ബിഗ്‌ബോസിനും മലയാളിക്കും ഹിമയെ  മനസ്സിലാവാത്തതിന്റെ കാരണങ്ങള്‍

By സുനിത ദേവദാസ്First Published Jul 16, 2018, 12:49 PM IST
Highlights
  • ബിഗ് ബോസ് റിവ്യൂ- ഹിമ ശങ്കര്‍
  • സുനിത ദേവദാസ് എഴുതുന്നു

എല്ലായ്‌പ്പോഴും പൊതുബോധത്തെ വെല്ലുവിളിക്കുന്ന ഒരു രീതി ഹിമയ്ക്കുണ്ട്. ഹിമയുടെ ഒരു ഷോര്‍ട് ഫിലിം 'യക്ഷം' ഇറങ്ങിയപ്പോള്‍ അതിന്റെ ടാഗ് ലൈന്‍ ' അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട സകല 'യക്ഷി'കള്‍ക്കുമായി' എന്നായിരുന്നു . ഇതൊക്കെ ഹിമ പോലുമറിയാതെ മനുഷ്യരെ പ്രകോപിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. വെല്ലുവിളികള്‍ ആര്‍ക്കും ഇഷ്ടമല്ല. പ്രത്യേകിച്ചും പെണ്ണുങ്ങളുടെ വെല്ലുവിളികള്‍ . 

നിലപാടുള്ള സ്ത്രീകളോട് മലയാളികള്‍ക്ക് പൊതുവെ വലിയ താല്‍പര്യമൊന്നുമില്ല എന്ന് പറഞ്ഞാണ് ഹിമ ശങ്കര്‍ 'ബിഗ് ബോസ്' വീടിന്റെ പടിയിറങ്ങിയത് . ഇന്നലെ നടന്ന എലിമിനേഷനില്‍ ഹിമ ശങ്കര്‍ ഗെയിമില്‍ നിന്നും പുറത്തായി. മത്സരാര്‍ത്ഥികളില്‍ കൂടുതല്‍ പേരും ഹിമക്കെതിരെ നിലപാട് എടുത്തതോടെയാണ് ഹിമ പുറത്തായത്. എന്ത് കൊണ്ടായിരിക്കും ഹിമയെ കൂടെയുള്ളവരും പ്രേക്ഷകരും നോട്ടപ്പുള്ളിയാക്കിയത്?

ചില മനുഷ്യരെ നാം പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അകറ്റി നിര്‍ത്തും അല്ലേ? ഒരു കാരണവുമില്ലാതെ എന്ന് പറഞ്ഞാലും ഇതിനു ചില കാരണങ്ങള്‍ ഉണ്ടെന്നതാണ് സത്യം. ഹിമയെ എന്തുകൊണ്ട് ടിപ്പിക്കല്‍ മലയാളികള്‍ വെറുക്കുന്നുവെന്നതിന്റെ കാരണങ്ങള്‍ നമുക്കൊന്ന് അന്വേഷിച്ചു പോയാലോ ?

