Asianet News MalayalamAsianet News Malayalam

ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്

  • ബിഗ് ബോസ് റിവ്യൂ
  • സുനിത ദേവദാസ് എഴുതുന്നു
bigg boss review sunitha devadas
Author
First Published Jul 14, 2018, 5:05 PM IST

നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയിട്ടില്ലേ 'വെറുമൊരു' പെണ്ണായ രഞ്ജിനി എന്തിനിങ്ങനെ ഉറക്കെ ചിരിക്കുന്നുവെന്നും തർക്കിച്ചു ജയിക്കുന്നുവെന്നും? ചിലർക്ക് തോന്നുന്നില്ലേ പെണ്ണായാൽ ഇങ്ങനെ വേണം എന്ന്. അനൂപ് ശ്വേതയുമായി തർക്കമുണ്ടാവുമ്പോൾ നമ്മളും ചേരി തിരിഞ്ഞ് ശ്വേതക്കൊപ്പവും അനൂപിനൊപ്പവും നിൽക്കുന്നില്ലേ ? ഇന്നലെ പലർക്കും തോന്നിയില്ലേ സാബു പറഞ്ഞതാണ് ശരി - ആ ഷിയാസെന്തിനാ പേരിനു മാത്രം തുണിയുടുത്ത് ഹിമയുടെ മുന്നിൽ പാതിരാത്രി പോയി ഇരുന്നത് എന്ന് ? എങ്കിലും ബഷീർ അതിനെ കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ രണ്ടു പെണ്ണ് കെട്ടിയ ഇവനെന്താ ഇത് പറയാൻ യോഗ്യത എന്ന് ?​

bigg boss review sunitha devadas

ഇത് #MeToo കാലത്തെ ബിഗ് ബോസ് ആണ്, സ്ത്രീകളെ കുറിച്ചുള്ള ആണ്‍തോന്നലുകളെ  ഇഴകീറി വലിച്ചൊട്ടിക്കുന്ന പെണ്ണുറപ്പിന്‍റെ ദൈനം ദിന എപ്പിസോഡുകളുടെ സമരഭൂമിയാവുന്നു 'ബിഗ് ബോസ്' എന്ന റിയാലിറ്റി ഷോ അനുഭവം. ആണ്‍ ഷോവനിസ്റ്റുകള്‍ക്ക് ഇതിനെ ഒരു 'ഫെമിനിച്ചി വീട്' എന്ന് പരിഹസിക്കാം. പക്ഷേ, സ്ത്രീവിരുദ്ധ ഭാഷണങ്ങളെ വച്ചുപൊറുപ്പിക്കാത്ത ഒരിടത്ത്, ആണുങ്ങള്‍ക്ക് കഴിഞ്ഞുകൂടുക ശ്രമകരമാണ് എന്ന് ഓരോ എപ്പിസോഡും തെളിയിക്കുന്നു.

ഷോയുടെ ആദ്യ എപ്പിസോഡില്‍ തന്നെ രഞ്ജിനി ഹരിദാസ് സാബുവിനെതിരെ ആദ്യ വെടി പൊട്ടിച്ചു. മൂടിക്കെട്ടിയ കണ്ണ് തുറന്ന്  വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ,  ഒരു പഴയ സ്ത്രീവിരുദ്ധ പരാമർശത്തിന് രഞ്ജിനി, സാബുവിനോട് ക്ഷമാപണം ആവശ്യപ്പെടുകയാണ്. ആദ്യദിവസം തന്നെ ഉരസലുണ്ടാവാതെ, ഒഴിഞ്ഞുമാറുക മാത്രമേ  സാബുവിന് നിവൃത്തിയുള്ളൂ.  തുടർന്നുള്ള ഓരോ ദിവസവത്തിലെയും പ്രധാന സംഭവങ്ങളില്‍ ഒരു ആണ്‍-പെണ്‍ സമരത്തിന്‍റെ അന്തര്‍ധാര സജീവമാണെന്ന് പറയാം.

