Asianet News MalayalamAsianet News Malayalam

പേളി മാണിക്ക് ഇതെന്തുപറ്റി?

  • ബിഗ് ബോസ് റിവ്യൂ- പേളി മാണി.
  • സുനിതാ ദേവദാസ് എഴുതുന്നു
Bigg Boss review Sunitha Devadas on Pearle Maaney
Author
First Published Jul 13, 2018, 1:10 PM IST

ഒന്നുകില്‍ പേളി മാണി അച്ഛനമ്മമാര്‍ കൊഞ്ചിച്ചു വഷളാക്കിയ, ഒരു കാര്യവും സ്വന്തമായി ചെയ്യാന്‍ പ്രാപ്തിയില്ലാത്ത ഒരു വ്യക്തിയാണ്. 29 വയസ്സിലും കിള്ളകുട്ടിയാവാന്‍ ആഗ്രഹിക്കുന്ന വികാര സ്ഥിരത ഇല്ലാത്ത വ്യക്തി. അല്ലെങ്കില്‍ പേളി മാണി അതി മിടുക്കിയാണ്. ഒന്നുകില്‍ പെട്ടന്ന് ഷോയില്‍ നിന്നും പുറത്തായി മറ്റേ ഷോയില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടി ഒത്തു കളിക്കുന്നു. അല്ലെങ്കില്‍ ആരോ ഉപദേശിച്ചു വിട്ടു, ആദ്യ ആഴ്ചയൊക്കെ പാവം പോലെ ആരുടെയും കണ്ണില്‍ പെടാതെയും ശത്രുവാകാതെയും നില്‍ക്ക്. പിന്നീട് കളിക്കാം എന്ന്. 

Bigg Boss review Sunitha Devadas on Pearle Maaney

ബിഗ് ബോസ് വീട്ടിലേക്ക് പോകുന്നതിനു മുന്‍പ് യുവതയുടെ ചങ്കിടിപ്പായിരുന്നു പേളി മാണി. ഷോയില്‍ പേളി മാണി വരുന്നുവെന്നറിഞ്ഞപ്പോള്‍ പേളിയായിരിക്കും ഷോയുടെ പ്രധാന ആകര്‍ഷണം എന്നും കരുതി. കാരണം ചാനല്‍ ഷോകളിലും അഭിമുഖങ്ങളിലും സിനിമയിലുമൊക്കെ പേളി പ്രകടിപ്പിക്കുന്ന എനര്‍ജി, ഹ്യൂമര്‍ സെന്‍സ്, എന്ത് കാണിക്കാനും മടിയില്ലാത്ത പെരുമാറ്റം, സ്‌റ്റൈല്‍ ഐക്കണ്‍. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ നമ്മള്‍ ആ പേളിയെ കണ്ടതേയില്ല . 

പകരം കണ്ട പേളി, അമ്മയെ കാണണമെന്ന് പറഞ്ഞു കരയുന്നു, അമ്മയോട് മാപ്പ് പറയുന്നു. മൂടിപ്പുതച്ച വസ്ത്രം ധരിച്ചു വൃത്തികേടായി നടക്കുന്നു, ഐസ്‌ക്രീമിനും മിട്ടായിക്കും വാശി പിടിക്കുന്നു, മിട്ടായിയുമായി ഓടി നടക്കുന്നു, കാക്കക്ക് ചോറ് കൊടുക്കുന്നു, ഒരു ഗെയിമില്‍ പങ്കെടുക്കാന്‍ പോയിട്ട് ഒന്നിലും പെടാതെ മാറി നില്‍ക്കുന്നു, ആദ്യ ആഴ്ച ശ്രീലക്ഷ്മിയെ ആശ്രയിച്ചു ജീവിക്കുന്നു, പിന്നീട് രഞ്ജിിനിയേയും ശ്വേതയെയും ആശ്രയിച്ചു ജീവിക്കുന്നു, ഇപ്പോ അരിസ്റ്റോ സുരേഷിനെ ആശ്രയിച്ചു ജീവിക്കുന്നു. 

Bigg Boss review Sunitha Devadas on Pearle Maaney

നല്ല കുട്ടി ഇമേജിന്റെ തടവറയില്‍ കിടന്നു കിതക്കുന്ന പേളിയാണ് ബിഗ് ബോസ് വീട്ടില്‍ ജീവിക്കുന്നത് . 

പ്രേക്ഷകര്‍ അങ്ങേയറ്റം നിരാശരായി. നല്ല കുട്ടി ഇമേജിന്റെ തടവറയില്‍ കിടന്നു കിതക്കുന്ന, ശ്വാസം മുട്ടുന്ന മറ്റൊരു പേളിയാണ് ബിഗ് ബോസ് വീട്ടില്‍ ജീവിക്കുന്നത് . 

