അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.

ഇനി ഫർഹത് ഷെഹ്‌സാദിന്റെ മനോഹരമായൊരു ഗസൽ.  ശാഖകളിൽ തളിരിലകൾ വീണ്ടും പൊടിച്ചിട്ടുണ്ടെന്ന് അവളോടൊന്നു പറയണം. പറഞ്ഞാലും അവൾ അറിഞ്ഞെന്നുവരില്ല. എങ്കിലും നീയൊന്നു പറയണം, അവളോട്.

പ്രേമം ഉള്ളിലുണ്ടെന്ന് പരമാവധി വെളിപ്പെടുത്തിയിട്ടും അത് കണ്ടില്ലെന്നു നടിച്ച തന്റെ സ്നേഹിതയെപ്പറ്റി ഭഗ്നപ്രണയി നടത്തുന്ന മുനവെച്ച പരിഭവം പറച്ചിലാണ് ഇത്. പറയുന്നത് മൂന്നാമതൊരാളോടാണ്. വെട്ടിമാറ്റിയ മരത്തിന്റെ ശാഖകളിൽ വീണ്ടും തളിരിലകൾ പൊടിച്ചിട്ടുണ്ട് എന്ന് അവളോടൊന്ന് പറയണം. അതായത്, പ്രണയനിരാശത്താൽ മരുഭൂവായി മാറിയ മനസ്സിൽ വീണ്ടും പ്രണയത്തിന്റെ തളിരുകൾ പൊടിച്ചിട്ടുണ്ട് എന്ന് അവളോടൊന്നു പറയണം. എന്റെ പ്രണയത്തെപ്പറ്റി പറഞ്ഞത് അവൾ തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ, ഇതും അറിഞ്ഞുകൊള്ളണമെന്നില്ല. എന്നാലും, ഒന്ന് പറയണം നീ.

I
कोंपलें फिर फूट आईं शाख़ पर कहना उसे
वो न समझा है न समझेगा मगर कहना उसे

കോംപ്‌ലേ ഫിർ ഫൂട്ട്‌ ആയീ, ശാഖ്‌ പർ കെഹ്‌നാ ഉസേ..
വോ ന സംഝാ ഹേ, ന സംഝേഗാ, മഗർ കെഹ്‌നാ ഉസേ..

ചില്ലകൾ വീണ്ടും തളിർത്തിട്ടുണെന്ന വിവരം
അവളോടൊന്നു പറയണം നീ.
അവളതറിഞ്ഞിട്ടില്ല
ഇനി പറഞ്ഞാലും അറിഞ്ഞെന്നുവരില്ല...
എങ്കിലും, ഒന്നു പറയണം നീ.

കഠിനപദങ്ങൾ

കോംപ്‌ലേ -  തളിര്‌   ഫൂട്ട് ആനാ - പൊട്ടിവിടരുക
ശാഖ് - ചില്ല

 

II

वक़्त का तूफ़ान हर इक शय बहा कर ले गया
इतनी तन्हा हो गई है रहगुज़र कहना उसे

വഖ്ത്‌ കാ തൂഫാൻ ഹർ എക്‌ ഷയ്‌ ബഹാകർ ലേഗയാ
കിത്നാ തൻഹാ ഹോഗയാ ഹേ, രെഹഗുസർ കെഹ്‌നാ ഉസേ
 
കാലത്തിന്റെ കൊടുങ്കാറ്റിൽ
എല്ലാം ഒലിച്ചുപോയിരിക്കുന്നു.
എത്ര ഏകാന്തമാണിന്നീ വഴികളെന്ന്‌
അവളോടൊന്ന്‌ പറയണം നീ.

എല്ലാം മായ്ക്കാൻ കഴിവുള്ള ഒന്നാണ് കാലം. സഫലമാകാതെ പോയ പ്രണയത്തെ അതിന്റെ കയ്പുള്ള ഓർമ്മകൾ സഹിതം കാലം മായ്ച്ചു കളഞ്ഞപ്പോൾ, പിന്നെ അന്നത്തെ ആ കാമുകനെ സംബന്ധിടത്തോളം എത്ര ഏകാന്തമാണ് ഈ വഴികൾ എന്ന് നീ അവളോട് ഒന്ന് പറയണം.

