ആത്മഹത്യയില്‍നിന്നാണ് അവനന്ന് തിരിച്ചുനടന്നത്!

By സബീഹ് അബ്ദുല്‍കരീംFirst Published Nov 7, 2017, 1:44 PM IST
Highlights

ജീവിതത്തെ മാറ്റിമറിക്കുന്ന ഹോസ്റ്റല്‍ കാലം നിങ്ങള്‍ എങ്ങനെ അനുഭവിച്ചു. മറക്കാനാവാത്ത ഓര്‍മ്മകള്‍ ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ ഇടനാഴി എന്ന് എഴുതാന്‍ മറക്കരുത്. 

മുജ്ജന്മ പുണ്യമെന്നോണം കൃത്യമായി നോമ്പുകാലം തന്നെ കോളേജ് പഠനം തുടങ്ങിയ എന്നെ കന്നഡ നാട് വരവേറ്റത് എം .ജി റോഡിലേക്കായിരുന്നില്ല. ബ്രിഗേഡ് റോഡിലേക്കുമല്ല. യെലച്ചനഹള്ളി.

അതെ. ഈ ഹള്ളിയെ കുറിച്ചറിയണമെങ്കില്‍ ആദ്യം ഉടുതുണി വാതിലുകള്‍ ആവുന്ന ശൗചാലയങ്ങള്‍ അറിയണം, രാവെന്നോ പകലെന്നോ ഭേദമില്ലാതെ റൈസ് ബാത് വിഴുങ്ങുന്ന ആമാശയങ്ങളെ അറിയണം, ഹോസ്റ്റലിലേക്ക് കയറിക്കോട്ടെ എന്നുള്ളതിന് 'Can i climb the hostel' എന്ന് ചോദിച്ച അന്തേവാസികളെ അറിയണം. 

വൈകീട്ട്  7 മണിക്ക് ഹോസ്റ്റല്‍ ഗ്രില്‍ കെട്ടിപ്പൂട്ടും, ജബറായി. കൊടുംഭീകരന്‍. സെക്യൂരിറ്റിയാണ്. വൈകീട്ട് നോമ്പ് തുറക്കാന്‍ പുറത്തു പോവുമ്പോഴാണ് പുലര്‍ച്ചെ കഴിക്കാനുള്ള പാര്‍സല്‍ ചപ്പാത്തി വാങ്ങുന്നത്. കഷ്ടകാലത്തിനു അന്ന് ഉറങ്ങിപ്പോയതിനാല്‍ പുറത്തിറങ്ങാന്‍ പറ്റിയില്ല. വെള്ളം കുടിച്ചു നോമ്പ് തുറന്നു ഹോസ്റ്റല്‍ ഭക്ഷണത്തിനു കണ്ണ് നട്ടിരുന്നു. ആറ്റു നോറ്റു ക്യൂ നിന്ന് കിട്ടിയത് ചോറും സാമ്പാറും! നേരം പാതിരയായി.വിശപ്പിന്റെ വിളി കഠോരമായിരുന്നു. വീട്ടിലെ പത്തിരിയുടെയും കോഴിക്കറിയുടെയും മണം എന്റെ മൂക്ക് വഴി അണ്ഡകടാഹത്തിലേക്ക് ചൂഴ്ന്നിറങ്ങി.

താഴെ ചെന്ന് ജബറായിയുടെ കാല്‍ക്കല്‍ വീണു. എന്നെ ഒന്ന് പുറത്തു വിടണം. എന്തെങ്കിലും കഴിക്കാന്‍ വാങ്ങി ഞാന്‍ പെട്ടെന്ന് തിരികെ വരാം എന്ന് പറഞ്ഞു. അയാള്‍ അത് കേട്ടില്ലെന്ന് മാത്രമല്ല, വടിയെടുത്ത് എന്നെ ഓടിച്ചു.  'ഹോഗി സൂളിമകാ' എന്നാക്രോശിച്ചു.

പിന്നെ ഒന്നും നോക്കിയില്ല. കൂട്ടി കെട്ടുകയാണ് പുതപ്പുകള്‍. കൂട്ടുകാരന്റെ സഹായത്തോടുകൂടി.

ഏകദേശം അഞ്ചു മീറ്റര്‍ കാണും താഴേക്ക്. വരാന്തയുടെ വശത്തായുള്ള കമ്പിയില്‍ ഒരറ്റം കെട്ടി. ഭവിഷ്യത്തുകളുടെ ചിന്തക്ക് മുകളില്‍ ആയിരുന്നു വിശപ്പ്. പുതപ്പിലൂടെ ഊര്‍ന്നിറങ്ങി.