'നാടകം പഠിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍, അതൊരു മോശം കാര്യമായി കരുതിയ ബന്ധുക്കളുടെയും വീട്ടുകാരുടെയും പല രീതിയിലുള്ള സദാചാര ആക്രമണങ്ങള്‍ക്ക് വിധേയയായിട്ടുണ്ട്. ഏറ്റവും കൂടുതല്‍ 'അവള്‍ ശരിയല്ല'  കണ്ടവരുടെ കൂടെയൊക്കെ നാടകം കളിച്ചു നടക്കുന്നതു കണ്ടോ... അച്ഛനും അമ്മക്കും എന്തറിയാം, അവസാനം പണി കിട്ടുമ്പോ പഠിച്ചോളും അഹങ്കാരി, തുടങ്ങി നാട്ടിന്‍പുറത്തെ സദാചാര കുരുക്കള്‍ എന്റെ നേരെ ഒരുപാട് പൊട്ടിയിട്ടുണ്ടെങ്കിലും... എന്ത് ചെയ്താലും- നല്ലതായാലും ചീത്തയായാലും- മുഖത്ത് നോക്കി പറയുന്ന സ്വഭാവം എനിക്കുള്ളതുകൊണ്ട് പലതിനും എന്നെ ബാധിക്കാന്‍ കഴിഞ്ഞില്ല. ഒരുപാട് വിഷമിച്ച കാലങ്ങള്‍ ഉണ്ട്... ആര്‍ക്കും എന്നെ മനസ്സിലാകുന്നില്ലല്ലോ എന്നോര്‍ത്ത്. പിന്നീട് പതുക്കെ മനസ്സിലായി- ആര്‍ക്കും ആരെയും ബോധ്യപ്പെടുത്താന്‍ എളുപ്പമല്ല... ബോധ്യപ്പെടുത്തിയിട്ടും കാര്യമില്ല. അവനവന്റെ ശരികളില്‍ ഉറച്ചുനില്‍ക്കുക... പലപ്പോഴും തിരിച്ചുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ സദാചാരം മുട്ടുമടക്കുന്നത് കണ്ടിട്ടുണ്ട്'-ഇവിടെ നിന്നാണ് ഹിമ തന്റെ ജീവിതം ആരംഭിക്കുന്നത്. 

ശക്തമായ അഭിപ്രായവും നിലപാടുമുള്ള സ്ത്രീകളെ മലയാളികള്‍ക്ക് ഇഷ്ടമല്ല

നിലപാടുള്ള പെണ്ണുങ്ങളെ ഭയക്കുന്നവര്‍
ഇത്രയും ശക്തമായ അഭിപ്രായവും നിലപാടുമുള്ള സ്ത്രീകളെ മലയാളികള്‍ക്ക് ഇഷ്ടമല്ല എന്നത് തന്നെയാണ് യാഥാര്‍ഥ്യം. കാരണം ഇത്തരം സ്ത്രീകള്‍ എല്ലായ്‌പ്പോഴും മനുഷ്യരുടെ ഈഗോയെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കും. ചോദ്യം ചെയ്തു കൊണ്ടിരിക്കും. ചുറ്റുപാടുകളോട് കലഹിച്ചു കൊണ്ടിരിക്കും .  വ്യക്തികളോടും വ്യവസ്ഥിതികളോടും കലഹിക്കുക എന്നത് അവര്‍ അറിയാതെ തന്നെ പ്രവൃത്തികളിലൂടെയും അഭിപ്രായ പ്രകടനത്തിലൂടെയും എന്തിനേറെ ശരീര ഭാഷയിലൂടെ പോലും പ്രകടിപ്പിച്ചു കൊണ്ടിരിക്കും. 

ഏഷ്യക്കാര്‍ക്ക് പൊതുവെ ഇഷ്ടം ശാന്തമായ മുഖവും ശരീരഭാഷയുമുള്ള മനുഷ്യരെയാണ്. എന്നാല്‍ ഹിമ കുത്തിയൊലിച്ചു വരുന്ന ഒരു കാട്ടരുവി പോലെയാണ്. വളരെ അഗ്രസീവ് ആണ് ഹിമയുടെ ചലനങ്ങളും പെരുമാറ്റവും. കാരണമില്ലാതെ ഇഷ്ടമില്ലാതായി എന്ന് സാബുവടക്കമുള്ളവര്‍ ഹിമയെ കുറിച്ച് പറയാനുള്ള ഒരു കാരണം ഇത് തന്നെയാണ്. ഹിമയുടെ ശബ്ദവും അതിന്റെ ടോണും എല്ലായ്‌പ്പോഴും ബിഗ് ബോസ് വീടിനകത്തു ചൂടുള്ള ചര്‍ച്ചയായിരുന്നു. എന്ത് പറയുന്നുവെന്നതിനേക്കാള്‍ ഏത് ടോണില്‍ അത് പറഞ്ഞുവന്നത് തന്നെയാണ് ചര്‍ച്ചയായത്. 