പേളിയുടെ അച്ഛന്‍ മോട്ടിവേഷണല്‍ സ്പീക്കറായ മാണിയാണ്. പേളിയും അച്ഛനും കൂടി നടത്തുന്ന 'പോള്‍ ആന്‍ഡ് പേളി മോട്ടിവേഷണല്‍ കമ്പനി'യുടെ ഉടമയും മോട്ടിവേഷണല്‍ സ്പീക്കറും കൂടിയാണ് പേളി.  ആ പേളിയാണിപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ കരഞ്ഞു നടക്കുന്നത്. മോട്ടിവേഷണല്‍ ടിപ്സുകളൊക്കെ മറ്റുള്ളവര്‍ക്ക് ഉപദേശിച്ചു കൊടുക്കാനുള്ളത് മാത്രമെന്നും സ്വന്തം ജീവിതത്തില്‍ അത് പകര്‍ത്താന്‍ ഇതുവരെ കഴിഞ്ഞില്ലെന്നുമാണ് പേളി ഇതുവരെ ആകെ നമുക്ക് മനസ്സിലാക്കി തന്നത്. 

പേരന്റിങ്ങിനെ കുറിച്ചൊക്കെ പേളിയും അച്ഛനും വാ തോരാതെ സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടും കേട്ടിട്ടും ഉണ്ട്. എന്നിട്ടിപ്പോള്‍ 29 കാരിയായ പേളി ബിഗ് ബോസ് വീട്ടില്‍ വന്നു കരയുന്നത്. 'ബിഗ് ബോസിനെ ഭയത്തോടെയാണ് കാണുന്നത്. അമ്മയ്ക്കും സഹോദരിക്കും ഞാന്‍ ഈ  പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ താല്‍പര്യമില്ല . ഒടുവില്‍ ഭയത്താല്‍ പിന്തിരിയരുതെന്ന പിതാവിന്റെ നിര്‍ദേശ പ്രകാരമാണ് ഞാന്‍ ഷോയില്‍ എത്തിയത്. പുറപ്പെടും മുമ്പ് കര്‍ശന നിര്‍ദേശങ്ങളാണ് അമ്മ നല്‍കിയിരിക്കുന്നത്' ഇങ്ങനെയൊക്കെ കരഞ്ഞു മുറവിളി കൂട്ടുന്നത് . 

പേളി ബിഗ് ബോസില്‍ ഇങ്ങനെ പെരുമാറുന്നതിനുള്ള കാരണങ്ങള്‍ ഇവയാവാം:

1. പേളി 'നല്ല കുട്ടി' ഇമേജില്‍ പെട്ട് പോയ ഒരു മനുഷ്യനാണ്. ഷോയില്‍ പേളി പറയുന്നുണ്ട് 'അമ്മേ , ആളുകള്‍ എന്നെ കുറിച്ച് എന്തെങ്കിലും പറയുകയാണെങ്കില്‍ വിഷമിക്കരുത്. ഞാന്‍ നല്ല കുട്ടിയായി ഇരിക്കുന്നു. ഞാന്‍ തിരിച്ചു വന്നിട്ട് അവരോടൊക്കെ  മറുപടി പറഞ്ഞോളാം' എന്നൊക്കെ .

2. പേളി എന്ന വ്യക്തിയുടെ അടിസ്ഥാന വികാരം ഭയമാണ്. പേളിക്ക് എല്ലാത്തിനോടും ഭയമാണ്. ശ്വേത ഒച്ചയിട്ടാല്‍ ഭയം, ആളുകള്‍ എന്ത് കരുതുമെന്നു ഭയം, പരിചയമില്ലാത്തവരെ ഭയം.  ഷിയാസിനെ ഭയന്ന് വാട്ടസ് ആപ് ബ്ലോക്ക് ചെയ്‌തെന്നു പേളി തന്നെ പറയുന്നുണ്ട് .

3. കാമറക്ക് മുന്നില്‍ ജീവിക്കുന്ന പേളിക്ക് കാമറകള്‍ വിശ്വാസവുമില്ല. ഭയവുമുണ്ട്. പേളി ബിഗ് ബോസ് വീട്ടില്‍ വരുന്നത് വരെ പ്രേക്ഷകര്‍ പേളിയെ ആധുനിക വസ്ത്രം ധരിച്ചു മാത്രമേ കണ്ടിട്ടുള്ളു. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ പേളി വലിയ ചുരിദാറൊക്കെ ഇട്ട് ഷാള്‍ എടുത്തു മൂടിപ്പുതച്ചായിരുന്നു മൂന്നാഴ്ചയും നടന്നത്. പേളി കരുതിയിരിക്കുമോ അവളുടെ ഏതൊക്കെയോ ആംഗിള്‍ ക്യാമറകള്‍ ഷൂട്ട് ചെയ്തു പ്രേക്ഷകരെ കാണിക്കുമെന്ന്?

