ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

By ജ്യോതി രാജീവ്First Published Jun 11, 2018, 6:23 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • ജ്യോതി രാജീവ് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

മഴ നോക്കിയിരിക്കുമ്പോള്‍ തോരാതെ പെയ്യുന്ന മഴയെ നോക്കിയിരിക്കുമ്പോള്‍ ഉള്ളില്‍ മിന്നി മാഞ്ഞു പോകുന്ന ഒരു കുട്ടിക്കാലം ഉണ്ട്, കുട്ടിക്കാലം മാത്രല്ല, പുറകിലോട്ടൊന്നു നടത്താന്‍ മഴയുടെ കൂട്ട് പോലെ മറ്റൊന്നിനും അത്ര എളുപ്പം സാധിക്കില്ല.

എന്ത് മാന്ത്രികവിദ്യയാണാവോ ഈ മഴക്ക് അറിയുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. സിറ്റൗട്ടില്‍ കട്ടന്‍കാപ്പി കുടിച്ച് ഫയലുകളില്‍ മുഖം പൂഴ്ത്തിയിരിക്കുന്ന അപ്പായെ ചിരിച്ച് കാട്ടി മുറ്റത്തെ മഴ നനയുക കുട്ടിക്കാലത്തെ മഴയോര്‍മ്മയാണ്.

കാലങ്ങള്‍ പോകെ, മഴ നോക്കിയിരിക്കുമ്പോള്‍ ചുണ്ടില്‍ തനിയെ ഒരു മൂളിപ്പാട്ട് വിടരും, പിന്നെ ഒരു കുഞ്ഞു പുഞ്ചിരിയും, ആ പുഞ്ചിരിയുടെ വിരലില്‍ തൂങ്ങി എവിടെയൊക്കെയോ ഒന്ന് കറങ്ങി തിരിഞ്ഞ്...

പക്ഷെ, ആ നല്ല ഓര്‍മ്മകളെയൊക്കെയും പെയ്ത് തീര്‍ന്നിരിക്കുന്നു. എല്ലാത്തിനും മുകളില്‍ ഇന്ന് ഒരോര്‍മ്മ മാത്രം.  എറണാകുളം ലിസി ഹോസ്പിറ്റലില്‍ എന്റെ അപ്പയുടെ ചൂടുമാറാത്ത ശരീരവും കെട്ടിപ്പിടിച്ച്  ആര്‍ത്തലച്ച് ഞാന്‍ പെയ്യുമ്പോള്‍ എനിക്കൊപ്പം തോരാതെ പെയ്യുകയായിരുന്ന മഴ. ഏതോ ഭാവനാ സമ്പന്നനായ  സംവിധായകന്റെ മിടുക്ക് പോലെ.

അല്ലെങ്കില്‍ തന്നെ ആകസ്മികതകളുടെ ഘോഷയാത്രയായിരുന്നുവല്ലോ ആ ദിവസങ്ങളില്‍. യാതൊരു മുന്നറിയിപ്പുമില്ലാതെ രണ്ടു ദിവസം എന്റെ കൂടെ നില്‍ക്കാനായ് അപ്പ വരുന്നു. രണ്ട് എന്നത് മൂന്നായി നാലായി. ഇനിയിപ്പോ എല്ലാ മാസവും ഉള്ള പതിവ് മെഡിക്കല്‍ ചെക്കപ്പ് കൂടി കഴിഞ്ഞ് പോകാമെന്ന് എന്നോട് ഇങ്ങോട്ട് പറയുകയായിരുന്നു. ചെറുമക്കളും അപ്പുപ്പനും കൂടി ആകെ സന്തോഷം നിറഞ്ഞ ദിവസങ്ങള്‍.

വഴിയില്‍ അപ്പയ്ക്ക് പെട്ടെന്ന് വയ്യാതായി. നേരെ ലിസി ഹോസ്പിറ്റലിലേക്ക്.