'ചിതയിലേക്ക് ചിരിച്ചുകൊണ്ട് പോകാനാണ് ആഗ്രഹം; വേറൊന്നും അതിനേക്കാള്‍ വലുതല്ല'- തന്റെ നിലപാടുകളേയും അഭിപ്രായങ്ങളേയും വ്യക്തമാക്കിയിട്ട് കിട്ടുന്നതെല്ലാം മതിയെനിക്കെന്നും തന്നെ മനസിലാക്കിയിട്ടു വരുന്നവര്‍ തന്നിലേക്കു വന്നാല്‍ മതിഎന്നും ഹിമ പലയിടത്തും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് ഇങ്ങനെ വെല്ലുവിളിക്കുന്നത് തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ മാത്രം മലയാളി വളര്‍ന്നിട്ടില്ല എന്നത് തന്നെയാണ് നിലവിലെ അവസ്ഥ. 

കൂടാതെ ഹിമ എല്ലായ്‌പ്പോഴും സംസാരിക്കുന്നത് ബോഡി പൊളിറ്റിക്‌സിനെ കുറിച്ചാണ്. തന്റെ സ്വന്തം ശരീരമാണ് മറ്റാരുടേയും അല്ല. തന്റെ ശരീരം തുണിയുടുപ്പിക്കണോ, ഉടുപ്പിടാതെ ഇരിക്കണോ, ഒരു കഥാപാത്രം ചെയ്യുമ്പോള്‍ എങ്ങനെ അഭിനിയിക്കണം എന്നെല്ലാം വേറെ ആര്‍ക്കും തീരുമാനിക്കാന്‍ പറ്റില്ലെന്നും ഹിമ പറഞ്ഞിട്ടുണ്ട്. ശരീരം, അതിന്റെ സാദ്ധ്യതകള്‍, ശരീരം എന്ന ടൂള്‍ എന്നൊക്കെ ഹിമ പറയുമ്പോള്‍ മനുഷ്യര്‍ അവളെ ഭയന്ന് തുടങ്ങും. ഇവളിനി നമ്മുടെയൊക്കെ ചാരിത്ര്യം നശിപ്പിക്കുമോ എന്ന്. 

ശരീരത്തിന്റെ രാഷ്ട്രീയത്തെ മനുഷ്യനും അവന്‍െ\അവളുടെ ശരീരവുമായുള്ള കോണ്‍ടെക്‌സ്റ്റിലൂടെ കാണാന്‍ ശ്രമിക്കുന്ന,  ശരീരത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന ഒരു സംരംഭം ഹിമ തുടങ്ങിയിരുന്നു. തിയേറ്റര്‍ ഓഫ് സോള്‍ സീക്കേര്‍സ് എന്ന പേരില്‍. 

ഹിമ എന്താണ് ഉദേശിച്ചത് എന്ന് എത്ര പേര്‍ക്ക് മനസ്സിലായിക്കാണും?

