Latest Videos

പാതിരാമഴയത്തെ പുഴയില്‍ ചൂണ്ടയിട്ടിരുന്നിട്ടുണ്ടോ?

By കെ.വി വിനോഷ്First Published Jun 13, 2018, 4:16 PM IST
Highlights
  • ആ മഴ ഇനിയും തോര്‍ന്നിട്ടില്ല
  • കെ.വി വിനോഷ് എഴുതുന്നു

ഉള്ളിലുണ്ടാവും, തോരാതെ ചില മഴകള്‍. മഴക്കാലങ്ങള്‍. മഴയോര്‍മ്മകള്‍. മഴയനുഭവങ്ങള്‍. അവ എഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ് ജക്ട് ലൈനില്‍ മഴ എന്നെഴുതാന്‍ മറക്കരുത്.

ഇടവപ്പാതിയിലെ ഈ നനുത്ത സന്ധ്യയിൽ എന്റെ ജാലകങ്ങൾക്കപ്പുറം മഴ പെയ്തുകൊണ്ടേയിരിക്കുന്നു...

പ്രിയ സുഹൃത്തേ. മൃതിസ്പർശമേറ്റു വീണുപോകുംവരെ  എന്നിൽ നിന്നടർന്നു പോവുകയില്ലാത്ത ചില ഓർമ്മകളെ വീണ്ടും നിന്റെ മുൻപിൽ   അടയാളപ്പെടുത്തുകയാണ്. മഴ, പ്രണയത്തിന്‍റെ പ്രതീകം മാത്രമാണെന്ന് നിന്നോട് ആരാണ് പറഞ്ഞത്? അവൾക്കെന്നും പ്രണയ ചൂരു മാത്രമേയുള്ളൂവെന്ന് ആരാണ് നിന്നെ  പറഞ്ഞു പറ്റിച്ചത്? ഒരു പ്രണയിനിയുടെ ഭാവത്തിനുമപ്പുറം, കാരുണ്യവും, കരുതലും പോലുള്ള മറ്റു ചില വൈകാരിക ഭാവങ്ങൾ കൂടി അവളിൽ കുടികൊള്ളുന്നുണ്ടെന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.

അറിയുമോ, എത്രയോ ഇടവപ്പാതികളിൽ മഴയെത്തുന്നതും നോക്കി ഞാൻ കാത്തിരുന്നിട്ടുണ്ടെന്ന്? ബാല്യത്തിൽ വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാറാവുമ്പോൾ  എനിക്കും അനുജത്തിക്കും ബാഗും, കുടയും, പുസ്തകങ്ങളും വാങ്ങിക്കാൻ വഴിയില്ലാതെ ഉഴറുമ്പോൾ 'ഇടവപ്പാതി വേഗം വരട്ടെ' എന്നച്ഛൻ പിറുപിറുക്കുന്നതിൽ നിന്നുമാണ് ഞാനുമാ ഇടവപ്പാതിയെ കാത്തിരിക്കാൻ തുടങ്ങിയത്.

കോരുവലകൊണ്ടു മീനുകളെ കോരിയെടുത്ത് അച്ഛൻ സഞ്ചിയിലിടും.

ഇടവപ്പാതിയിൽ മഴ തകർത്തു പെയ്യുമ്പോൾ, വെള്ളാനിമലയിൽ നിന്നും മഴവെള്ളം വലിയതോടിലൂടെ ആർത്തലച്ചുവന്ന് മണലിപ്പുഴയിലേക്കു കുത്തിച്ചാടുമ്പോൾ, അവിടെയാ കലങ്ങി മറിഞ്ഞ പുതുവെള്ളത്തിൽ ഏറ്റു മീനുകൾ ചാടിമറിയും!! വെള്ളം കുത്തിച്ചാടുന്ന പാറക്കുഴിയിൽ, ഒരു ഭാഗത്തു നിന്ന് കോരുവലകൊണ്ടു മീനുകളെ കോരിയെടുത്ത് അച്ഛൻ സഞ്ചിയിലിടും. അത് കൊടുത്തു കിട്ടുന്ന പണം കൊണ്ടാണ് ഞങ്ങളുടെ കുഞ്ഞു കുഞ്ഞു സ്വപനങ്ങൾ പൂവണിയുന്നത്.

