിച്ചു നൽകി,

"ഓർ ഫറാസ് ചാഹിയെ കിത്നെ മൊഹബ്ബത് തുഝേ
 മാവോം നെ തേരെ നാം പർ ബച്ചോം കാ നാം രഖ് ദിയാ..."

ഇനിയും എത്ര സ്നേഹം വേണം നിനക്ക് ഫറാസ്..?
ഇവിടെ അമ്മമാർ നിന്റെ പേര് സ്വന്തം കുട്ടികൾക്കിടുന്നുണ്ട്..!

പാകിസ്താനിലെ സാഹിത്യ പുരസ്കാരങ്ങളിൽ ഏറ്റവും വലുതായ ഹിലാൽ -എ- ഇം‌തിയാസ് അദ്ദേഹത്തെ തേടിയെത്തി എങ്കിലും, പിന്നീട് ജനറൽ പർവേസ് മുഷാറഫിനോടുള്ള പ്രതിഷേധ സൂചകമായി അത് മടക്കി നല്കുകയുണ്ടായിരുന്നു. നാട്ടിൽ ജനാധിപത്യം പുനഃസ്ഥാപിക്കാം എന്ന വാക്കുനല്കി വഞ്ചിച്ചതിനോടുള്ള പ്രതിഷേധമായിരുന്നു ഇത്.

രാഗവിസ്താരം

ഈ ഗസലിന്റെ മെഹ്ദി ഹസൻ വേർഷനാണ് വിശ്വപ്രസിദ്ധം. 'കീരവാണി' രാഗത്തെ ആധാരമാക്കിക്കൊണ്ടാണ് താൻ ഈ ഗസലിന്റെ ഈണം ചിട്ടപ്പെടുത്തിയത് എന്ന് മെഹ്ദി ഹസ്സൻ തന്റെ ഒരു ആലാപനത്തിനിടെ പറയുന്നുണ്ട്. പിലൂ രാഗവുമായി ഒരു വിദൂരസാമ്യം ഇതിനുണ്ട്. റാഷിദ്‌ ഖാന്റെ അതിസുന്ദരമായ ഠുമ്‌രി 'തോരെ ബിൻ മോഹേ ചേൻ നഹി..' കീർവാണി രാഗത്തിലാണ്.