4. മറ്റൊരു ചാനലിന്റെ മികച്ച ഒരു ഷോയുടെ ആങ്കറാണ് പേളി. ഇപ്പോഴും ആ ഷോയ്ക്ക് പുതിയ ആങ്കര്‍ വന്നിട്ടില്ല. പേളിയെ വച്ച് ഷൂട്ട് ചെയ്തത് തന്നെയാണ് ഇപ്പോഴും ടെലികാസ്‌റ് ചെയ്യുന്നത്. തല്ക്കാലം ബിഗ് ബോസ് ഒന്ന് പോയി കണ്ടിട്ട് പെട്ടെന്ന് മടങ്ങി വന്നു ഷോയില്‍ ചേരാമെന്നു പേളി ആ ചാനലിന് വാക്ക് കൊടുത്തിട്ടുണ്ടാവുമോ ? 

5. അഭിനയിക്കുന്നതിനൊക്കെ ഒരു പരിധിയുണ്ടെന്ന് തെളിഞ്ഞ ആഴചയാണ് ഈ ആഴ്ച. ഷോയില്‍ ഷിയാസ് വന്നു കയറിയതോടെ പഴയ പേളി പുറത്തു വന്നിട്ടുണ്ട് . രണ്ടു ദിവസമായിട്ട് ആക്റ്റീവ് ആയ പേളിയെ കാണുന്നുമുണ്ട്. 

Bigg Boss review Sunitha Devadas on Pearle Maaney

പേളി എന്തിനു ബിഗ് ബോസില്‍ വന്നു മൂലക്ക് കൂനിക്കൂടിയിരിക്കണം ?

പേളി പൊതുവെ ഒരു പാവം കുട്ടി ഇമേജ് സംരക്ഷിക്കാന്‍  ശ്രമിക്കുന്നുണ്ടെങ്കിലും അങ്ങനെ ആണ് ആള്‍ എന്ന് തോന്നുന്നില്ല. നടി, അവതാരക എന്നതിനപ്പുറം മോട്ടിവേഷണല്‍ സ്പീക്കര്‍, റെയ്സിംഗ് ഡ്രൈവര്‍, ബൈക്ക് റൈഡര്‍ എന്നീ നിലകളില്‍ അസാമാന്യ പാടവം പേളി മാണിയ്ക്കുണ്ട്. പതിനെട്ട് വയസ്സ് പൂര്‍ത്തിയായ ദിവസം ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാക്കി.  നിരവധി കാര്‍ റാലികളില്‍ പേളി  പങ്കെടുത്തിട്ടുണ്ട്. കാജാ ഐലന്റില്‍ നടന്ന ഒരു ദേശീയ കാര്‍ റാലിയിലെ വിജയിയുമാണ്. 

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നായകനായി അഭിനയിക്കുന്ന പാഡ്മാന്‍  ചിത്രത്തിന്റെ പ്രചാരണത്തിനായി നാപ്കിന്‍ ചലഞ്ചിനെ പരിഹസിച്ചു രംഗത്തു വന്ന ആളാണ് പേളി. ഇതിനെ പരിഹസിച്ചു പേളി മൂക്ക് ചീറ്റല്‍ ചലഞ്ച് തുടങ്ങി വച്ചിരുന്നു. 

കാസ്റ്റിങ് കൗച്ചിനെ കുറിച്ചും പേളി മുമ്പ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. 'കാസ്റ്റിംഗ് കൗച്ച് സിനിമയില്‍ ഉണ്ടാകാം. പക്ഷേ അതൊരു ആണിന്റെ മാത്രം തെറ്റല്ല, പെണ്ണും ചേര്‍ന്ന് ചെയ്യുന്നതാണ്. ആണുങ്ങളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല' എന്നാണ് പേളി പറഞ്ഞത് . 