സ്ത്രീ ശരീരത്തെ കുറിച്ചുള്ള പരാമർശം അവരൊന്നും അത്ര നിസ്സാരമായി കാണുന്നില്ലെന്ന് മാത്രമല്ല ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു

ഏറ്റവും അവസാനത്തെ എപ്പിസോഡിന്‍റ തന്തുവും എത്തി നിന്നത് ഈ സംഘര്‍ഷത്തില്‍ തന്നെ. മോഡലായ ഷിയാസ് എന്ന പുതിയ മത്സരാര്‍ത്ഥിയുടെ തല മസ്സാജ് ചെയ്യുന്ന ഹിമയെ കണ്ട സാബു, നടത്തുന്ന സ്ത്രീവിരുദ്ധ പരാമര്‍ശത്തെ, രൂക്ഷമായി ഹിമ നേരിടുമ്പോള്‍, തന്‍റെ ഈ സ്വഭാവം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് പറയാനേ സാബുവിന് നിവൃത്തിയുള്ളൂ. ഇതൊരു ആണ്‍മനോഭാവം മാത്രമല്ലെന്നും, എല്ലാ പെണ്ണുങ്ങള്‍ക്കും ഒരു സ്വാഭാവിക സ്ത്രീപക്ഷ ലെന്‍സ് ഇല്ല എന്ന് ആദ്യ എപ്പിസോഡുകളില്‍ ദിയ സനയോടുള്ള മറ്റ് പെണ്‍മത്സരാര്‍ത്ഥികളുടെ പെരുമാറ്റം ശ്രദ്ധിച്ചാല്‍ മനസ്സിലാവും.  ദിയ സനയെ ബിഗ് ബോസ് വീട്ടിൽ ആദ്യ വാരം അനഭിമതയാക്കിയത് ദിയയുടെ സ്ത്രീപക്ഷ വാദങ്ങളും രാഷ്ട്രീയവും കൂടെയുള്ളവർക്ക് അരോചകവും മടുപ്പും അനുഭവപ്പെട്ടിട്ടാണ്. 'ദിയ പുറത്തുള്ള കാര്യങ്ങള്‍ പറയാതെ കുടുംബത്തിലെ കാര്യങ്ങള്‍ പറയൂ' എന്ന് അര്‍ച്ചന ഒരു എപ്പിസോഡില്‍ ദിയയോട് പറയുന്നുമുണ്ട്.  

ഒരു സ്ത്രീപക്ഷ - സ്ത്രീവിരുദ്ധ രാഷ്ട്രീയം തന്നെയാണ് അംഗങ്ങൾ തമ്മിലുള്ള പല ഉരസലിലും എത്തുന്നത് . ശ്വേത , രഞ്ജിനി , ഹിമ , ദിയ സന എന്നിവർക്ക്, ഒരുപോലെയുള്ളതല്ല എങ്കിലും, ഒരു വ്യക്തമായ ഫെമിനിസ്റ്റ് കാഴ്ചപ്പാട് ഉണ്ട്.  അനൂപ് ശ്വേതയെ കുറിച്ച് നടത്തിയ 'നിങ്ങളുടെ എല്ലാം നാട്ടുകാർ കണ്ടിട്ടുണ്ടല്ലോ , ഇനി കാണാനൊന്നും ബാക്കിയില്ലല്ലോ' എന്ന പരാമർശം അനൂപിനെ എലിമിനേഷനിൽ വരെ എത്തിച്ചതിൽ ഈ സ്ത്രീകൾ ഉയർത്തി പിടിക്കുന്ന സ്ത്രീപക്ഷ രാഷ്ട്രീയത്തിന് വലിയ പങ്കുണ്ട് . സ്ത്രീ ശരീരത്തെ കുറിച്ചുള്ള പരാമർശം അവരൊന്നും അത്ര നിസ്സാരമായി കാണുന്നില്ലെന്ന് മാത്രമല്ല ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു . അതിനെ പ്രതിരോധിക്കാനാവാതെ ആണ്‍പക്ഷം പ്രതിരോധത്തിലും ആവുന്നു.

അത് ബിഗ് ബോസ്  നൽകിയ ടാസ്ക്ക് ആയിരുന്നില്ലെങ്കിൽ ദിയയും രഞ്ജിനിയും ഹിമയും ശ്വേതയും കൂടി  സാബുവിന്‍റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചേനെ. 

എന്നാൽ, ഇതേ ശ്വേത നിറത്തിന്‍റെ പേരിൽ ദിയ സനയെ 'കരിഞ്ഞ മമ്മൂട്ടി' എന്ന് പരിഹസിക്കുന്നുമുണ്ട് . ശ്വേതയുടെ ഫെമിനിസത്തിൽ എവിടുന്നാണ് വംശീയത കടന്നു വരുന്നത് എന്നറിയില്ല. ഫെമിനിസത്തോടൊപ്പം  'കുലസ്ത്രീ മാടമ്പിത്തര'വും സുന്ദരമായ കൊണ്ടുപോവാം എന്നതിന്‍റെ ഒരു ഉദാഹണം കൂടിയാവുന്നു, ബിഗ് ബോസ് വീട്ടിലെ ശ്വേതയുടെ പരാമര്‍ശം. 