സത്യവുമായി ഒരുവള്‍ എന്തിന് ഏറ്റുമുട്ടണം? 
അതിലൂടെ ഹിമ ശരീരത്തെ മറി കടന്നു മുന്നോട്ടുപോയി. സത്യാന്വേഷകയായി. ഹിമ ബിഗ് ബോസ് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ പറഞ്ഞ വാചകം 'എന്റെ മത്സരം ബിഗ് ബോസുമായിട്ടല്ല, സത്യവുമായാണ്. ഞാന്‍ സത്യാന്വേഷകയാണ്. അത് തുടരും' എന്നാണ്. മലയാളികള്‍ക്ക് മുഖം ചുളിക്കാന്‍ പറ്റിയ വാചകം. ഇവളാര് ഇതു പറയാന്‍? ഇതൊരു തള്ളല്ലേ? സത്യാന്വേഷണം എന്നത് ഗാന്ധിജിക്കൊക്കെ പറഞ്ഞതല്ലേ എന്നൊക്കെയാവും ടിപ്പിക്കല്‍ മലയാളിയുടെ ആദ്യപ്രതികരണം; ഉറപ്പാണ്. ഹിമ എന്താണ് ഉദേശിച്ചത് എന്ന് എത്ര പേര്‍ക്ക് മനസ്സിലായിക്കാണും? അതറിയണമെങ്കില്‍ ഹിമയെ അറിയണം. മനുഷ്യര്‍ അവരവരുടെ സത്യത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥകള്‍ അറിയണം. സ്വന്തം ശരികള്‍ എങ്ങനെ ലോകത്തിന്റെ ശരികളില്‍നിന്നും വേറിട്ടുനില്‍ക്കുന്ന എന്ന അന്തംവിടലുകളില്‍നിന്നുള്ള മുന്നോട്ടുനടത്തങ്ങളുടെ സാദ്ധ്യതകള്‍ അറിയണം. അവരവരെ തിരിച്ചറിയാനുള്ള തീ അല്‍പ്പമെങ്കിലും ഉള്ളിലുണ്ടാവണം. പ്രേക്ഷകരുടെ അഭിപ്രായം പ്രസക്തമായ ഒരു റിയാലിറ്റി ഷോയില്‍, ഇതൊന്നുമല്ലാത്ത സാഹചര്യത്തെ അഭിമുഖീകരിക്കുമ്പോള്‍ എന്താണോ സംഭവിക്കുക, അതു തന്നെയാണ് ഹിമയ്ക്ക് ഇന്നലെ സംഭവിച്ചത്. 

ഹിമ പഠിച്ചത് സംസ്‌കൃതമാണ്. സംസ്‌കൃതത്തില്‍ ബിരുദം നേടിയ ശേഷമാണ് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പോകുന്നത്. ഹിമയില്‍ മറ്റുള്ളവര്‍ കാണുന്ന പൊരുത്തക്കേടുകള്‍ പലതും ഇതുമായി ബന്ധപ്പെട്ടതാണ്. ഹിമ കുറച്ചു യോഗ, ആത്മീയത ഒക്കെ ബോഡി പൊളിറ്റിക്‌സിനോടൊപ്പം മിക്‌സ് ചെയ്യുമ്പോള്‍ മനുഷ്യര്‍ അന്തം വിടുകയാണ്. എന്താണ് ഇവള്‍ പറയുന്നതും ചെയ്യുന്നതും എന്ന്. 

ബിഗ് ബോസ് വീട്ടിലെ തല മസാജ് ചെയ്യല്‍ 'കലാപരിപാടി'യുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ അസ്വസ്ഥതകളും ഇതില്‍ നിന്നും ഉണ്ടായതാണ്. നമ്മള്‍ നില്‍ക്കുന്ന ഒരു തലത്തിലേ അല്ല ഹിമ നില്‍ക്കുന്നത്. ആ തലം അറിയാന്‍ പോയിട്ട്, അങ്ങനെയും ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട് എന്ന് അംഗീകരിക്കാന്‍ പോലും കഴിയാത്ത നിത്യജീവിതക്കുരുക്കില്‍ അടയിട്ടു കഴിയുന്ന മലയാളി ജീവിതങ്ങള്‍ക്ക് ഇതെങ്ങനെ മനസ്സിലാവാന്‍? 

