Asianet News MalayalamAsianet News Malayalam

കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • കന്നി എം എഴുതുന്നു
rain notes kanni M

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

rain notes kanni M

മഴയുള്ളപ്പോള്‍ അതുവരെയും കടല്‍ കാണാന്‍ പോയിട്ടില്ലായിരുന്നു. നാട്ടില്‍ കടല്‍ത്തീരങ്ങളില്‍ പലപ്പോഴും പോവാറുണ്ടെങ്കിലും അന്നേവരേയ്ക്കും മഴ പെയ്യുമ്പോഴുള്ള കടലിന്റെ ഗര്‍വ്വ് കാണാനൊന്നും ഒത്തിട്ടില്ല. പഠനവും ജോലിയുമായി മൂന്ന് വര്‍ഷം കഴിഞ്ഞ ഒരു നഗരത്തില്‍ നിന്ന് മറ്റൊരു വെളിച്ചം കണ്ട് ഇറങ്ങിപ്പോന്ന കാലമാണ്. അവിടെയുള്ളപ്പോള്‍ തന്നെ വളരെ കുറച്ചു തവണയേ കടല്‍ കാണാന്‍ പോയിട്ടുള്ളൂ. ഇപ്പോഴും ഒറ്റയ്ക്കാ ബീച്ചുവരെ പോവാനെനിക്ക് കഴിയുമെന്നുറപ്പില്ല, വഴിതെറ്റും. കൂട്ടുകാര്‍ക്കൊപ്പം നടന്ന വഴിയും വളവും ആകെ മറവിയില്‍ കുഴഞ്ഞുമറിഞ്ഞ് കിടപ്പാണ്. പത്രപ്രവര്‍ത്തനജോലിക്കാലത്ത് വണ്ടി കാത്തിരുന്നിട്ടുണ്ടവിടെ. എട്ടൊന്‍പത് മണിയായിക്കാണുകയേയുള്ളൂ, ഇരുട്ടു മൂടി കിടന്ന ഒരു പ്രദേശം അലകളാല്‍ ജീവനുണ്ടെന്നറിയിച്ചുകൊണ്ടിരുന്നു. പൊതുവില്‍ മനുഷ്യര്‍ക്കിടയില്‍ ചലിക്കുകയോ ശബ്ദം ജനിപ്പിക്കുകയോ ചെയ്ത് സദാ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ നിങ്ങളുടെ നിലനില്‍പ്പിന് അംഗീകാരം ലഭിക്കൂ. അത്തരം സമ്പ്രദായങ്ങളെല്ലാം കടല്‍ എന്തിനാണ് സ്വയം ചുമന്നിരിക്കുക എന്നൊക്കെ അവിടെയിരുന്ന് വെറുതെ ഓര്‍ത്തു.