കഠിനപദങ്ങൾ

വഖ്ത് - കാലം, 
തൂഫാൻ - കൊടുങ്കാറ്റ്
ഹർ എക് ഷയ് - എല്ലാം
ബഹാകർ ലേ ജാനാ -ഒഴുക്കിക്കളയുക
തൻഹാ - ഏകാന്തം, രെഹ്‌ഗുസർ - വഴി

'മെഹ്ദി ഹസ്സന്റെ ആലാപനം '

III

जा रहा है छोड़ कर तन्हा मुझे जिसके लिये
चैन न दे पायेगा वो सीम-ओ-ज़र कहना उसे

ജാ രഹാ ഹേ ഛോഡ്കർ തൻഹാ മുഝേ ജിസ്കേ ലിയേ,
ചേൻ നാ ദേ പായേഗാ വോ സീം-ഓ-സർ കെഹ്‌നാ ഉസേ...
 
എന്നെ എന്തിനുവേണ്ടിയാണോ
അവൾ കളഞ്ഞിട്ടുപോവുന്നത്‌,
ആ പൊന്നും പണവും കൊണ്ടൊന്നും
ഒരിക്കലുമവൾക്ക്‌ സ്വൈരം കിട്ടില്ലെന്ന്‌
അവളോടൊന്ന്‌ പറയണം നീ..?
 
ഇതൊരു ശാപവാക്കിൽ കുറഞ്ഞൊന്നുമല്ല. ആരുടെ സമ്പത്തും പണവും പ്രതാപവും കണ്ടുകൊണ്ടാണോ, എന്റെ പ്രണയം തിരസ്കരിച്ച് നീ എന്നെവിട്ടുപോകുന്നത്, അവന്റെ പൊന്നും പണവും ഒന്നും ആജീവനാന്തം നിനക്ക് മനസ്സമാധാനം തരാൻ പോന്നതാവില്ല എന്നൊന്ന് പറഞ്ഞേക്കണം അവളോട്.

കഠിനപദങ്ങൾ

ചേൻ - സ്വൈരം
സീം-ഓ-സർ - പൊന്നും വെള്ളിയും

IV

रिस रहा हो ख़ून दिल से लब मगर हँसते रहे
कर गया बरबाद मुझको ये हुनर कहना उसे

രിസ്‌ രഹാ വോ ഖൂൺ ദിൽ സേ ലബ്‌ മഗർ ഹസ്തേ രഹേ.
കർ ഗയാ ബർബാദ്‌ മുഝ്കോ, യേ ഹുണർ കെഹ്‌നാ ഉസേ.
 
എന്റെ ചോര ഹൃദയത്തിൽ നിന്നും
ചുണ്ടുകളിലേക്ക്‌ ഉതിരുമ്പോഴും
ഞാൻ ചിരിച്ചുകൊണ്ടുതന്നെയിരുന്നു.
ഈ ഒരു ശീലം നശിപ്പിച്ചുകളഞ്ഞത്‌
എന്റെ ജീവിതം തന്നെയാണെന്ന്‌
അവളോടൊന്നു പറയണം നീ.

ഒന്നിനോടും മുഖം മുറിച്ച് ഒരു വാക്ക് പറഞ്ഞു ശീലിച്ചിട്ടില്ല ജീവിതത്തിൽ. എന്റെ ഹൃദയം മുറിപ്പെട്ട് ചോര ചുണ്ടുകളിലൂടെ ഒഴുകിയിറങ്ങിയിട്ടും, ഞാൻ ചിരികുകമാത്രമാണ് ചെയ്തത്. ആ ഒരു ശീലം കൊണ്ട് തകർന്നു തരിപ്പണമായത് എന്റെ ജീവിതം തന്നെയാണ് എന്നൊന്ന് പറയണം അവളോട്.

കഠിനപദങ്ങൾ

രിസ്‌നാ - ഉതിരുക
ലബ് - ചുണ്ട്,
ബർബാദ് കർനാ - നശിപ്പിക്കുക
ഹുണർ- കഴിവ്

'നുസ്രത്ത് ഫത്തേ അലിഖാന്റെ ആലാപനം'

V

जिसने ज़ख़्मों से मेरा 'शहज़ाद' सीना भर दिया
मुस्करा कर आज प्यारे चारागर कहना उसे

ജിസ്‌നേ സഖ്മോം സേ മെരാ `ഷെഹ്സാദ്‌` സീനാ ഭർ ദിയാ.
മുസ്കുരാകർ ആജ്‌ പ്യാരേ ചാരഗർ കെഹ്‌നാ ഉസേ.