ഹിമയുടെ ഡിഫോള്‍ട്ട് പരിമിതികള്‍
എന്നാല്‍, ബിഗ് ബോസ് പോലുള്ള ഒരു മല്‍സര ഇടത്ത്, ഹിമയ്ക്ക് സംഭവിച്ച തകരാറ് താനെന്തെന്ന്, താന്‍ പറയുന്നത് എന്തെന്ന്, ചെയ്യുന്നത് എന്തെന്ന് വേണ്ടവിധം മനുഷ്യര്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ കഴിയുന്നില്ല എന്നതാണ്. അരിസ്‌റ്റോ സുരേഷ് ഹിമ തല മസാജ് ചെയ്തത് ശരിയായില്ലെന്നു പറയുമ്പോഴും സാബുവും രഞ്ജിനിയുമൊക്കെ ഹിമ അര്‍ദ്ധനഗ്‌നനായ ഷിയാസിനെ മസാജ് ചെയ്തതിനെ കുറിച്ച് കമന്റ് പറയുമ്പോഴും എന്തുകൊണ്ട് താനിതൊക്കെ ഈ ആംഗിളില്‍ കാണുന്നുവെന്ന് അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ഹിമയ്ക്ക് കഴിയുന്നില്ല. സ്വയം അവരാരും അത് മനസ്സിലാക്കിയുമില്ല. അത് ഭാഷയുടെ പ്രശ്‌നമാണ്. മറ്റുള്ളവരുടെ ഭാഷയില്‍നിന്ന് വേറിട്ടുപോവുന്നവരുടെ പ്രശ്‌നമാണ്. സത്യാന്വേഷികളുടെയും സന്ദേഹികളുടെയും എക്കാലത്തെയും ഭാഷാപ്രശ്‌നമാണ്. ഉറപ്പുകളിലും തീര്‍ച്ചകളിലും ഉറച്ചുപോവാത്ത മനുഷ്യര്‍ക്ക് തങ്ങളുടെ കലക്കങ്ങളെ എങ്ങനെ പ്രകാശനം ചെയ്യാം എന്നറിയാത്തതിന്റെ സഹജമായ പ്രശ്‌നം. അത്് ഒരു ഡിഫോള്‍ട്ട് പ്രശ്‌നമാണ്. കാലങ്ങള്‍ക്കു കൊണ്ടു മാത്രം ഒരാള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുന്ന ഒന്നാണ്, സ്വയം പ്രകാശിപ്പിക്കാന്‍ കഴിയുന്ന ഒരു ഭാഷയുടെ കണ്ടെത്തല്‍. ഹിമ തുടങ്ങിയിട്ടേയുള്ളൂ. അവളതിലെത്തപ്പെടുക തന്നെ ചെയ്യുമെന്ന് ബിഗ് ബോസ് മാത്രം വെച്ച് ഉദാഹരിക്കാനാവും. 

ഹിമ തന്റെ ആനന്ദങ്ങളെക്കുറിച്ചു പറയുന്നത് 'ആനന്ദത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ എന്നുള്ളില്‍ത്തന്നെ ചികയുന്നവള്‍ ആണ്. പലപ്പോഴും, ഒറ്റയ്ക്കിരുന്ന് ചിന്തിക്കാനാണെനിക്കിഷ്ടം. ചെറുപ്പം മുതല്‍ അങ്ങനെയാണ്. എത്ര നേരം വേണമെങ്കിലും ഒറ്റയ്ക്ക് ഇരുന്നുകൊള്ളും. ഒരു പ്രശ്‌നവുമില്ല. മറ്റ് ലഹരികള്‍ പൊതുവെ ഒരു പരിധി വിട്ട് എന്നെ ആകര്‍ഷിച്ചിട്ടില്ല. മദ്യമോ മറ്റ് ലഹരികളോ ഉപയോഗിച്ചിട്ടില്ലെന്ന് പറയുന്നില്ല. ഇതൊന്നും കാണാത്തപ്പോള്‍പ്പോലും പലരും എന്റെ മയങ്ങിയ കണ്ണുകണ്ടിട്ട് കഞ്ചാവിനടിമയാണ് എന്നൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു രണ്ട് ദിവസത്തിനപ്പുറം ലഹരിക്ക് എന്നെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല. പെട്ടെന്ന് മടുക്കും. എനിക്ക് എന്നില്‍ത്തന്നെ ഇരിക്കുന്നതാണ് ഏറ്റവും ആനന്ദം'-എന്നാണ്. 

 

 

ഈ തമാശകള്‍ക്കകത്തുവേണം ഹിമ പുറത്തായത് ശരിക്കും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത്. 