ദിയ സനയെ, വീട്ടിലെ മറ്റ് അംഗങ്ങളോടൊപ്പം ചേര്‍ന്ന് കബളിപ്പിക്കാന്‍ ബിഗ് ബോസ് സാബുവിന് ടാസ്ക്ക് കൊടുത്തപ്പോള്‍, ദിയ സനയെ കുടുക്കാന്‍ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം ആണ് സാബു തെരഞ്ഞെടുക്കുന്നത്.  ആവശ്യത്തിന് കാല് മറയ്ക്കാത്ത വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞാണ് സാബു ദിയയെ പ്രകോപിപ്പിക്കുന്നത് . സാബുവിനറിയാം ദിയയെ പ്രകോപ്പിക്കാനുള്ള എളുപ്പവഴി അതാണെന്ന് . അതെ സമയം ദിയക്കും സാബുവിന്‍റെ സ്ത്രീപക്ഷ കാഴ്ചപ്പാടുകളെ കുറിച്ച്  മുൻഅനുഭവങ്ങളിൽ നിന്നും രൂപപ്പെട്ട ഒരു മുൻധാരണ ഉണ്ട്. പൊട്ടിത്തെറിക്കാൻ അവസരം കിട്ടിയപ്പോ ദിയ പൊട്ടിത്തെറിച്ചു. അത് ബിഗ് ബോസ്  നൽകിയ ടാസ്ക്ക് ആയിരുന്നില്ലെങ്കിൽ ദിയയും രഞ്ജിനിയും ഹിമയും ശ്വേതയും കൂടി  സാബുവിന്‍റെ കരണക്കുറ്റി അടിച്ചു പൊട്ടിച്ചേനെ. 

ഏറ്റവും പുതിയ എപ്പിസോഡില്‍, ഹിമ ശങ്കർ ഷിയാസിന്‍റെ തല മസ്സാജ് ചെയ്തു കൊടുത്തപ്പോൾ ഷിയാസ് വെറുമൊരു തോർത്ത് മാത്രം ഉടുത്ത് ഇരുന്നു എന്നതാണ് വീട്ടിലെ ഏറ്റവും പുതിയ സദാചാര വിഷയം. അടിസ്ഥാനപരമായി വളരെ യാഥാസ്ഥിതികമായ സ്ത്രീപക്ഷ കാഴ്ചപ്പാടും രാഷ്ട്രീയവുമുള്ള സാബു അതിനെക്കുറിച്ച് 'ഷിയാസെ നിനക്ക് പെണ്ണ് കിട്ടില്ല' എന്ന് പറയുന്നതിൽ ഒരു സദാചാര രാഷ്ട്രീയമുണ്ട് . അത് കേട്ട് കലിയിളകുന്ന ഹിമക്ക് ഒരു ഫെമിനിസ്റ്റ് രാഷ്ട്രീയവുമുണ്ട് . ഒരു മനുഷ്യന്‍റെ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം കുടുംബിനി അവുക എന്നതാണെന്നാണ് സാബു പറയുന്നത്, കൂടാതെ ഒരു സ്ത്രീയും പുരുഷനും അങ്ങനെ ഇരിക്കുന്നതിൽ അപാകത ഉണ്ടെന്നും.  എന്നാൽ ഹിമക്ക് അത്  അപമാനമായാണ് ഫീൽ ചെയ്യുന്നത്. ഒരു പുരുഷനെ സ്പര്‍ശിച്ചാലുടൻ അതിൽ ലൈംഗികത കാണുന്നത്  അപമാനമായി തിരിച്ചറിയുന്നു. യോഗ ചെയ്യുന്ന ഹിമയുടെ   അടുത്ത് പോയിരുന്ന് കൊച്ചു വർത്തമാനം  പറയുന്ന ഷിയാസിനെ ഹിമ തന്നെ  അവിടെ നിന്ന് നിരുത്സാഹപ്പെടുത്തി ഓടിക്കുന്നുമുണ്ട് ഒരു പഴയ എപ്പിസോഡില്‍.

എന്നാൽ സാബു അത് സംബന്ധിച്ച് പിന്നീട് നടന്ന ചർച്ചകളിലൊക്കെ തന്‍റെ നിലപാടിൽ ഉറച്ചു നിൽക്കുകയും ഇതാണ് തന്‍റെ സ്ത്രീപക്ഷ രാഷ്ട്രീയം എന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ട് . ഹിമയുടെ ഗതികേടില്‍ അത് അംഗീകരികാതെ വയ്യ എന്നു വരുന്നു. 'എന്നെ മാറ്റാന്‍ നോക്കണ്ട അമ്മാവാ' എന്ന് സാബു പറഞ്ഞാല്‍ പിന്നെ എന്ത് ഫെമിനിസ്റ്റ് വിദ്യാഭ്യാസത്തിനാ സ്കോപ്പ് ഉള്ളത്? 