അങ്ങനെയാണ് മഴ ഞങ്ങളുടെ തുച്ഛമായ സ്വപ്നങ്ങളിൽ വർണ്ണങ്ങൾ ചാലിക്കാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ വേനലവധിയുടെ അവസാനമാകുമ്പോഴേക്കും ഞാൻ മഴയെ കാത്തിരിക്കാൻ തുടങ്ങി. എന്റെ കൊച്ചു വീട്ടിൽ സന്ധ്യക്ക്‌ വിളക്ക് കൊളുത്തുമ്പോൾ എന്റെ പ്രാർത്ഥന മഴയ്ക്ക് വേണ്ടിയായിരുന്നു. സ്കൂൾ തുറക്കുന്നതിന് തൊട്ട് മുൻപ് ചിലപ്പോൾ പാടത്ത് പശുക്കളെയും മേച്ചു നടക്കുമ്പോഴാവും ഇടവപ്പാതി തിമിർത്തു പെയ്യാൻ തുടങ്ങുന്നത്. നെറുകയിൽ വീഴുന്ന മഴത്തുള്ളികൾക്ക് കനം വെക്കുംതോറും എന്റെയുള്ളിൽ  ആഹ്ലാദം നുരഞ്ഞു പൊന്തും. എനിക്കറിയാം അപ്പോൾ മുതൽ ഞാനെന്ന കുഞ്ഞിന്റെ കൊച്ചു സ്വപ്‌നങ്ങളിൽക്കൂടി മഴ പെയ്യുമെന്ന്. 

നെറുകയിൽ നിന്നും മൂർദ്ധാവിലൂടൊഴുകി, മൂക്കിൻതുമ്പിലൂടെ ചുണ്ടിലേക്കിറ്റു വീഴുന്ന മഴത്തുള്ളികളെ നാവുനീട്ടി തൊട്ടെടുക്കുമ്പോൾ അതിനെന്റെ സ്വപ്നങ്ങളുടെ ഇത്തിരി സ്വാദുണ്ടാവുമായിരുന്നു. അച്ഛന്റെ കൂടെ ഞാനും പോവാറുണ്ട് പുഴയിലേക്ക്. അവിടെ വെള്ളത്തിലേക്ക് നീണ്ടു തള്ളി നിൽക്കുന്ന ഒറ്റപ്പാറപ്പുറത്ത് കമ്പിയൊടിഞ്ഞ കുടയും ചൂടി കലങ്ങി മറിഞ്ഞെത്തുന്ന പുഴയെയും നോക്കിയങ്ങനെ ഇരിക്കും. എന്റെ ശ്രദ്ധ മുഴുവൻ അച്ഛൻ വല കോരുന്നതിലാവും.

ഓരോ കോരലിലും മീൻ കിട്ടണമെന്ന് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും.

ഓരോ കോരലിലും മീൻ കിട്ടണമെന്ന് പ്രാർത്ഥിച്ചുകൊണ്ടേയിരിക്കും. മീൻ കൂടുതൽ കിട്ടിയാൽ സ്ഥിരം ഇടുന്ന കറുത്ത നിറമുള്ള വള്ളിച്ചെരുപ്പിന് പകരം, നടക്കുമ്പോൾ ചെളിതെറിക്കാത്ത ഒരു പ്ലാസ്റ്റിക് ചെരുപ്പ് വാങ്ങണം. ചോറുംവറ്റുകൊണ്ടൊട്ടിക്കുന്ന നെയിം സ്ലിപ്പുകൾക്ക് പകരം കൂട്ടുകാരുടെ കയ്യിലുള്ളപോലത്തെ തനിയെ ഒട്ടുന്ന സ്റ്റിക്കർ നെയിംസ്ലിപ് വാങ്ങണം. പറ്റിയാൽ ഞെക്കുമ്പോൾ നിവരുന്നൊരു കുടവാങ്ങണം.

എല്ലാം പറയുന്നത് മഴയോടാണ്. അവളെപ്പോഴും  കൂടെതന്നെയുണ്ടാകും. അവൾ നേർത്തു പെയ്യാൻ തുടങ്ങുമ്പോൾ ഞാൻ പറയും, 

''മഴേ... നീ ആർത്തലച്ചു തന്നെ പെയ്യണം, 
ഇവിടെ പെയ്തില്ലെങ്കിലും-
വെള്ളാനി മലയിലെങ്കിലും പെയ്യണം.
കുട്ടികൾ പറഞ്ഞാൽ നീ കേൾക്കണം.
വെള്ളം  കലങ്ങി മറിഞ്ഞു തന്നെ വരണം.
മീനുകൾ നിറയെ  തുള്ളി കളിക്കണം,
വല നിറയണം.
എനിക്ക് പുസ്തകങ്ങൾ വാങ്ങണം,
ചെരുപ്പ് വാങ്ങണം 
ചോറ്റുപാത്രം വാങ്ങണം
ബാഗ് വാങ്ങണം,
അതോർമ്മവേണം."