കടല്‍ നോക്കി നോക്കി നിന്ന് അതിന്റെ പ്രശാന്തതയാല്‍, ഉള്ളിലെ വലിയ ശൂന്യതയാല്‍ കരഞ്ഞുപോയിട്ടുണ്ട് പലവട്ടം. ചെറു തോണിയില്‍ പോകുന്ന മീന്‍പിടുത്തക്കാരനെ നോക്കി, തിരയെ അഭിമുഖീകരിക്കുമ്പോഴത്തെ അയാളുടെ ആത്മവിശ്വാസം കണ്ട് കണ്ണ് കടലായി പോയ സമയമെല്ലാം ഉണ്ടായിട്ടുണ്ട്. ആരൊക്കെയോ ഉണ്ടെന്ന് തോന്നിപ്പിച്ച ആ നഗരം വിട്ട് ആഴ്ചകള്‍ കഴിഞ്ഞ് ,താമസസ്ഥലത്തുനിന്ന് സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവെക്കാന്‍ കൂടിയുള്ള വരവായിരുന്നു പിന്നീട്. കൂട്ടുകാരെ കൂട്ടി കടല്‍ കാണാന്‍ പോകാമെന്ന തോന്നലിലാണ് പുറപ്പെട്ടത്. രണ്ടാഴ്ച മുമ്പേ അവരോടത് പറഞ്ഞുവെച്ചതുമായിരുന്നു. നാലഞ്ച് പെണ്ണുങ്ങള്‍ ഒരുമിച്ചിരിക്കുമ്പോഴെന്ത് രസമായിരിക്കുമെന്നെല്ലാം ഓര്‍ത്തിട്ടാവണം അങ്ങനെ നിശ്ചയിച്ചിട്ടുണ്ടാവുക. ദിവസമടുത്തു. തലേന്ന് ഞാന്‍ പറയുമ്പോള്‍ അതില്‍ പലര്‍ക്കും ജോലിത്തിരക്ക്. എന്നാലും ഒരാള്‍ ഉണ്ടാവുമെന്ന് എനിക്ക് ഏതാണ്ട് ഉറപ്പുണ്ടായിരുന്നു. ഞാനും എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും കൂടിയാണ് അങ്ങോട്ട് പുറപ്പെട്ടത്. വര്‍ഷങ്ങളായുള്ള കൂട്ടായതിനാല്‍ പ്രത്യേകിച്ച് ഒന്നും ഞാനവളോട് പറയേണ്ടതില്ലായിരുന്നു. വാ പോവാം എന്ന് പറയുകയേ വേണ്ടിയിരുന്നുള്ളൂ. 

മഴക്കാലമായിരുന്നു. പൊതുവെ വെയിലിഷ്ടപ്പെടുന്നയാളെന്ന നിലയ്ക്ക് മഴക്കാലം മാനം പൊത്തിപ്പെയ്യുന്ന സങ്കടങ്ങളുടെ ഋതുവാണെനിക്ക്. പക്ഷെ ഞങ്ങളവിടെ ബസിറങ്ങിയപ്പോഴൊന്നും പെയ്യുന്നുണ്ടായിരുന്നില്ല. ഒരു ഓട്ടോയില്‍ ബീച്ചിലേക്ക് പുറപ്പെട്ടു. പെയ്യണോ വേണ്ടയോ എന്ന സംശയത്തില്‍ മേഘം അന്തിച്ചു നില്‍ക്കുന്നുണ്ട്. പെയ്യാനിടയില്ല. വണ്ടിയില്‍ കയറിയ ഉടന്‍ ഞാന്‍ വരാമെന്നേറ്റ ചങ്ങാതിയെ വിളിച്ചു. ഇല്ല..വരുന്നില്ല എന്നാണ് മറുപടി. സത്യത്തില്‍ വലിയ മനപ്രയാസം തോന്നി. എനിക്ക് വേണ്ടി തരണമെന്ന് ഞാനെന്നോ പറഞ്ഞേല്‍പ്പിച്ച സമയമാണത്. ആരുമില്ലെന്ന സ്ഥിതിയായി. കണ്ണ് നിറഞ്ഞ് ഞാന്‍ അടുത്തിരുന്ന കൂട്ടുകാരിയെ നോക്കി. അവളെല്ലാം പെട്ടെന്ന് വായിച്ചെടുക്കും. സാരമില്ല. നമുക്ക് പോകാം. നമുക്ക് തിരിച്ചു മറ്റെവിടെയെങ്കിലും പോവാമെന്ന് പറഞ്ഞുനോക്കി. അതിനെന്താ നമ്മള്‍ രണ്ടുപേര്‍ മാത്രം പോയാല്‍ കടലവിടെ കാണില്ലേ എന്നൊരു തര്‍ക്കുത്തരം കൊണ്ടെന്റെ കരച്ചിലവള്‍ ദിശമാറ്റിവിട്ടു. മഴ പെയ്താല്‍ നിങ്ങളോടേണ്ടിവരും കേട്ടോ എന്നൊരു ഭീഷണി ഓട്ടോ ഡ്രൈവറും തന്നു. പെയ്യുമ്പോഴല്ലേ ചേട്ടാ സാരമില്ലെന്നായി അവള്‍. കരയാഞ്ഞിട്ടെനിക്ക് വീര്‍പ്പുമുട്ടുന്നുണ്ടായിരുന്നു. പക്ഷെ അപ്പോഴെന്തോ കടല്‍ കാണണമെന്ന് ഒരു വാശി തോന്നി.