ഷിയാസിന്റെ തല ഹിമ മസ്സാജ് ചെയ്ത സംഭവം ബഷീർ ബഷി വിലയിരുത്തുമ്പോൾ അതിൽ അയാളുടെ പിന്തിരിപ്പന്‍ രാഷ്ട്രീയം കടന്നു വരുന്നുണ്ട് . ഒരു പ്രാവശ്യം പോലും വിവാഹം കഴിക്കാൻ ആളുകൾ മടിച്ചു തുടങ്ങുന്ന കാലത്ത് രണ്ട് പെണ്ണ് കെട്ടിയ ബഷീർ പോലും ഈ സംഭവത്തെ സദാചാരത്തിന്‍റെ കണ്ണിലൂടെയാണ് വിലയിരുത്തുന്നത്. 'നീയിന്നു ഏത് സോപ്പിട്ടാണ് കുളിച്ചത്' എന്ന് ഷിയാസ് ഹിമയോട് ചോദിച്ചുവെന്ന് വലിയ കുറ്റമായിട്ടാണ് ബഷീർ കൂടെയുള്ളവരോട് പറഞ്ഞ് പരിഹസിച്ചു ചിരിക്കുന്നത്. 

അർച്ചന , പേളി , ശ്രീലക്ഷ്മി , അതിഥി തുടങ്ങിയവരുടെയൊക്കെ ഫെമിനിസം ആദ്യം പറഞ്ഞ സ്ത്രീകളുടെയത്ര തെളിമയുള്ളതും ഷാർപ്പും അല്ല. അതിനാൽ തന്നെ ഈ നടന്ന സ്ത്രീപക്ഷ സമരങ്ങളിലും ഉരസലുകളിലും ഒന്നും ഇവർ വന്നില്ല.  വീട്ടിലെ ജോലികൾ ചെയ്യാൻ ടീം തിരിക്കുമ്പോഴും  അവിടെയും സ്ത്രീ - പുരുഷ ചർച്ചകൾ ഉണ്ട്. അതിൽ ദിയ സന മാത്രം എന്ത് പണി വേണേലും തന്നോ, ഞാൻ ചെയ്യും എന്ന് പറയുന്നുണ്ട്. 

അനൂപ്  ചന്ദ്രൻ , അരിസ്റ്റോ സുരേഷ് എന്നിവർക്ക് സ്ത്രീപക്ഷ രാഷ്ട്രീയമെന്തെന്നും, സ്ത്രീ വിരുദ്ധത എന്തൊക്കെ എന്നും കൃത്യമായ ബോധമില്ലാത്തവരാണ്. സ്ത്രീകൾ കുളിച്ചു വേണം അടുക്കളയിൽ കയറാൻ എന്നും ഹിമ ഇങ്ങനെ ചിരിച്ചു , അങ്ങനെ സംസാരിച്ചു , അർച്ചന കുളിച്ചിട്ടേ അടുക്കളയിൽ കയറു , രഞ്ജിനി അടക്കി ഭരിക്കുന്നു , ഉറക്കെ ചിരിക്കുന്നുവെന്നൊക്കെ ഇവർ ചർച്ച ചെയ്യുന്നതിൽ നിന്നും ഇവരുടെ സ്ത്രീപക്ഷ രാഷ്ട്രീയവും കാഴ്ചപ്പാടും വായിച്ചെടുക്കാവുന്നതേയുള്ളു. അനൂപ് ചന്ദ്രൻ ശ്വേതയെ കുറിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറഞ്ഞെങ്കിലും അതിൽ എന്തെങ്കിലും തെറ്റുണ്ടായിരുന്നുവെന്നു ഇപ്പോഴും വിശ്വസിക്കാത്ത ആളാണ്. സത്യത്തിൽ അനൂപിന് മനസ്സിലായിട്ടുമില്ല അതിലെ സ്ത്രീ വിരുദ്ധത എന്താണെന്ന്. 