ഹിമ​ മാത്രമെങ്ങനെ ഫേക്കും സെല്‍ഫിഷ്‌നെസുമാവും? 
അതും കൂടെയുള്ളവര്‍ക്കും പ്രേക്ഷകര്‍ക്കും മനസ്സിലാവുന്നില്ല. ഇതിനെ അവര്‍ ഫേക്ക് വ്യക്തിത്വമായിട്ടും സെല്‍ഫിഷ്നെസായിട്ടുമാണ്  കാണുന്നത്. യഥാര്‍ത്ഥത്തിലുള്ള താനാരാണെന്ന് വെളിപ്പെടുത്താതെ, പ്രേക്ഷകര്‍ക്കും പൊതുബോധത്തിനും പറ്റും വിധത്തില്‍ സ്വയം പ്രകാശിപ്പിക്കാനും അതാര്‍ക്കും മനസ്സിലാവില്ലെന്നു കരുതി ഒട്ടകപ്പക്ഷിയെപ്പോലെ കളിക്കാനും കഴിയുന്നവരുടെ ബിഗ് ബോസ് വീട്ടിനുള്ളിലാണ് ഒരുവള്‍ ഫേക്ക് ആയി മുദ്രകുത്തപ്പെടുന്നത്! മറ്റുള്ളവരെ ഓരോന്നായി ഇറക്കിവിട്ട് അതിനുമുകളിലൂടെ പാഞ്ഞുകയറി കിരീടം ഉറപ്പാക്കാനുള്ള 'സെല്‍ഫിഷ് കളികളുടെ സ്വന്തം ഗെയിമി'ലാണ് ഒരുവള്‍ സെല്‍ഫിഷ് എന്ന് മുദ്രകുത്തപ്പെട്ട് പുറത്താവുന്നത്! ഈ തമാശകള്‍ക്കകത്തുവേണം ഹിമ പുറത്തായത് ശരിക്കും എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത്. 

എല്ലായ്‌പ്പോഴും പൊതുബോധത്തെ വെല്ലുവിളിക്കുന്ന ഒരു രീതി ഹിമയ്ക്കുണ്ട്. ഹിമയുടെ ഒരു ഷോര്‍ട് ഫിലിം 'യക്ഷം' ഇറങ്ങിയപ്പോള്‍ അതിന്റെ ടാഗ് ലൈന്‍ ' അരുതുകളുടെ ആണികളില്‍ അടക്കം ചെയ്യപ്പെട്ട സകല 'യക്ഷി'കള്‍ക്കുമായി' എന്നായിരുന്നു . ഇതൊക്കെ ഹിമ പോലുമറിയാതെ മനുഷ്യരെ പ്രകോപിപ്പിക്കുന്നുണ്ട് എന്നതാണ് സത്യം. വെല്ലുവിളികള്‍ ആര്‍ക്കും ഇഷ്ടമല്ല. പ്രത്യേകിച്ചും പെണ്ണുങ്ങളുടെ വെല്ലുവിളികള്‍ . 

ഇതൊന്നും പോരാഞ്ഞ് ഹിമ റിമയുടെ പൊരിച്ച മീന്‍ പരാമര്‍ശത്തിന്റെ പേരില്‍ വിവാദമുണ്ടായപ്പോള്‍ റിമയെ ശക്തമായി പിന്തുണച്ചു രംഗത്തു വന്നിരുന്നു . 'ഏറ്റവും കുടുതല്‍ അടികള്‍ കൊണ്ട് കാല് പൊളിഞ്ഞിട്ടുള്ളത് വികൃതി കാട്ടിയതിനല്ല. തിരിച്ച് ചോദ്യങ്ങള്‍ ചോദിച്ചതിന്, പെണ്‍കുട്ടിയായത് കൊണ്ട് ചുണ്ടെടുക്കരുത്, ഉറക്കെ സംസാരിക്കരുത്, കാലിന്‍മേല്‍ കാല്‍ വച്ച് ഇരിക്കരുത്, ഗസ്റ്റ്്  വന്നാല്‍ അവരുടെ കൂടെ ഇരിക്കരുത്. ഞാന്‍ പെണ്‍കുട്ടിയായി ജനിച്ചത് എന്റെ കുറ്റമാണോ' എന്നൊക്കെ ഹിമ നമ്മളോട് നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളായി ഹിമ ഇങ്ങനൊക്കെ ചോദിക്കുന്നത് കേള്‍ക്കുന്ന ഒരു മലയാളിക്ക് അവളെ വെറുക്കാന്‍ വേറെ കാരണമൊന്നും വേണ്ട. 