കുറച്ചു കൂടി വലുതായപ്പോഴാണ് രാത്രിയിലും കൂടി പുഴയിലേക്ക്  പോവാൻ തുടങ്ങിയത്. രാത്രി മുഷിയും വരാലും കിട്ടും. പക്ഷെ പുഴയോരത്ത് രാത്രിയേറെയാകുമ്പോൾ മഴയുടെ തണുപ്പിൽ അച്ഛൻ തണുത്തു വിറക്കാൻ തുടങ്ങും. വീട്ടിൽ പോയി ചായ കൊണ്ട് വരാം എന്ന് പറഞ്ഞാലും ആദ്യമൊന്നും അച്ഛൻ സമ്മതിക്കാറില്ലായിരുന്നു. പിന്നെ കുറച്ചുകാലം കൂടി  കഴിഞ്ഞ് ഞാൻ അല്പംകൂടി വലുതായപ്പോൾ എന്നെ ഒറ്റയ്ക്ക് വിടാൻ  സമ്മതിച്ചുതുടങ്ങി. 'ടോർച്ചടിച്ചു പോകണം, വെട്ടുകത്തി കയ്യിൽ പിടിക്കണം, കാലുകൊണ്ട് ഭൂമിയിൽ ആഞ്ഞു ചവിട്ടി നടക്കണം' എന്നൊക്കെ അച്ഛൻ  പറയും.

സത്യത്തിൽ എനിക്ക് ഉള്ളിൽ നല്ല പേടിയാണ്. പുഴയിൽ  നിന്നും വീട്ടിലേക്ക് കുറെ ദൂരമുണ്ട്. കുറഞ്ഞത് മുക്കാൽ കിലോമീറ്ററോളം. തീർത്തും വിജനമായ ഒരു ചാലിൻ വരമ്പ്‌. ഇരുഭാഗത്തും പറമ്പുകളും പാടവും മാത്രം. പകൽ പോലും ഭയം ജനിപ്പിക്കുന്ന ഒന്ന്.

സുഹൃത്തേ....
പാതിരാത്രിയിൽ മഴക്കാലത്തു നീ വിജനമായ വയൽ വരമ്പിലൂടെ ഒറ്റയ്ക്ക് നടന്നിട്ടുണ്ടോ? ജാതിമരങ്ങളും തെങ്ങുകളും കവുങ്ങുകളും  ഗ്രാമ്പൂ മരങ്ങളും വാഴത്തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന നിബിഡമായൊരു പറമ്പിനോരത്തുകൂടി ഏകനായി  സഞ്ചരിച്ചിട്ടുണ്ടോ? ചുറ്റുപാടുനിന്നും ഉയരുന്ന നിരവധി ശബ്ദങ്ങളിൽ തവളയുടെയും, വേർതിരിച്ചറിയാനാവാത്ത മറ്റെന്തൊക്കെയോ ജീവികളുടെയും ശബ്ദം ഒരു കൗമാരക്കാരന്റെ ഉള്ളിൽ സൃഷ്ടിക്കുന്നത് ഭയമെന്ന വികാരം തന്നെയാണ്.

ഒടിയന്റെയും തെണ്ടന്റെയും യക്ഷിയുടേയുമൊക്കെ കഥകളാണ് അപ്പോളോർമ്മ വരിക

ഒരു മൂന്ന് കട്ട ടോർച്ചിന്റെ വെളിച്ചത്തിൽ നടക്കുമ്പോൾ, വെളിച്ചമെത്താത്ത പൊന്തപടർപ്പിൽ നിന്നും താഴെ ചാലിലെ വെള്ളത്തിലേക്ക് പൊടുന്നനെ ആഞ്ഞു ചാടുന്ന വലിയ മഞ്ഞത്തവളകൾ ഉണ്ടാക്കുന്ന ശബ്ദം പോലും നെഞ്ചിൽ സൃഷ്ടിക്കുന്നത് ഒരു ആന്തലാണ്.

തലയുയർത്തി എന്നെ  നോക്കി  താഴേക്ക് ഊർനിറങ്ങി പോകുന്ന നീർക്കോലി, പാമ്പുകൾ! കാർമേഘങ്ങൾക്കിടയിൽ നിന്ന് ഇടയ്ക്കു തല കാണിക്കുന്ന ചന്ദ്രികയിൽ മഴനനഞ്ഞ വാഴപ്പട്ടകൾ ഉണ്ടാക്കുന്ന നിഴലുകൾ. കാറ്റിൽ മരങ്ങളും വാഴപട്ടകളും ഉലയുമ്പോൾ സൃഷ്ടിക്കപ്പെടുന്ന ശബ്ദങ്ങൾ. പറഞ്ഞുകേട്ടിട്ടുള്ള ഒടിയന്റെയും തെണ്ടന്റെയും യക്ഷിയുടേയുമൊക്കെ കഥകളാണ് അപ്പോളോർമ്മ വരിക.