പിന്നെ ഒന്നും നോക്കിയില്ല. കൂട്ടി കെട്ടുകയാണ് പുതപ്പുകള്‍. കൂട്ടുകാരന്റെ സഹായത്തോടുകൂടി.

താഴെയെത്തിയതും ഓടുകയാണ് ഞാന്‍. പത്തു മിനുട്ട് കൊണ്ട് ചിക്കന്‍ ഫ്രൈഡ്‌റൈസ് പാര്‍സല്‍ വാങ്ങി  തിരികെ എത്തിയപ്പോള്‍ പുതപ്പും ഇല്ല ആളും ഇല്ല. അട്ടഹാസങ്ങള്‍ മാത്രം. ഹോസ്റ്റലിന്റെ മറുവശം പോയി നോക്കിയപ്പോള്‍ ജനലിലൂടെ അവന്‍ എന്നെ നോക്കുന്നത് കണ്ടു. ഒരു കടലാസ് ചുരുട്ടി എന്റെ നേര്‍ക്കെറിഞ്ഞു. തുറന്ന് നോക്കി.

'ഹോസ്റ്റലില്‍ ലോക്കല്‍സ് കയറി. എന്തോ വിഷയമുണ്ട്. കാണുന്നവരെ എല്ലാം അടിക്കുകയാണ്. ഞങ്ങളെ സെക്യൂരിറ്റി റൂമിലാക്കി പുറത്തു നിന്നും വാതില്‍ പൂട്ടി'

ഇതായിരുന്നു ആ കുറിപ്പില്‍.

മറ്റൊരു കുറിപ്പ് വരുന്നതുവരെ അവിടെ നില്‍ക്കുകയല്ലാണ്ട് വേറെ മാര്‍ഗം ഒന്നും ഇല്ലായിരുന്നു. 

ഭീകരമായ തണുപ്പും ഇരുട്ടും. ചുറ്റും നായ്ക്കളുടെ മുരള്‍ച്ച. അടുത്തുള്ള ഒരു പീടിക ചെരുവില്‍ ചെന്നിരുന്നു. കൈകാലുകള്‍ കൂട്ടിപിടിച്ചുകൊണ്ട്. ഹോസ്റ്റല്‍ ജനലുകള്‍ പയ്യെ അടഞ്ഞു. വെളിച്ചവും കെട്ടു. ഭീകരനായ ഒരു കറുത്ത നായ എന്നെ കണ്ടു വളരെ ധൃതിപ്പെട്ടു പോവുന്നത് കണ്ടു. ബാക്കിയുള്ളവര്‍ക്ക് വിവരം കൊടുക്കാനെന്ന മട്ടില്‍. പോലീസ്‌കാരെങ്ങാനും വന്നാല്‍... അല്ലെങ്കില്‍ ലോക്കലുകളുടെ കയ്യില്‍ പെട്ടാല്‍ പഞ്ഞിക്കിടാനുള്ള പഞ്ഞി നാട്ടില്‍ നിന്നും ഇറക്കേണ്ടി വരും എന്നുള്ള ചിന്ത എന്നെ ദൈവത്തോട് വല്ലാതെ അടുപ്പിച്ചു. പ്രത്യേകിച്ച് പ്രതീക്ഷകള്‍ ഒന്നും ഇല്ലാത്തതിനാല്‍ കൈയിലെ പൊതി തുറന്നു ഫ്രൈഡ്‌റൈസ് അങ്ങനെ തന്നെ വിഴുങ്ങി. വല്ലാത്തൊരു സമാധാനവും ധൈര്യവും കിട്ടിയപോലെ തോന്നി..

എപ്പോഴോ ഞാന്‍ ഉറങ്ങിപ്പോയി. കണ്ണിലേക്ക്  കാറിന്റെ വെളിച്ചം അടിച്ചാണ് ഞാന്‍ ഉണര്‍ന്നത്. കണ്‍ മുന്നില്‍ മുടി നീട്ടി വളര്‍ത്തി അലസമായ താടിയുള്ള മെലിഞ്ഞ ഒരു രൂപം. 

'ക്യോം ഇഥര്‍ ബൈട്ട ഹേ ഭായ്'

ആ ഒരു ചോദ്യത്തിന് എന്റെ സെന്‍ട്രല്‍  ബോള്‍ട്ട് അടിച്ചു പോവും വിധം മദ്യഗന്ധം ഉണ്ടായിരുന്നു. 

അവസ്ഥകള്‍ ഞാന്‍ വിവരിച്ചു.