ആളുകള്‍ തീരെ കുറവാണ്. മൂന്നോ നാലോ പേര്‍ കുറേയകലെ.

ചെന്നിറങ്ങുമ്പോള്‍ ആളുകള്‍ തീരെ കുറവാണ്. മൂന്നോ നാലോ പേര്‍ കുറേയകലെ. തണുത്ത കാറ്റിങ്ങനെ വീശുന്നുണ്ടായിരുന്നു. കുറേ നേരം കടല്‍ നോക്കി നിന്നു. അവള്‍ ക്യാമറയെടുത്ത് കടലിനടുത്ത് പോയി പടമെടുക്കാന്‍ തുടങ്ങി. കാറ്റ് കൂടി വന്നു. വെളിച്ചം കെട്ടുതുടങ്ങി. ആകാശം ചാരനിറം പൂശി നില്‍ക്കുന്നു. എന്റെ കണ്ണടയുടെ ചില്ലില്‍ ഉപ്പുള്ള തണുത്ത കാറ്റ് മറ തീര്‍ത്തുകൊണ്ടിരുന്നു. ചെറുതായി മഴ ചാറിതുടങ്ങിയിരുന്നു. ഞാന്‍ കണ്ണടയൂരി ബാഗിലിട്ടു. മഴത്തുള്ളി കാറ്റിനൊപ്പം വന്ന് മുഖത്ത് കുത്തുന്നുണ്ട്. അവളതിനിടെ എപ്പോഴോ എന്റെയൊരു പടമൊക്കെയെടുക്കുകയും ചെയ്തു. ഉള്ളിലെ കടല്‍ അന്നേരമെല്ലാം പ്രക്ഷുബ്ധമായിരുന്നു. വല്ലാത്ത ആത്മനിന്ദ തോന്നിയ ദിവസമാണന്ന്. അത്രയും കാലം പങ്കുവെച്ച ചങ്ങാത്തം വലിയ പൂജ്യമാണെന്നൊക്കെയുള്ള തോന്നലില്‍ നീറി ഞാന്‍ നിന്നു. മഴയും കാറ്റും ശക്തിപ്പെട്ടു. അവള്‍ ക്യാമറ വേഗം ബാഗില്‍ വെച്ച് കരയിലേക്ക് കയറി നിന്നു. കടല്‍ വല്ലാതെ ബഹളം വെക്കുന്നു. മഴ ഒരു കടലിന്റെ ചെറിയ മൊട്ടുകളാണെന്ന് ആലോചിക്കാന്‍ രസമാണ്. വേഗം കുടയെടുത്തു തുറന്നു പിടിച്ചു. അപ്പോഴേക്കും അപ്പുറത്തുണ്ടായിരുന്നവരെല്ലാം പോയിട്ടുണ്ട്. കാറ്റ് കുട പിടിച്ച് വലിക്കുന്നു. മഴ കൂടുകയും ഞങ്ങള്‍ കാറ്റിന്റെ ശക്തിയില്‍ കുടക്കൊപ്പം നീങ്ങിപ്പോയി. കടല്‍ കുറേക്കൂടി ഉച്ചത്തില്‍ ബഹളം വെക്കാന്‍ തുടങ്ങി. പിന്‍വാങ്ങാതെ തരമില്ലെന്നോര്‍ത്ത് ഞങ്ങളോടി.. മഴയത്ത് കുടയും പിടിച്ച് ഉണ്ടായിരുന്ന സകല സങ്കടങ്ങളേയും കാറ്റിലഴിച്ചുവിട്ട് നിര്‍ത്താതെ പൊട്ടിച്ചിരിച്ചുകൊണ്ട് കുടക്കൊപ്പം ഞങ്ങളോടി. മനുഷ്യരുടെ കാല്‍പ്പാടുകള്‍ മണ്ണില്‍ അലകള്‍ തീര്‍ത്തിരുന്നു. ഓടുമ്പോള്‍ ഞങ്ങളതിന്റെ ചുഴികളില്‍ വീണുപോവുമോ എന്ന് പേടിച്ചു. ആര്‍ത്തുചിരിച്ച് ഞങ്ങളോടി റോഡുവക്കിലെത്തി. അവിടെയുണ്ടായിരുന്ന ആരൊക്കെയോ ഞങ്ങളെ നോക്കി. എന്നിട്ടും ചിരിയടക്കാനാവാതെ തിരക്കില്ലാത്ത റോഡിലൂടെ പിന്നെയുമോടി. അപ്പോഴേക്കും അതുവഴി വന്ന ടൗണ്‍ ബസിന് കൈകാണിച്ച് ഓടിക്കയറി അതിലിരുന്നും ചിരിച്ചുകൊണ്ടിരുന്നു. ചിരിച്ചുകിതച്ചുകൊണ്ടിരുന്നു...