സാബു ഫേസ്‌ബുക്കിൽ നടത്തിയിട്ടുള്ള കൂടുതൽ തെറിവിളികളും ഫെമിനിസ്റ്റുകൾക്കും അവർ ഉയർത്തുന്ന രാഷ്ട്രീയത്തിനും എതിരായി തന്നെയായിരുന്നു

എന്നാൽ സാബുവിന് രഞ്ജിനി ടീം ഉയർത്തി പിടിക്കുന്ന ഫെമിനിസമെന്തെന്ന് കൃത്യമായി അറിയാം. തന്‍റേത് അതുമായി ചേരുന്നതല്ലെന്നും അറിയാം. നേരിട്ടൊരു യുദ്ധത്തിന് പോകാത്തപ്പോഴും തന്‍റെ നിലപാടിൽ തന്നെ സാബു ഉറച്ചു നിൽക്കുന്നുമുണ്ട്. ഇന്നലെ ഹിമയോട് അത് സാബു പറയുന്നുമുണ്ട് - ഇതെന്‍റെ രക്തത്തിൽ ഉള്ളതാണ് എന്ന്. ബഷീർ ബഷി തന്‍റെ രണ്ടു വിവാഹവും പ്രണയവുമൊക്കെ മഹത്വവൽക്കരിച്ചു വിവരിക്കാൻ ശ്രമിക്കുമ്പോൾ സാബുവാണ് അതിനെ ചർച്ചക്കെടുക്കാതെ തട്ടി കളയുന്നതും നിസ്സാരവൽക്കരിച്ചു കളയുന്നതും . 

സാബു ഫേസ്‌ബുക്കിൽ നടത്തിയിട്ടുള്ള കൂടുതൽ തെറിവിളികളും ഫെമിനിസ്റ്റുകൾക്കും അവർ ഉയർത്തുന്ന രാഷ്ട്രീയത്തിനും എതിരായി തന്നെയായിരുന്നു . ഇപ്പോൾ ബിഗ് ബോസ്സിൽ സാബു ഇടഞ്ഞു നിൽക്കുന്നതും അതെ രാഷ്ട്രീയത്തിന്‍റെ പേരിൽ തന്നെയാണ്. 

നിങ്ങളിൽ ചിലർക്കെങ്കിലും തോന്നിയിട്ടില്ലേ 'വെറുമൊരു' പെണ്ണായ രഞ്ജിനി എന്തിനിങ്ങനെ ഉറക്കെ ചിരിക്കുന്നുവെന്നും തർക്കിച്ചു ജയിക്കുന്നുവെന്നും? ചിലർക്ക് തോന്നുന്നില്ലേ പെണ്ണായാൽ ഇങ്ങനെ വേണം എന്ന്. അനൂപ് ശ്വേതയുമായി തർക്കമുണ്ടാവുമ്പോൾ നമ്മളും ചേരി തിരിഞ്ഞ് ശ്വേതക്കൊപ്പവും അനൂപിനൊപ്പവും നിൽക്കുന്നില്ലേ ? ഇന്നലെ പലർക്കും തോന്നിയില്ലേ സാബു പറഞ്ഞതാണ് ശരി - ആ ഷിയാസെന്തിനാ പേരിനു മാത്രം തുണിയുടുത്ത് ഹിമയുടെ മുന്നിൽ പാതിരാത്രി പോയി ഇരുന്നത് എന്ന് ? എങ്കിലും ബഷീർ അതിനെ കുറിച്ച് അഭിപ്രായം പറഞ്ഞപ്പോൾ രണ്ടു പെണ്ണ് കെട്ടിയ ഇവനെന്താ ഇത് പറയാൻ യോഗ്യത എന്ന് ?

ഇത്തരം ഫെമിനിസ്റ്റ് ചിന്തകളും ചർച്ചകളും ഷോയിൽ നിറഞ്ഞു നിൽക്കുകയും നമ്മളിൽ അതിന്‍റെ അനുരണനങ്ങൾ ഉയർത്തി വിടുകയും ചെയ്യുന്നത് ഈ ഷോയുടെ ഒരു മെറിറ്റ് ആയി ഞാൻ കാണുന്നു . മംഗലശ്ശേരി നീലകണ്ഠന്മാർ നാടടക്കി വാഴുന്ന ഇക്കാലത്ത് ഇത്തരം ചില ഫെമിനിച്ചി  വീടുകളും നമുക്ക് വേണം. ബിഗ് ബോസ് വീട് എന്നതിനേക്കാളും 'ഫെമിനിച്ചി വീട്' എന്ന പേരാണ് ഈ വീടിനു ചേരുന്നത്. വരും ദിവസങ്ങളില്‍ ആണുങ്ങള്‍ 'ക്ഷ' വരക്കും. ഇത് ചെറിയ കളി അല്ല.

 

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

ബിഗ് ബോസ് റിവ്യൂ.പേളി മാണി

Follow Us:
Download App:
  • android
  • ios