ഇവിടെ ഇപ്പോള്‍ ഇരിക്കുന്നത് അപകടമാണെന്നും അയാളുടെ കാറിലേക്ക് കയറാനും പറഞ്ഞു. നോക്കുമ്പോള്‍ സാക്ഷാല്‍ ടൊയോട്ട കാമ്രി നീണ്ട് നിവര്‍ന്ന് കിടക്കുന്നു. ആ ഒരു വശ്യ സൗന്ദര്യത്തില്‍ അലിഞ്ഞ് അറിയാതെ ഞാന്‍ കയറിപ്പോയി. വണ്ടി വിജനമായ റോഡിലൂടെ എങ്ങോട്ടെന്നില്ലാതെ നീങ്ങുന്നുണ്ടായിരുന്നു. ചെറിയ ഒരു ഭീതി തോന്നിയതിനാല്‍ ചോദിക്കാതെ തന്നെ ഞാന്‍ എന്റെ പ്രാരാബ്ദത്തിന്റെ ചുരുളഴിച്ചു.

ആ ഒരു ചോദ്യത്തിന് എന്റെ സെന്‍ട്രല്‍  ബോള്‍ട്ട് അടിച്ചു പോവും വിധം മദ്യഗന്ധം ഉണ്ടായിരുന്നു. 

ഭക്ഷണത്തിനായി കഷ്ടപ്പെടുന്നതും വീട്ടില്‍ നിന്നും കിട്ടുന്ന പൈസയുടെ തിടുക്കത്തെ കുറിച്ചും ഹോസ്റ്റലില്‍ ഒന്ന് കുളിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥകളെ പറ്റിയും സീനിയഴ്‌സിന്റെ പീഡനത്തെ പറ്റിയുമെല്ലാം അയാളോട് വിവരിച്ചു. എന്നാല്‍ നിര്‍ത്തി പൊയ്ക്കൂടേ എന്ന് ചോദ്യത്തിന് വീട്ടുകാരുടെ പ്രതീക്ഷകളെ തകര്‍ക്കാനാവില്ല എന്നുള്ള മറുപടി എനിക്ക് പറയേണ്ടി വന്നു.

കുറെ നേരം അയാള്‍ഒന്നും മിണ്ടിയില്ല.  നിശ്ശബ്ദമായ പ്രയാണം തുടര്‍ന്നു. വണ്ടി റോഡില്‍ നിന്നും ഇറങ്ങി ഒഴിഞ്ഞ ഒരു ഭാഗത്തൂടെ ചലിച്ചു തുടങ്ങി. ചെറിയ ഒരു ഭയത്തോടു കൂടി ഞാന്‍ അയാളെ നോക്കി. പേടിക്കണ്ടാന്ന് അയാള്‍ പറഞ്ഞു. വണ്ടി പതിയെ നിന്നു. പുറത്തിറങ്ങാന്‍ പറഞ്ഞു. ജനവാസമില്ലാത്ത ഒരു സ്ഥലം.. ചെറിയ നിലാവെളിച്ചത്തില്‍ ഉയരമുള്ള ഒരു പാറപ്പുറത്താണ് ഞാന്‍ എന്ന് മനസ്സിലായി.നിഗൂഢമായ എന്തോ ലക്ഷ്യം അയാള്‍ക്കുള്ളതായി തോന്നി. ദീര്‍ഘ നേരം പാറപ്പുറത്തു നിന്നും ദൂരേക്ക് നോക്കിനിന്ന ശേഷം അയാളുടെ മനസ്സും തുറക്കപ്പെട്ടു. 

ക്രൈസ്റ്റ് കോളേജില്‍ എംബിഎ ക്കു പഠിക്കുകയാണ്. അച്ഛന്‍ ഗുജറത്തി, വലിയ ബിസിനസ്സുകാരന്‍, അമ്മ മലയാളി. ഈ നഗരത്തില്‍  പണം കൊണ്ട് നേടാന്‍ പറ്റാത്തതായി ഒന്നുമില്ല അയാള്‍ക്ക്. വലിയ ഒരു ഫളാറ്റ്, ഭക്ഷണം  ഉണ്ടാക്കാനും  എന്തിന്  വസ്ത്രങ്ങള്‍ തേച്ചു കൊടുക്കാന്‍ വരെ ആളുണ്ട്. എപ്പഴോ  മയക്കു മരുന്നിനും കഞ്ചാവിനും അടിമപ്പെട്ടു. കോളേജില്‍ പോയിട്ട് മാസങ്ങളായി. നേരംപുലരുന്നത് മദ്യത്താല്‍, അവസാനിക്കുന്നതും. പണം ആസ്വദിച്ചും ദുരുപയോഗം ചെയ്തും അയാള്‍ക്ക് മടുത്തു. ഇതും പറഞ്ഞു സംഭാഷണം നിര്‍ത്തി.