മലയാളിയുടെ പൊതുബോധമാകെ പെരുമ്പാമ്പ് ഇരവിഴുങ്ങിയ മട്ടില്‍ കിടപ്പുതന്നെയാണ്.

ബിഗ്‌ബോസിന്റെ, മലയാളിയുടെ പുറംപൂച്ച്
അതോടെ ഹിമ 'ഫെമിനിച്ചിയായി' മുദ്രകുത്തപ്പെട്ടു. 'കുലസ്ത്രീ'കളുടെ കൂട്ടത്തില്‍നിന്നും ഓട്ടോമാറ്റിക്കായി പുറത്തായി. സ്വാതന്ത്ര്യത്തെയും വിമോചനത്തെയും ശരീരത്തിന്റെ രാഷ്ട്രീയത്തെയും സോഷ്യല്‍ മീഡിയകളിലടക്കം പുതിയ കാലത്തെ സ്ത്രീകള്‍ തിരുത്തിയെഴുതുന്ന കാലത്താണ് ഇത് സംഭവിക്കുന്നത് എന്നോര്‍ക്കുക. സ്ത്രീ വിരുദ്ധത എന്ന് കണ്ടാല്‍ പൊട്ടിത്തെറിക്കുന്ന സമകാലീന മലയാളി പൊതുബോധത്തിന്റെ അതേ കാലത്താണിത്. ഇതിനര്‍ത്ഥം ഒന്നേയുള്ളൂ. മലയാളിയുടെ മാറ്റം എന്നത് െലെക്കിലും കമന്റിലും മാത്രമേയുള്ളൂ. മലയാളിയുടെ പൊതുബോധമാകെ പെരുമ്പാമ്പ് ഇരവിഴുങ്ങിയ മട്ടില്‍ കിടപ്പുതന്നെയാണ്. മലയാളിയുടെ ഈ പുറംപൂച്ച് പച്ചയ്ക്ക് വെളിവാക്കുന്നുണ്ട്, ബിഗ് ബോസിനും മലയാളിക്കും ഹിമയെ മനസ്സിലാക്കാന്‍ കഴിയാത്ത ഈ അവസ്ഥ. 

അങ്ങനെ ഇരിക്കുമ്പോഴാണ് ഹിമ അടുത്ത ബോംബ് പൊട്ടിക്കുന്നത് . മലയാള സിനിമയില്‍ ബെഡ് വിത്ത് ആക്ടിങ് ഉണ്ടെന്നതായിരുന്നു ആ വിവാദ വെളിപ്പെടുത്തല്‍ . സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ തന്നെ വിളിച്ചിരുന്നുവെന്നും, സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചെന്നും ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു അവരുടെ മറുപടിയെന്നും ഹിമ പറഞ്ഞു . 

ഇത്രയൊക്കെ കാരണം പോരെ മലയാളിക്ക് ഒരു സ്ത്രീയെ വെറുക്കാന്‍? 

അപ്പോഴാണ് ഹിമ എന്താണെന്നു പ്രേക്ഷര്‍ക്ക് മനസ്സിലായത്. 