എന്റെ നെഞ്ചിൽ മുറിവുകൾ
നിറച്ചിട്ടു കടന്നുപോയ അവളെ നോക്കി
മെല്ലെച്ചിരിച്ചുകൊണ്ട്, ‘സുഖപ്പെടുത്തുന്നവളേ’
എന്നൊന്ന് വിളിക്കണം നീ.

ഇതും കാമുകിക്കുള്ള കുത്തുവാക്ക് തന്നെയാണ്. എന്റെ ഹൃദയത്തെ ക്ഷതങ്ങളാൽ മൂടിയ ആ പെൺകുട്ടിയെ കാണുമ്പൊൾ, എനിക്കുവേണ്ടി, മുഖത്ത് നിറഞ്ഞ ചിരിയോടെ, വെറുതേ, 'സുഖപ്പെടുത്തുന്നവളേ' എന്നൊന്ന് വിളിച്ചേക്കണം നീ...

കഠിനപദങ്ങൾ

സഖ്ം- മുറിവ്
സീനാ - നെഞ്ച്
`ഷെഹ്സാദ്‌`- കവിയുടെ പേര്‌ - ഫർഹത് ഷെഹ്‌സാദ്
ചാരഗർ - സുഖപ്പെടുത്തുന്നവൾ

കവിപരിചയം: 

ഫര്‍ഹത് ഷെഹ്സാദ് എന്നാണ് ഷായറിന്റെ പേര്. 1993 -ല്‍ റിലീസായ മെഹ്ദി ഹസന്റെ 'കെഹ്നാ ഉസേ...' എന്ന ഒമ്പതു പാട്ടുകളുള്ള ഒരു ഗസല്‍ ആല്‍ബത്തിലൂടെയാണ് അദ്ദേഹം പ്രശസ്തിയിലേക്കുയരുന്നത്. കോംപ്ലേ ഫിര്‍ ഫൂട്ട് ആയി എന്ന ഈ പ്രസിദ്ധ ഗസലിന് പുറമേ, ഏക് ബസ് തൂ ഹി നഹി,  ഖുലീ ജോ ആംഖ് തോ, തന്‍ഹാ തന്‍ഹാ മത് സോചാ കര്‍ തുടങ്ങിയ ജനപ്രിയ ഗസലുകളും അതിലുണ്ടായിരുന്നു. ആ ആല്‍ബം പാക്കിസ്ഥാനില്‍ സൂപ്പര്‍ ഹിറ്റായതോടെ കവി ഫര്‍ഹത് ഷെഹ്സാദിനെ ലോകമറിഞ്ഞു.

തുടര്‍ന്ന്, ഗുലാം അലി, ജഗ്ജിത് സിങ്ങ്, ഹരിഹരന്‍, ആബിദാ പര്‍വീണ്‍, ലതാ മങ്കേഷ്‌കര്‍ അങ്ങനെ പല പ്രസിദ്ധ ഗായകരും അദ്ദേഹത്തിന്റെ ഗസലുകള്‍ ഈണമിട്ടുപാടി. മത് സോചാ കര്‍, ആഡി തിര്‍ഛി ചന്ദ് ലകീരേ, ആയിനാ ഝൂഠാ ഹേ, സാരേ ജവാബ് ഗുംസും, സുന്‍ പാവോ അഗര്‍, ഗുല്‍റുത് എന്നിങ്ങനെയുള്ള ഉര്‍ദു കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഗസലുകളുടെയെല്ലാം ഒരു സമ്പൂര്‍ണ്ണ സമാഹാരം ദേവനാഗരി ലിപിയില്‍ പ്രകാശനത്തിന് തയ്യാറെടുക്കുന്നു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ '@farhatshahzad11' എന്നാണ്. 

രാഗവിസ്താരം

മെഹ്ദി ഹസൻ ഈ ഗസൽ ചിട്ടപ്പെടുത്തിയിരിക്കുന്നത് മേഘ് രാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ്. കഹാം സെ ആയാ ബദ്റാ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു ഹിന്ദി സിനിമാഗാനമാണ്. കർണാടകസംഗീതത്തിലെ മധ്യമാവതിക്ക് സമാനമായ രാഗം. മലയാളത്തിലെ നിരവധി ജനപ്രിയ ഗാനങ്ങൾ ഈ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. മെഹ്ദി ഹാസന്റെ ആലാപനത്തിനു പുറമെ ഉസ്താദ് നുസ്രത് ഫത്തേ അലി ഖാന്റേയും ആലാപനം പ്രസിദ്ധമാണ്.