തന്റെ പ്രണയ തകര്‍ച്ച തുറന്നു പറഞ്ഞ സമയത്തു കുറച്ചു കാലം മുമ്പ് പേളി പറഞ്ഞത് 'എനിക്ക് ഡിപ്രഷന്‍ വന്നിരുന്നു. അകത്ത് ഈ സങ്കടമുള്ളപ്പോള്‍ സ്‌റ്റേജിലൊരു ഷോ ചെയ്യുന്നത് എളുപ്പമായിരുന്നില്ല. പേളി മാണി എപ്പോഴും ചിരിച്ചുകൊണ്ടിരിക്കണമെന്നാണ് പ്രേക്ഷകരുടെ പക്ഷം. എന്തുപ്രശ്നമുണ്ടെങ്കിലും പേളി ചിരിച്ചുകൊള്ളുമെന്നാണ് എല്ലാവരും പറയുന്നത്. എനിക്കും അങ്ങനെ തന്നെയാകണമെന്നാണ് ആഗ്രഹം. പക്ഷെ മേക്കപ്പ് റൂമിലിരുന്ന് കരഞ്ഞിട്ട് പെര്‍ഫോമന്‍സിനായി കയറിയ സന്ദര്‍ഭങ്ങളുണ്ട്. ഈ സമയത്ത് മോട്ടിവേഷന്‍ സ്പീക്കര്‍ കൂടിയായ അച്ഛന്റെ സഹായം തേടിയിട്ടുണ്ട്. ഒരു മുറിവ് വന്നാല്‍ എപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചു കൊണ്ടിരുന്നാല്‍ പിന്നെയും വേദനിക്കുകയേ ഒള്ളൂ. അതുമറന്നുകളയാന്‍ സ്വയം പരിശ്രമിക്കണം. വികാരസ്ഥിരത നമ്മള്‍ സ്വയം ഉണ്ടാക്കിയെടുക്കേണ്ടതാണ്' എന്നാണ് . 

ഒരു പ്രണയത്തകര്‍ച്ചയെ വരെ ധീരമായി നേരിട്ട വ്യക്തി എന്തിനു ബിഗ് ബോസില്‍ വന്നു മൂലക്ക് കൂനിക്കൂടിയിരിക്കണം ?

എലിമിനേഷനില്‍ പേര് വന്നതോടെ പേളി ഒന്ന് ഉഷാറായിട്ടുണ്ട്. മിടുക്കിയായിട്ടുണ്ട്.

ഇങ്ങനൊക്കെ പെരുമാറുന്ന സംസാരിക്കുന്ന പേളി അത്ര പാവം കുട്ടി ഒന്നുമല്ല. നിലപാടുള്ളവള്‍ തന്നെയാണ്. എന്നാല്‍ പാവം കുട്ടി ഇമേജില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നത് കൊണ്ട് പാവം കുട്ടിയും പൊട്ടന്‍കുട്ടിയുമൊക്കെയായി അഭിനയിക്കുകയാണെന്നു കരുതേണ്ടി വരുന്നു. അതിനാല്‍ തന്നെ ബിഗ് ബോസ് വീട്ടില്‍ കാണുമ്പൊള്‍ പേളി മാണി ഫേക്ക് ആണ് എന്ന ധാരണ ഉണ്ടാക്കുന്നുണ്ട് . 

ഒന്നുകില്‍ പേളി മാണി അച്ഛനമ്മമാര്‍ കൊഞ്ചിച്ചു വഷളാക്കിയ, ഒരു കാര്യവും സ്വന്തമായി ചെയ്യാന്‍ പ്രാപ്തിയില്ലാത്ത ഒരു വ്യക്തിയാണ്. 29 വയസ്സിലും കിള്ളകുട്ടിയാവാന്‍ ആഗ്രഹിക്കുന്ന വികാര സ്ഥിരത ഇല്ലാത്ത വ്യക്തി. 

അല്ലെങ്കില്‍ പേളി മാണി അതി മിടുക്കിയാണ്. ഒന്നുകില്‍ പെട്ടന്ന് ഷോയില്‍ നിന്നും പുറത്തായി മറ്റേ ഷോയില്‍ ജോയിന്‍ ചെയ്യാന്‍ വേണ്ടി ഒത്തു കളിക്കുന്നു. അല്ലെങ്കില്‍ ആരോ ഉപദേശിച്ചു വിട്ടു, ആദ്യ ആഴ്ചയൊക്കെ പാവം പോലെ ആരുടെയും കണ്ണില്‍ പെടാതെയും ശത്രുവാകാതെയും നില്‍ക്ക്. പിന്നീട് കളിക്കാം എന്ന്. 

എന്തായാലും എലിമിനേഷനില്‍ പേര് വന്നതോടെ പേളി ഒന്ന് ഉഷാറായിട്ടുണ്ട്. മിടുക്കിയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ പേളി എങ്ങനെ കളിക്കുമെന്നും പെരുമാറുമെന്നും നമുക്ക് നോക്കാം. 

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

Follow Us:
Download App:
  • android
  • ios