ഹിമയെ പ്രേക്ഷകര്‍ സ്‌നേഹിക്കാന്‍ തുടങ്ങിയ നിമിഷം
രഞ്ജിനിയും ശ്വേതയും പേളിയും സാബുവുമൊക്കെ ഹിമക്ക് എതിരായാണ് വോട്ട് ചെയ്തത് . ഹിമയുടെ അപാര കോണ്‍ഫിഡന്‍സ് അവരെയൊക്കെ അത്രക്കും ഇറിറ്റേറ്റ് ചെയ്തിരുന്നു . ഹിമ ശക്തയായ എതിരാളിയാണെന്നു രഞ്ജിനിക്ക് ആദ്യമേ തന്നെ അറിയാമായിരുന്നു. സാബുവും അര്‍ച്ചനയുമൊക്കെ ഹിമയുമായി ഏറ്റുമുട്ടുമ്പോള്‍ ഹിമയ്ക്ക് കാമറ അറ്റന്‍ഷന്‍ കിട്ടാതിരിക്കാന്‍ വേണ്ടി രഞ്ജിനി അത് ഒതുക്കാന്‍ ശ്രമിക്കുന്നത് ഓര്‍ക്കുക. 

മൃദുല വികാരങ്ങള്‍ മറച്ചു പിടിക്കുക, സ്‌ട്രോങ് ആണെന്ന് ശരീര ഭാഷയിലൂടെയും സംസാരത്തിലൂടെയും പ്രകടിപ്പിക്കുക, മറ്റുള്ളവരോടുള്ള വിയോജിപ്പും അകല്‍ച്ചയും പരസ്യമായി പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ ശക്തമായി എതിര്‍ക്കുക, മറ്റുള്ളവരെ അമ്പരപ്പിക്കുന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുക എന്നിവയിലൂടെ തന്നെയാണ് ഹിമ കൂടെയുള്ളവര്‍ക്ക് അനഭിമതയായത് . സൈക്കോളജിയില്‍ ഒരാളെ മറ്റുള്ളവര്‍ വെറുക്കാന്‍ പറയുന്ന പ്രധാന കാരണമായ D I S C ( Dominance , Influencing, Steadiness , Compliance) ഹിമയില്‍ പ്രകടമാണ് . 

എന്നാല്‍ ഹിമയുടെ അവസാന ദിവസത്തെ സംസാരവും ആത്മവിശ്വാസത്തോടെയുള്ള പുറത്തേക്ക് പോക്കും മുതല്‍ പ്രേക്ഷകര്‍ ഹിമയെ സ്‌നേഹിക്കാന്‍ തുടങ്ങി എന്നതാണ് സത്യം. അപ്പോഴാണ് ഹിമ എന്താണെന്നു പ്രേക്ഷര്‍ക്ക് മനസ്സിലായത്. 

തൃശൂര്‍ ജില്ലയില്‍ ചാലക്കുടിക്കടുത്ത് കൊടകരയിലാണ് ഹിമയുടെ വീട്. ഏഴാം ക്‌ളാസില്‍ ആദ്യമായി  നാടകത്തില്‍  അഭിനയിച്ചു. എട്ടാം ക്‌ളാസ് മുതല്‍ എഴുതി സംവിധാനം ചെയ്ത് അഭിനയിക്കാന്‍ തുടങ്ങി. സംസ്‌കൃത സര്‍കലാശാലയില്‍ സംസ്‌കൃതം ബിഎയുടെ ഉപവിഷയമായി നാടകം തിരഞ്ഞെടുത്തു. സൂര്യ കൃഷ്ണമൂര്‍ത്തിയുടെ 'സൂര്യ' ഗ്രൂപ്പില്‍  നാടക പ്രവര്‍ത്തക. സിനിമാഭിനയവും സോഷ്യല്‍ ആക്ടിവിസവും മീഡിയ പ്രവര്‍ത്തനവുമാണ് മേഖലകള്‍. 

 

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

ബിഗ് ബോസ് റിവ്യൂ.പേളി മാണി

ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്​

ശ്വേതയുടെ മാടമ്പിത്തരത്തിന് താല്‍ക്കാലിക അറുതി?

click me!