ഇനിയുമങ്ങനെയൊരു വൈകുന്നേരം ജീവിതത്തില്‍ സംഭവിക്കുമോ എന്നെനിക്കറിയില്ല. രാവും പകലും പോലല്ലല്ലോ, വൈകുന്നേരങ്ങള്‍ വല്ലപ്പോഴല്ലേ ഉണ്ടാവാറുള്ളൂ. പൊതുവില്‍ അന്തര്‍മുഖരായ കൂട്ടര്‍ എത്ര പണിപ്പെട്ടാണ് പൊതുസമൂഹത്തിന്റെ ചതുരങ്ങളില്‍ നിന്ന് സൗഹൃദം സ്ഥാപിച്ചെടുക്കുന്നുണ്ടാവുക എന്ന് പലര്‍ക്കും ധാരണയില്ല. അന്തര്‍മുഖത്വത്തില്‍ നിന്ന് മനപ്പൂര്‍വം പുറത്തുവന്ന് ചെറിയ ചലനങ്ങളിലൂടെ സ്നേഹം പ്രസരിപ്പിക്കാനും സൗഹൃദം അനുഭവിക്കാനും ആശിക്കുന്നവരില്‍ ഒരാളാണ് ഞാനെന്ന അപകര്‍ഷത എന്നെയിന്നും വേട്ടയാടുന്നുണ്ട്. അതിനിടയിലുണ്ടായിട്ടുള്ള ചെറിയ വേദനകളും തിരസ്‌കാരങ്ങളും പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്റെ പരിണാമത്തെ ത്വരിതപ്പെടുത്തിയെന്നും വേണമെങ്കില്‍ പറയാം. ആ വൈകുന്നേരം പ്രകൃതിയുമായി ഞാനേര്‍പ്പെട്ട ഭാഷണങ്ങള്‍ എത്ര പ്രധാനപ്പെട്ടതായിരുന്നുവെന്ന് ഞാനോര്‍ക്കുന്നുണ്ട്. ഓരോ തുള്ളിയും എന്നെ തണുപ്പിച്ചിരിക്കണം. കാറ്റെന്റെ ഭാരത്തെയാകെ ചുഴറ്റിയെറിഞ്ഞുകാണണം. കടലിലെ ചെറുവള്ളങ്ങള്‍ എനിക്ക് ആത്മവിശ്വാസം തന്നിട്ടുണ്ടാവണം. 

ഇന്നോര്‍ക്കുമ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ദിവസമാണത് എനിക്കും അവള്‍ക്കും.

ഇനിയും തോരാത്ത മഴകള്‍

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്
 

Follow Us:
Download App:
  • android
  • ios