അന്ന് ജൂലൈ 7 ഞായറാഴ്ച മെഡിക്കല്‍ ചെക്കപ്പും കഴിഞ്ഞ് പുറത്തുനിന്ന് രാത്രിഭക്ഷണവും കഴിച്ച് വരാമെന്ന് എല്ലാവരും ഒരുമിച്ച് ഒരു കുഞ്ഞു യാത്ര. കാറില്‍ അപ്പയുടെ ഇഷ്ടത്തിനുള്ള പാട്ടുകള്‍, സി.ഡി  മറന്നത് തിരിച്ച് വിടുതുറന്ന് എടുക്കുകയായിരുന്നു. ചേര്‍ത്തല വരെ പാട്ടും പഴയ കാര്യങ്ങളും തമാശകളും. കെ.വി.എമ്മില്‍ ചെക്കപ്പ് കഴിഞ്ഞതും ഏറെ പരിചയമുള്ള സ്ഥിരം ഡോക്ടര്‍ എന്തോ തിരക്ക് കാരണം ഉടനെ  വീട്ടില്‍ പോയി. 

അവിടുന്നിറങ്ങിയതും ആ  വലിയ മഴ തുടങ്ങി, എത്ര പെട്ടെന്നാണ് ആ മഴ പെയ്തത്. പിന്നീടത് തോര്‍ന്നതേയില്ല.

വഴിയില്‍ അപ്പയ്ക്ക് പെട്ടെന്ന് വയ്യാതായി. നേരെ ലിസി ഹോസ്പിറ്റലിലേക്ക്.  ചിരിച്ചുകൊണ്ട് നടന്നാണ് അപ്പ ഐ.സി.സി.യുവില്‍ കയറിയത്. ഇടയില്‍ കയറി ഞാന്‍ കണ്ടതാണ്.  അപ്പോഴും ചിരിച്ച് മിണ്ടിയതാണ്.. പിന്നെന്തേ...... അറിയില്ല.

ദിവസങ്ങളോളം മഴയായിരുന്നു. ബോധാബോധങ്ങള്‍ക്കിടയില്‍ എപ്പഴൊക്കെയോ ഞാനുണര്‍ന്നപ്പോഴൊക്കെയും മഴ  തന്റെ വിരലുകള്‍ നീട്ടി തൊട്ടു. ആ ദിവസങ്ങളിലൊന്നിലാണ് മഞ്ഞയും തവിട്ടും നിറമുള്ളൊരു ചിത്രശലഭം എനിക്കുമുന്നിലൂടെ ഇടക്കിടെ പാറി നടന്നതും. പ്രപഞ്ചം എന്നാല്‍ അപ്പാ ആയിരുന്നു. 'അപ്പയാണ് എന്നെ പ്രസവിച്ചത്' എന്ന് അഹങ്കരിച്ചു നടന്നവള്‍, ആ വിരല്‍ത്തുമ്പിന്റെ ബലത്തിലാണ് ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും അതിജീവിച്ചത്. എത്ര പെട്ടെന്നാണ് അനാഥത്വത്തിന്റെ മഴച്ചാറ്റലുകളിലേക്ക് എടുത്തെറിയപ്പെട്ടത്..

അപ്പ നനയാത്ത മഴയില്ല,, ഒരു കുടചൂടി മഴയത്ത് അപ്പയെ കണ്ടിട്ടില്ല. നനഞ്ഞ് വരും. എന്നിട്ടൊരു ചിരിയാണ്. പറയുന്ന വഴക്കൊക്കെയും മിണ്ടാതെ കേട്ടുനില്‍ക്കും.  ചെറ്യകുട്ടിയെ പോലെ... ഒടുക്കം പോകുമ്പോഴും  അതാവും അകമ്പടിയായ് മഴ.

പിന്നീടുള്ള ഓരോ മഴക്കാലവും ആ ഓര്‍മ്മകളെയും എടുത്തിട്ടാണ് വരിക. തോരാതെ പെയ്യുന്ന മഴയില്‍ ആംബുലന്‍സില്‍  ഉറങ്ങിക്കിടന്ന അപ്പയ്‌ക്കൊപ്പം തിരികെ വീടെത്തിയത്. ഇന്നുകളില്‍ മഴക്കാലത്ത് ഓര്‍മ്മകളുടെ കുത്തൊഴുക്ക് താങ്ങാനാവാതെ മരുന്നുകളില്‍ അഭയം തേടുന്നു.

ഇതെഴുതുമ്പോള്‍ ഈ രാവിലും തോരാതെ പെയ്യുന്നുണ്ട് മഴ.

അകത്തും പുറത്തും മഴയാണ്, നനയുകയാണ്...

ഇനിയും തോരാത്ത മഴകള്‍

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!
 

click me!