ആ കഥകൾക്കൊക്കെ ഇത്ര ഭീകരതയുണ്ടെന്ന് അപ്പോഴാണ് ഓർത്തുപോകുന്നത്. പക്ഷെ ഭയക്കാൻ വയ്യ. ഇത് അതിജീവനത്തിന്റെ പ്രശ്നമാണ്. അപ്പോൾ ഞാൻ മഴയെ കൂട്ടിനു വിളിക്കാൻ തുടങ്ങി. അല്ലെങ്കിൽ, അവൾ വരുന്ന വരെ കാത്തിരിക്കാൻ തുടങ്ങി. മഴ പെയ്യുമ്പോൾ അവളെ കൂട്ട് പിടിച്ചു വീട്ടിലേക്കു പോരും. മഴയോട് ആർത്തലച്ചു പെയ്യാൻ പറയും. മഴയുടെ ശബ്ദത്തിൽ മറ്റെല്ലാ ശബ്ദങ്ങളും അമർന്നു പോകും. ഞാൻ മഴയോട് സംസാരിച്ച് അവളിലലിഞ്ഞു നടക്കും.

രാത്രിമഴയും, കുഞ്ഞേടത്തിയും കോതമ്പുമണികളും തുടങ്ങി കുറേ കവിതകൾ എനിക്ക് പറ്റുന്നപോലൊക്കെ അവളെ ചൊല്ലിക്കേൾപ്പിച്ചത് അത്തരം യാത്രകളിലാണ്. വീടെത്തുന്നത് അറിയുക പോലുമില്ല. വീട്ടിലെത്തി 'അമ്മ വച്ചുതരുന്ന ചൂടുചായ ചോറ്റുപാത്രത്തിലാക്കി മഴയുടെ കൂടെ തിരികെ പോകും. 'ഒറ്റക്ക് നീ തിരിച്ചു പോവോ' എന്ന് 'അമ്മ ചോദിക്കുമ്പോൾ 'പോവാം അമ്മേന്നു' ഒറ്റവാക്കിൽ മറുപടി കൊടുക്കും. പക്ഷെ ഒരിക്കലും ഒറ്റക്കാണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. അല്ലാ, ഒരിയ്ക്കലും ഒറ്റക്കായിരുന്നുമില്ല. എന്നെ ചേർത്തുപിടിച്ചുകൊണ്ട് മഴ എന്നും കൂടെയുണ്ടായിരുന്നുവല്ലോ.

അങ്ങനെ എത്രയെത്ര രാത്രികളിൽ മഴയോട് ചേർന്ന് നടന്നിരിക്കുന്നു. എത്രയെത്ര സ്വപ്‌നങ്ങൾ ഞാൻ മഴയോട് ചേർത്ത് വെച്ചിരിന്നു!

ഇന്നീ മുറിയിലെ ജാലകപ്പടിയിൽ മഴയുടെ ഹൃദയമിടിപ്പും തൊട്ടിരിക്കുമ്പോൾ നെഞ്ചിൽ കൈവച്ചു തന്നെ പറയട്ടെ, വള്ളിച്ചെരുപ്പും നിറം മങ്ങിയ യൂണിഫോമുമായി സ്കൂളിലേക്ക് പോയിരുന്ന ഒരു കൊച്ചുകുട്ടിയുടെ ഇത്തിരി സ്വപ്നങ്ങളെ മഴയോളം അടുത്തറിഞ്ഞ മറ്റാരുമില്ല...

 

ഇനിയും തോരാത്ത മഴകള്‍

ധന്യ മോഹന്‍പെരുമഴയത്തൊരു കല്യാണം!

ജില്‍ന ജന്നത്ത്.കെ.വി: പെണ്‍മഴക്കാലങ്ങള്‍

ജാസ്മിന്‍ ജാഫര്‍: എന്‍റെ മഴക്കു‍ഞ്ഞുണ്ടായ കഥ...

നിഷ മഞ്‌ജേഷ്: മഴയോടും കാറ്റിനോടും തോറ്റുപോയൊരു  വീട്

കന്നി എം: കാറ്റ് കുട പിടിച്ച് വലിക്കുന്നു;  കടല്‍ ഞങ്ങളെയും!

ജ്യോതി രാജീവ്: ആ മഴ നനയാന്‍ അപ്പ ഉണ്ടായിരുന്നില്ല

സ്മിത അജു: ഇടുക്കീലെ മഴയാണ് മഴ!
 

click me!