ഇതും പറഞ്ഞു പോക്കറ്റില്‍ നിന്നും ഒരു കുറിപ്പെടുത്തു എനിക്ക് തന്നു

കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു അയാളുടെ. കുറെ നേരം ഒറ്റക്കിരുന്നു. ഒന്നും മിണ്ടാണ്ട്. സമയം ഓടിക്കൊണ്ടേയിരുന്നു. 

നേരം ചെറുതായി പുലര്‍ന്നതു പോലെ തോന്നി. അയാള്‍ ഒരേ ഇരിപ്പാണ്.

ഞാന്‍ അടുത്തു ചെന്ന് ചോദിച്ചു. 'നമുക്ക് പോയാലോ'

ഒന്നും മിണ്ടാതെ അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ആക്കി. ഞാന്‍ കയറിയിരുന്നു. തിരികെയുള്ള യാത്രയില്‍ ഒന്നും തന്നെ മിണ്ടിയില്ല.

ഹോസ്റ്റലിന്റെ മുന്നിലായി കാര്‍ നിര്‍ത്തി. ഇറങ്ങാന്‍ തുടങ്ങിയ എന്നോട് അയാള്‍ പറഞ്ഞു: 'നീ നിന്റെ കുടുംബത്തിന്റെ പ്രതീക്ഷകളെ കാക്കുന്നുവെങ്കില്‍ ഞാന്‍ അത് നഷ്ടപ്പെടുത്തിയിട്ടേ ഉള്ളൂ. ഇന്നേ വരെ. ഇനി അതുണ്ടാവില്ല' 

ഇതും പറഞ്ഞു പോക്കറ്റില്‍ നിന്നും ഒരു കുറിപ്പെടുത്തു എനിക്ക് തന്നു. ഞാന്‍ അത്  തുറക്കുമ്പോഴേക്കും അയാള്‍ പോയിരുന്നു. ഒരു നന്ദി വാക്ക് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ. അതില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.

'Dear mom,
Dont feel sorry for me. 
I enjoyed a lot ..
Now i dont feel anything can make me more happy  in this life 
I dont see anything that can make me to live more..
So i feel this is the end.
Good bye forever 

അടുത്ത ദിവസം പുലര്‍ച്ചെ. എല്ലാവരും ഉറങ്ങിയാ ശേഷം ഒരു വലിയ വാട്ടര്‍ ബലൂണും താങ്ങി ഞാന്‍ വരാന്തയിലൂടെ പതിയെ നടന്നു. താഴേക്ക്  നോക്കിയപ്പോള്‍  ഗോവണികള്‍ക്കിടയിലൂടെ ഉള്ള ഗ്യാപ്പില്‍ പായ വിരിച്ചു കിടക്കുന്നു. ജബറായി. ബലൂണ്‍ പിടുത്തം വിട്ടു. ഭാഗ്യം.ഉന്നം തെറ്റിയില്ല.

'....ഝിലും....'

'യാരാധു' എന്ന ആര്‍പ്പു  ഉയരുമ്പോഴേക്കും ഞാന്‍ പുതപ്പിനുള്ളില്‍ എത്തിയിരുന്നു.

 

'ഇടനാഴി'യില്‍ ഇതുവരെ

ഷിബു ഗോപാലകൃഷ്ണന്‍:  ഒരു പാതിരാ പ്രണയത്തിന്റെ കഥ

ആന്‍സി ജോണ്‍: ഹോസ്റ്റലിനെ വിറപ്പിച്ച ആ ഭരണി!

രാഹുല്‍ രവീന്ദ്ര: ആ കള്ളന്‍ അവനായിരുന്നു; ഹോസ്റ്റലിന്റെ വീരനായകന്‍!​

ഷീബാ വിലാസിനി: പാതിരാത്രിയിലെ കറുത്തരൂപം!

മുഫീദ മുഹമ്മദ് എഴുതുന്നു: കൈവിട്ടുപോയ ഒരു പിറന്നാള്‍ ആഘോഷം!

ഹസ്‌നത് സൈബിന്‍: വിരട്ടി ഡയലോഗുകള്‍ പറയിപ്പിച്ച ചേച്ചിമാര്‍!

അമ്മു സന്തോഷ്: വനിതാ ഹോസ്റ്റലിനകത്ത്  ഒരു 'മീശമാധവന്‍'
 

click me!